മാരക മസ്തിഷ്കാർബുദത്തെ സ്വന്തമായി വികസിപ്പിച്ച ചികിത്സയിലൂടെ തോൽപിച്ച് ഡോക്ടർ !

റിച്ചാർഡ് സ്കോല്യർ| Photo: X/Richard Scolyer
റിച്ചാർഡ് സ്കോല്യർ| Photo: X/Richard Scolyer

അപകടകാരിയായ മസ്തിഷ്കാർബുദത്തോട് പോരാടി ജീവിതം തിരികെപ്പിടിക്കുന്ന റിച്ചാർഡ് സ്കോല്യർ എന്ന പ്രൊഫസറുടെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ‍ഡോക്ടറായ ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ച ചികിത്സയിലൂടെയാണ് മാരക മസ്തിഷ്കാർബുദത്തെ തോൽപിച്ചത്. 

​ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്തിഷ്കാർബുദമാണ് റിച്ചാർഡിനെ ബാധിച്ചത്. രോ​ഗം സ്ഥിരീകരിക്കുമ്പോൾ അമ്പത്തിയേഴ് വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അപകടകാരിയായ ഈ അർ‌ബുദം ബാധിച്ചാൽ അതിജീവിക്കാനുള്ള സാധ്യത വെറും പന്ത്രണ്ടുമാസമാണ്. എന്നാൽ ഈ മേഖലയിലെ അറിവുവച്ച് സ്വയം ചികിത്സ വികസിപ്പിക്കുകയായിരുന്നു റിച്ചാർഡ്. മെലനോമ റിസർച്ചിലുള്ള ​വൈദ​ഗ്ധ്യം വച്ച് പരീക്ഷണാത്മകമായി 
ഇമ്മ്യൂണോതെറാപ്പി ചികിത്സ സ്വീകരിക്കുകയായിരുന്നു കക്ഷി. 

ഓസ്ട്രേലിയയിലെ മെലനോമ ഇൻസ്റ്റിറ്റ്യൂട്ടിലെ ​സഹസ്ഥാപകൻ കൂടിയായ റിച്ചാർഡ് അതേ സ്ഥാനത്തിരിക്കുന്ന സുഹൃത്തും സഹപ്രവർത്തകയുമായ പ്രൊഫസർ ജോർജിന ലോങ്ങിനൊപ്പമാണ് ചികിത്സ വികസിപ്പിച്ചത്. ഇമ്മ്യൂണോതെറാപ്പിയുടെ സാധ്യത വർധിപ്പിക്കുന്ന ചികിത്സാരീതിയാണ് റിച്ചാർഡിന്റേതെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. ചികിത്സയ്ക്കു പിന്നാലെ കരളിന് പ്രശ്നങ്ങൾ, ന്യുമോണിയ തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഒരുവർഷത്തിനുള്ളിൽ തന്നെ അവയെല്ലാം ഭേദമാവുകയും കാൻസർ മുക്തമാവുകയും ചെയ്തുവെന്ന് റിച്ചാർഡ് പറയുന്നു.

ചികിത്സയ്ക്കുശേഷം സ്കാനിങ് ചെയ്യുമ്പോൾ താൻ മുമ്പത്തേക്കാൾ സമ്മർദത്തിലായിരുന്നുവെന്ന് റിച്ചാർഡ് പറഞ്ഞു. എന്നാൽ ഫലം കണ്ടതോടെ താൻ അത്രയേറെ സന്തോഷത്തിലായി. തന്റെ അർബുദം പൂർണമായും പോയെന്ന് പറയുകയല്ല, പക്ഷേ ഇതുവരെയും തിരിച്ചുവന്നില്ല എന്നതാണ് സന്തോഷിപ്പിക്കുന്ന കാര്യമെന്നും കുടുംബത്തിനൊപ്പം ഇനിയും കുറച്ചുസമയം കൂടി ജീവിക്കാനാവുമെന്നും റിച്ചാർഡ് പറഞ്ഞു. 

നോവൽ ഇമ്മ്യൂണോതെറാപ്പി ചികിത്സാരീതിയാണ് റിച്ചാർഡ് സ്വീകരിച്ചത്. ഒരുകൂട്ടം മരുന്നുകൾക്കൊപ്പം ഇമ്മ്യൂണോതെറാപ്പിയും ചെയ്യുമ്പോൾ മികച്ച ഫലം ലഭിക്കുന്നുവെന്ന് ഇവരുടെ സംഘം കണ്ടെത്തി. തന്റെ ട്യൂമറിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള വ്യക്തി​ഗതമായി വികസിപ്പിച്ച ആദ്യത്തെ വാക്സിൻ സ്വീകരിച്ചയാളും റിച്ചാർഡാണ്. ഇതും കാൻസറിനോട് പൊരുതുന്നതിന്റെ ആക്കംകൂട്ടി.

റിച്ചാർഡിന്റെ ആയുസ്സ് നീട്ടുക എന്നതായിരുന്നു ചികിത്സയുടെ പ്രാഥമികലക്ഷ്യമെങ്കിൽ കൂടുതൽ വിശാലമായ ക്ലിനിക്കൽ ട്രയലുകൾ നടത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ചികിത്സയ്ക്കൊടുവിൽ ചെയ്ത എം.ആർ.ഐ. സ്കാനിങ്ങിൽ ട്യൂമറിന്റെ ശേഷിപ്പുകളൊന്നും കണ്ടില്ല. 

മെലനോമ രം​ഗത്തെ ​അതിശയിപ്പിക്കുന്ന കണ്ടെത്തലുകളുടെ പേരിൽ ഈ വർഷം ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയിരുന്നയാളുമാണ് റിച്ചാർഡ്. 

എന്താണ് ഇമ്മ്യൂണോതെറാപ്പി?

കാൻസറിനെ തുരത്താൻ ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ചികിത്സാരീതിയാണിത്. കാൻസർ കോശങ്ങളെ കണ്ടെത്താനും അതിനെതിരെ പ്രവർത്തിക്കാനും ഇമ്മ്യൂണോതെറാപ്പി രോ​ഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നു. കാൻസർ സെല്ലുകളെ കൃത്യമായി തിരിച്ചറിയാനും അതിനെ ഫലപ്രദമായി നശിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ. പലതരത്തിലുള്ള ഒരുകൂട്ടം മരുന്നുകളാണ് ഇമ്മ്യൂണോതെറാപ്പിയിൽ നൽകുന്നത്. 

Content Highlights: australian doctor beats brain cancer with self invented treatment