15 മാസത്തിനിടെ അർജുൻ ശരീരഭാരം കുറച്ചു, അമ്പരപ്പിക്കുന്ന രൂപമാറ്റം; ജീവിതചര്യ ഇങ്ങനെ

അർജുൻ കപൂർ | Photo: Screengrab: bollywoodcelebritiesfamily, Instagram: editorji
അർജുൻ കപൂർ | Photo: Screengrab: bollywoodcelebritiesfamily, Instagram: editorji

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അർജുൻ കപൂർ. കുട്ടിക്കാലത്ത് അമിതഭാരമുണ്ടായിരുന്ന അർജുൻ പിന്നീട് നടത്തിയ രൂപമാറ്റം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. 15 ‌മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു അർജുൻ ശരീരഭാരം കുറച്ചത് എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.  ഇക്കാലയളവിൽ ഏകദേശം 50 കിലോ ശരീരഭാരം അർജുൻ കുറച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

'അമിതഭാരമുള്ള കുട്ടിക്കാലത്തും നടക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊരു വ്യായാമവുമില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇന്നും ശരീരഭാരം കുറയ്ക്കേണ്ടി വരുമ്പോൾ പുറത്തിറങ്ങി നടക്കണമെന്ന് ഓർക്കാറുണ്ട്. ശാരീരികമായി സജീവമായിരിക്കുക. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് വെറുതെയിരുന്നിട്ട്  ശരീരഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടരുത്.'- അർജുൻ പറയുന്നു. 

താനൊരു ഭക്ഷണപ്രിയനാണെന്നും ആരോ​ഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ ജങ്ക് ഫുഡ് ഉപേക്ഷിച്ചുവെന്ന് നേരത്തെ അർജുൻ വെളിപ്പെടുത്തിയിരുന്നു. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കി. അവയ്ക്ക് പകരമായി പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അർജുന്റെ ജീവിതചര്യ അദ്ദേഹംതന്നെ നേരത്തെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട പോലുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുമെന്നും അതിനുശേഷം വർക്കൗട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30-ഓടെയാണ് ഉച്ചഭക്ഷണം. Greek Souvlaki Wrap ആണ് പലപ്പോഴും ഉച്ചഭക്ഷണം. 

വൈകീട്ട് ലഘുഭക്ഷണമായി കഴിക്കുന്നത് ടർക്കി സുഷിയാണ്. പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണിത്. അതിനുശേഷം വീണ്ടും ജിമ്മിൽ പോകുന്നു. അത്താഴത്തിന് ടർക്കിഷ് കബാബ്, പുതിന ചട്ണി, പച്ചക്കറികൾ എന്നിവയാണ് പതിവെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു. 

Content Highlights: How Arjun Kapoor Lost 50 Kg In 15 Weeks