ദിവസവും ചിയ സീഡ്‌ കഴിക്കാറുണ്ടോ? ഈ നാല് രോഗാവസ്ഥയുണ്ടെങ്കിൽ ശ്രദ്ധവേണം; ഡോക്ടറെ സമീപിക്കാം

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍. ഒട്ടേറെ പോഷകഗുണങ്ങളുള്ള ഒന്നാണിത്. മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞന്‍ വിത്തുകള്‍.

എന്നാൽ, ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചിയ വിത്തുകൾ എല്ലാവർക്കും കഴിക്കാവുന്ന ഒന്നല്ല. കാരണം, ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള നാരുകൾ അല്ലെങ്കിൽ രക്തസമ്മർദ്ദത്തിൽ ഇത് ചെലുത്തുന്ന സ്വാധീനം ചിലപ്പോൾ സങ്കീർണതകൾക്ക് കാരണമായേക്കാം. ചിയ വിത്തുകൾ കഴിക്കാൻ പാടില്ലാത്ത രോഗാവസ്ഥകൾ എതെല്ലാമാണെന്ന് പരിശോധിക്കാം.

കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ

അമിത രക്തസമ്മർദ്ദമുള്ളവർക്ക് ചിയ വിത്തുകൾ ഗുണകരമാകുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരിൽ ഇത് വിപരീതഫലം ഉണ്ടാക്കിയേക്കും. ചിയ വിത്തുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. അതിനാൽ, ഇവ ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികൾക്ക് പ്രയോജനകരമായേക്കാം. എന്നാൽ, രക്തസമ്മർദ്ദം കുറവുള്ളവരിൽ, ചിയ വിത്തുകൾ രക്തസമ്മർദ്ദം വീണ്ടും കുറച്ചുകൊണ്ട് തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ചിയ വിത്തുകൾ ഒഴിവാക്കണം. കാരണം, ഇത് മരുന്നുകളുടെ ഫലത്തെ ബാധിക്കുകയും അമിതമായ രക്തസ്രാവത്തിന് ഇടയാക്കുകയോ ചെയ്തേക്കാം. ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാലാണിത്. ഇവയ്ക്ക് സ്വാഭാവികമായി രക്തം കട്ടപിടിക്കുന്നത് തടയാനുള്ള കഴിവുണ്ട്. അത്തരം വ്യക്തികൾ ഭക്ഷണക്രമത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതാണ്.

വൃക്കരോഗമുള്ളവർ

ചിയ വിത്തുകളിൽ പൊട്ടാസ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത വൃക്കരോഗമുള്ള വ്യക്തികളിൽ ഈ ധാതുക്കളുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. പൊട്ടാസ്യത്തിന്റെ അമിതമായ ഉപയോഗം hyperkalemia എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇതിന് പുറമെ, ചിയ വിത്തുകളിൽ ഓക്സലേറ്റുകളും കൂടുതലാണ്. ഈ സംയുക്തം വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.

ദഹനപ്രശ്നങ്ങളുള്ളവർ

ഏകദേശം രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹന ആരോഗ്യത്തിന് നല്ലതാണെങ്കിലും അവയുടെ അമിതമായ ഉപയോഗം ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കും. ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ, ചിയ വിത്തുകളിലെ ഉയർന്ന ഫൈബർ വയറുവീർക്കുക, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Learn about the potential risks of consuming chia seeds for individuals with low blood pressure, on blood thinners, kidney disease, or digestive issues. Consult a doctor.