ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം കടുക്കുന്നു: 24 മണിക്കൂറിനിടെ ഏഴ് കുട്ടികൾ കൂടി മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (മീസിൽസ്) രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ ഏഴ് കുട്ടികൾ കൂടി മരണപ്പെട്ടതോടെ നിലവിലെ രോഗവ്യാപനത്തിൽ ആകെ മരിച്ചവരുടെ എണ്ണം 1,196 ആയി ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനെ (ഡി.ജി.എച്ച്.എസ്) ഉദ്ധരിച്ച് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം പുതിയ മരണങ്ങൾ അഞ്ചാംപനി സംശയത്തിലുള്ളവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അഞ്ചാംപനി സംശയത്തിലുള്ള ആകെ മരണം 1,092 ആയി. സ്ഥിരീകരിച്ച മരണങ്ങൾ 104 ആണ്.
പ്രതിരോധവും പ്രതിസന്ധിയും
ഏപ്രിൽ മാസം മുതൽ യൂനിസെഫ് വഴി വാക്സിൻ സംഭരണം പുനരാരംഭിക്കുകയും അടിയന്തര വാക്സിനേഷൻ ഡ്രൈവുകൾ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്നതായതിനാൽ പകർച്ചവ്യാധി പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ലെന്ന് ഡി.ജി.എച്ച്.എസ് മുൻ രോഗനിയന്ത്രണ ഡയറക്ടർ ബെനസീർ അഹമ്മദ് വ്യക്തമാക്കി.
കുട്ടികൾവാക്സിൻ എടുത്തു കഴിഞ്ഞാൽ ആവശ്യമായ പ്രതിരോധശേഷി ലഭിക്കാൻ മൂന്നുമുതൽ നാലാഴ്ച വരെ സമയമെടുക്കും. അതിനാൽ നിലവിലെ രോഗവ്യാപനവും ആശുപത്രി പ്രവേശനവും മരണനിരക്കും കുറഞ്ഞത് ഒരു മാസമെങ്കിലും ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ മുഷ്താഖ് ഹുസൈൻ ചൂണ്ടിക്കാട്ടി.
വാക്സിനേഷൻ കവറേജിലുണ്ടായ വീഴ്ചകളും രോഗികളെ കൃത്യസമയത്ത് കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും ആശുപത്രി മാനേജ്മെന്റിലുമുണ്ടായ വീഴ്ചകളുമാണ് രോഗം ഇത്രയധികം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ബംഗ്ലാദേശിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധികളിലൊന്നാണ് 2026-ലെ അഞ്ചാംപനി വ്യാപനമെന്ന് രാജ്യാന്തര സംഘടനയായ ഗ്ലോബൽ സെന്റർ ഫോർ ഡെമോക്രാറ്റിക് ഗവേണൻസ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Total death toll reaches 1,196 due to the measles outbreak in Bangladesh in 2026