മരണകാരണമാകുന്ന മൂന്നാമത്തെ രോഗം, അവബോധം കുറയുന്നത് പ്രധാന വെല്ലുവിളി; സിഒപിഡി, ശ്രദ്ധിക്കേണ്ടത്

ലോകത്ത് മരണകാരണമായേക്കാവുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനമാണ് സിഒപിഡിക്ക് (Chronic Obstructive Pulmonary Disease) ഉള്ളത്. രോഗം സംബന്ധിച്ച് അവബോധം പരത്തുന്നതിനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നതിനുമായാണ് നവംബർ പത്തൊമ്പത് സിഒപിഡി ദിനമായി ആചരിക്കുന്നത്. ‘ഷോർട്ട് ഓഫ് ബ്രെത്, തിങ്ക് സിഒപിഡി’ എന്നതാണ് ഈ വർഷത്തെ സിഒപിഡി ദിനത്തിന്റെ തീം. ശ്വാസതടസ്സം സിഒപിഡിയുടെ പ്രാരംഭ ലക്ഷണമായേക്കാം, കരുതൽ വേണമെന്നാണ് തീമിലൂടെ ഉദ്ദേശിക്കുന്നത്.
ശ്വാസനാളങ്ങള്‍ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണിത്. സിഒപിഡി ബാധിച്ച് ഇന്ത്യയിൽ പ്രതിവർഷം ആറുലക്ഷത്തോളം പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാപകമായി കാണപ്പെടുന്നുവെങ്കിലും രോഗത്തെക്കുറിച്ച് അവബോധം കുറവാണ് എന്നതാണ് പ്രധാന വെല്ലുവിളി. രോഗികളില്‍ 86.5 ശതമാനവും പുകവലിക്കാരോ പുകവലിക്കുന്നയാളില്‍ നിന്നുള്ള പുക നിരന്തരം ശ്വസിക്കുന്നവരോ ആണ്. കരിമരുന്ന് പ്രയോഗം, കൊതുകുതിരികള്‍, വിറകടുപ്പില്‍നിന്നുള്ള പുക, അഗര്‍ബത്തികളുടെ പുക എന്നിവയും രോഗകാരണമാവാറുണ്ട്. ടി.ബി. അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും രോഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണ്.
സിഒപിഡി
സിഒപിഡി അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന ദീർഘകാല ശ്വാസതടസ്സ രോഗം പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ്. മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു വില്ലൻ രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്നം.
രോഗകാരണങ്ങൾ
- പുകവലി ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡി. ഉണ്ടാകാൻ കാരണമാകുന്നു.
- സ്ത്രീകളിലും സിഒപിഡി ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽ നിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.
- നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും സിഒപിഡിക്ക് കാരണമാകും.
പ്രധാന ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസം മുട്ടൽ എന്നിവയാണ്. വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.
ചികിത്സാരീതികൾ
പുകവലി നിർത്തുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. രോഗികൾക്ക് ബ്രോങ്കോ ഡയലേറ്റേഴ്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സിഒപിഡി രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷനുകൾ എടുക്കേണ്ടതാണ്. ഇൻഫ്ളുവൻസ, ന്യുമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളുടെയും കൈകാലുകളുടെ പേശികളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.
Content Highlights: Understand Chronic Obstructive Pulmonary Disease (COPD). Learn about its causes, symptoms like breathlessness, and prevention tips to safeguard your respiratory health.