'40 കിലോ കുറച്ചത് കുത്തിവെപ്പിലൂടെയല്ല’; വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഭൂമി പെഡ്നേക്കർ.

ബോളിവുഡ് താരം ഭൂമി പെഡ്നേക്കറുടെ ശാരീരിക മാറ്റം പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഭാരം കുറഞ്ഞതിന് പിന്നിൽ ഒസെംപിക് പോലുള്ള മരുന്നുകളോ ശസ്ത്രക്രിയയോ ആണെന്ന തരത്തിലുള്ള പ്രചരണങ്ങളോട് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. നടി സോഹ അലി ഖാനുമായുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിനിടയിലാണ് ഭൂമി മനസ്സുതുറന്നത്.
തന്റെ ആദ്യ ചിത്രമായ 'ദം ലഗാ കെ ഹൈഷ'യ്ക്ക് ശേഷം ഭൂമി ഏകദേശം 30 കിലോയോളം കുറച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുന്ന ആളാണ് താനെന്നും താരം പറഞ്ഞു. എന്നാൽ ആളുകൾ കരുതുന്നത് കുത്തിവെപ്പുകളിലൂടെയല്ലാതെ തടി കുറയ്ക്കാൻ കഴിയില്ലെന്നാണ്. ഇത് തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നും ഭൂമി വ്യക്തമാക്കി.
തന്റെ പുതിയ കഥാപാത്രത്തിന് വേണ്ടി തടി കുറച്ചിരുന്ന സമയത്താണ് ഭൂമിക്ക് ഡെങ്കിപ്പനി പിടിപെട്ടത്. "ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ 12 കിലോയോളം ഭാരമാണ് എനിക്ക് കുറഞ്ഞത്. മുടി പകുതിയോളം കൊഴിഞ്ഞുപോയി. അസഹനീയമായ വേദനയിലൂടെയാണ് ഞാൻ കടന്നുപോയത്"- ഭൂമി ഓർത്തെടുത്തു.
ദില്ലിയിലെ സ്ത്രീകൾ നേരിട്ട് വന്ന് താൻ 'ഒസെംപിക്' (Ozempic) അല്ലെങ്കിൽ 'മൗഞ്ചാരോ' തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. താൻ വാരിയെല്ല് നീക്കം ചെയ്തിട്ടുണ്ടോ എന്ന് പോലും പലരും സംശയിക്കുന്നു.
"ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തരം മരുന്നുകളുടെ സഹായം തേടുന്നവരെ ഞാൻ കുറ്റപ്പെടുത്തില്ല. എന്നാൽ ഞാൻ 40 കിലോയിലധികം കുറച്ചത് യാതൊരുവിധ കുത്തിവെപ്പുകളുടെയും സഹായമില്ലാതെയാണ് എന്നതാണ് സത്യം," ഭൂമി പറഞ്ഞു.
ഒസെമ്പിക് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
വയറുനിറഞ്ഞുവെന്ന തോന്നലുളവാക്കുന്ന GLP-1 എന്ന ഹോർമോണിനെപ്പോലെയാണ് മരുന്ന് പ്രവർത്തിക്കുക. കുറച്ച് ആഹാരം കഴിക്കുമ്പോൾത്തന്നെ ഈ തോന്നൽ വരുത്താൻ ഇവയ്ക്ക് കഴിയും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇത് ഇൻസുലിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
- ആമാശയത്തിൽ നിന്ന് ഭക്ഷണം പുറത്തുപോകുന്നത് സാവധാനത്തിലാക്കുന്നു. ഭക്ഷണം ആമാശയത്തിൽ നിന്ന് പുറത്തുപോകാൻ കൂടുതൽ സമയമെടുക്കുന്നു. ഇത് ഭക്ഷണം കഴിച്ചതിന് ശേഷം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ കാരണമാകും.
- ഉയർന്ന അളവിൽ ഉപയോഗിക്കുമ്പോൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തത്ഫലമായി ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഒസെമ്പിക് നിർണായകമാകും.
Content Highlights: Bhumi Pednekar addresses rumors about Ozempic and surgery for her weight loss.