ആറുവയസ്സുകാരന്റെ തലയിൽ 8 cm മുഴ, അടിയന്തര ശസ്ത്രക്രിയ; കുട്ടികളിലെ ബ്രെയിൻ ട്യൂമറിൽ ശ്രദ്ധവേണം

കഴിഞ്ഞ വർഷത്തെ വേൾഡ് ബ്രെയിൻ ട്യൂമർ ദിനത്തിൽ കുഞ്ഞുങ്ങളിലെ ബ്രെയിൻ ട്യൂമറും അനുബന്ധമായ ശസ്ത്രക്രിയകളെ കുറിച്ചും ഒരു ചടങ്ങിൽ സംസാരിക്കാനുണ്ടായിരുന്നു. അതിനുവേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ദിവസങ്ങളിലൊന്നിലാണ് ആദിത്യൻ (ശരിയായ പേരല്ല) എന്റെ ഒ. പി. യിൽ വന്നത്. ഒപ്പം അമ്മയും അച്ഛനുമുണ്ട്. ആദിത്യന് ആറ് വയസ്സ് മാത്രമേ പ്രായമുള്ളൂ. പെട്ടെന്ന് തലകറങ്ങി വീണതാണ്. അപസ്മാരവും സംഭവിച്ചു.
കുറച്ച് നാളുകളായി ആദിത്യന് തലവേദനയുണ്ട്. കുറച്ച് ഡോക്ടർമാരെയൊക്കെ കാണിച്ചു. പക്ഷെ കുഞ്ഞായിരുന്നതിനാൽ അത്ര ഗൗരവത്തിലുള്ള ചികിത്സ ആദിത്യന് ലഭിച്ചിരുന്നില്ല. തലവേദനയുടെ ലക്ഷണങ്ങളും മറ്റും പറഞ്ഞപ്പോൾ ഞാൻ പ്രിപ്പയർ ചെയ്തുകൊണ്ടിരിക്കുന്ന വിഷയവുമായി ബന്ധമില്ലേ എന്ന് ഒരു സംശയം. റിസ്കെടുക്കാനാകില്ലല്ലോ, പെട്ടെന്ന് തന്നെ എം ആർ ഐ എടുക്കാൻ പറഞ്ഞു.
എന്റെ സംശയം ശരിയായിരുന്നു. ആദിത്യന്റെ തലയോട്ടിക്കുള്ളിൽ ഒരു മുഴ വളർന്നിട്ടുണ്ട്. അൽപ്പം വലിയ മുഴതന്നെയാണ്. 6 വയസ്സുകാരന്റെ തലയ്ക്കുള്ളിൽ 8 സെന്റിമീറ്റർ വലുപ്പമുള്ള മുഴ. വെള്ളം നിറഞ്ഞ് പൊട്ടാനായിരിക്കുന്നു. ഏത് നിമിഷവും പൊട്ടാവുന്ന ഒരു ബോംബായിരുന്നു അത്. പൊട്ടിക്കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനാവില്ല. അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണം. ഒരു ദിവസം പോലും മാറ്റിവെക്കാനാവില്ല. വീട്ടുകാരോട് കാര്യം പറഞ്ഞു. ഉടൻ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു.
ക്രാനിയോഫാറിഞ്ചിയോമ എന്ന ഗണത്തിൽ പെടുന്ന മുഴയായിരുന്നു അത്. ശ്ശേഷ്മഗ്രന്ഥി എന്നറിയപ്പെടുന്ന പിറ്റിയുറ്ററി ഗ്രന്ഥിക്ക് സമീപമാണ് ഈ മുഴകൾ വളരുക. ചെറിയ വലുപ്പം മാത്രമുള്ള മുഴകളാണെങ്കിൽ പോലും അവ ക്രാനിയൽ ധമനികളെയും എൻഡോക്രൈൻ സംവിധാനത്തെയുമൊക്കെ ബാധിക്കും. ഇത് ശരീരത്തിന്റെ ഹോർമോൺ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യും. പത്ത് ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം വരുന്ന അസുഖമാണിത്. ഈ സാഹചര്യത്തിലാണ് 8 സെന്റിമീറ്റർ വലുപ്പമുള്ള മുഴയുമായി ആദിത്യൻ ജീവിക്കുന്നത്. അതി സങ്കീർണ്ണമായിരുന്നു ശസ്ത്രക്രിയ, എങ്കിലും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു.
കുട്ടികളിലെ ബ്രെയിൻ ട്യൂമറുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദിത്യന്റെ തലച്ചോറിലെ മുഴ ഒരു സുപ്രഭാതംകൊണ്ട് ഉണ്ടായതല്ല. വളരെ സമയമെടുത്ത് ക്രമാനുഗതമായി വളർന്ന് വന്നതാണ്. വളർച്ചയുടെ ഈസമയങ്ങളിലെല്ലാം പലതരത്തിലുള്ള ലക്ഷണങ്ങൾ അവൻ പ്രകടിപ്പിച്ചിരിക്കാം. ദൗർഭാഗ്യവശാൽ അത് ശരിയായി അഡ്രസ്സ് ചെയ്യപ്പെടാതെ പോയതിനാലാണ് ഇത്രയും വലിയ സങ്കീർണ്ണതകൡലേക്ക് എത്തിച്ചേർന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് രോഗനിർണ്ണയം നടത്തി ചികിത്സ ആരംഭിക്കുക എന്നത് തന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രധാനം.
രണ്ട് തരത്തിലുള്ള മുഴകളാണ് തലച്ചോറിൽ കാണുക. അർബുദം ഉൾപ്പെടെയുള്ള അവസ്ഥകൾക്ക് കാരണമാകുന്ന അപകടകരമായ മുഴകളും, അപകടകരമല്ലാത്ത മുഴകളുമാണ് ഇവ. പ്രാരംഭ ലക്ഷണങ്ങൾ ഇവ ശ്രദ്ധയിൽപെട്ടാൽ തന്നെ ഉടൻ വിദഗ്ദ്ധനായ ഡോക്ടറെ സന്ദർശിക്കണം. പൊതുവായ ലക്ഷണങ്ങൾ ഇനി പറയുന്നു.
ഓക്കാനവും ഛർദ്ദിയും തലച്ചോറിലെ മുഴകളുടെ പ്രധാന ലക്ഷണമാണ്. സ്ഥിരമായ തലവേദനയാണ് മറ്റൊരു ലക്ഷണം. ഇത്തരം തലവേദനയുടെ തീവ്രത പൊതുവെ രാവിലെയാണ് അധികമായി കാണപ്പെടുന്നത്. തലച്ചോറിൽ മുഴയുള്ളവരിൽ ചിലപ്പോൾ ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥയും കാണപ്പെടാറുണ്ട്. പെരുമാറ്റത്തിലെ അസ്വാഭാവികത മറ്റൊരു ലക്ഷണമാണ്. മൂഡ് സ്വിങ്ങ് അനുഭവപ്പെടുക, ഉൾവലിയുക, അക്രമണ സ്വഭാവം കാണിക്കുക തുടങ്ങിയ മാറ്റങ്ങളും ശ്രദ്ധിക്കണം. അപസ്മാരവും തലച്ചോറിലെ മുഴകളുടെ പ്രധാന ലക്ഷണങ്ങളാണ്.
(ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ ന്യൂറോസര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് & ഹെഡ് ആണ് ലേഖകൻ)
Content Highlights: A 6-year-old`s near-fatal brain tumor highlights the importance of early detection