മരണസംഖ്യയിൽ എലിപ്പനിക്കും മുന്നിൽ, സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം

#Health Desk
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva, മാതൃഭൂമി ആർക്കൈവ്സ്
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva, മാതൃഭൂമി ആർക്കൈവ്സ്

ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം. ഈവർഷം മാത്രം 20 പേർ മരിച്ചു. ഈമാസം മരിച്ച മൂന്നുപേരിൽ രണ്ടും ആലപ്പുഴ ജില്ലക്കാർ. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗവ്യാപന ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല.

വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്ജ്വരം കൂടാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ചൂടാകുമ്പോൾ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങൾ അമീബിക് മസ്തിഷ്കജ്ജ്വരത്തിനു കാരണമാകുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവയുടെ ആവാസകേന്ദ്രമാകും. അതിനാൽ, ശുദ്ധമല്ലാത്ത ഈ വെള്ളത്തിൽ കുളിക്കുകയോ മുഖംകഴുകുകയോ ചെയ്താലും രോഗം പടരാം.

നിലവിൽ ജില്ലയിൽ ഈ രണ്ടു സൂക്ഷ്മജീവികളിൽനിന്ന് രോഗം പിടിപെട്ടിട്ടുണ്ട്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതിലൂടെ അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തും. മലിനമായ വെള്ളക്കെട്ടുകളിലും മറ്റു ജലസ്രോതസ്സുകളിലും രോഗകാരിയായ നെഗ്ലേറിയ ഫൗളേരി, അക്കാന്തമീബ എന്നിവയുണ്ടാകും.

ശരീരത്തിൽ പ്രവേശിച്ച് അഞ്ചുമുതൽ 12 വരെ ദിവസത്തിനുള്ളിൽ രോഗലക്ഷണമുണ്ടാകും. സാധാരണ മസ്തിഷ്കജ്ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്നു മൂർച്ഛിക്കുകയും ലക്ഷണങ്ങൾ തീവ്രമാകുകയും മരണം സംഭവിക്കുകയും ചെയ്യും.

എലിപ്പനി, ഡെങ്കിപ്പനി എന്നിവ പിടിപെട്ടാണ് സംസ്ഥാനത്ത് ഇതിനു മുൻപ് കൂടുതൽ മരണമുണ്ടായിട്ടുള്ളത്. എന്നാൽ, ഇത്തവണ അമീബിക് മസ്തിഷ്കജ്ജ്വരം അതിനെ മറികടന്നു. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്കജ്ജ്വരംമൂലം 20 പേർ മരിച്ചപ്പോൾ എലിപ്പനിമരണം 12 ആയി ചുരുങ്ങി. കഴിഞ്ഞവർഷം 223 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്കജ്ജ്വരം ബാധിച്ച് 47 പേരും.

ശ്രദ്ധിക്കേണ്ടത്

  • വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, അടിത്തട്ടിളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്.
  • ശുദ്ധജലസ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നതിനാൽ മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാനായി വിരലുപയോഗിച്ച് മൂക്കടച്ചു പിടിക്കണം
  • നീന്തുമ്പോൾ വെള്ളം മൂക്കിലൂടെ അകത്തേക്കു കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം. നോസ് പ്ളഗ്ഗുകൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളംകടക്കാത്ത രീതിയിൽ തലയുയർത്തിപ്പിടിക്കുകയും വേണം.
  • നീന്തൽ പരിശീലനകേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രകാരം ക്ലോറിനേറ്റ് ചെയ്തിട്ടുള്ളതാണെന്ന് ഉറപ്പാക്കുക. നീന്തൽ പരിശീലനത്തിലേർപ്പെടുന്നവർ നോസ് പ്ലഗ്ഗുകൾ ധരിക്കണം. വാട്ടർ തീം പാർക്കുകൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം.

Content Highlights: Kerala is facing a severe outbreak of Amoebic Meningoencephalitis, with 20 deaths reported in 2026 so far. Alappuzha remains the worst-hit district. Health experts warn against bathing in stagnant or unchlorinated water as the amoeba enters the brain through the nose.