നാരായണമൂർത്തി പറഞ്ഞ '9-9-6 ' ശീലമാക്കല്ലേ; ഹൃദയാരോഗ്യം തകരാറിലാകും, ആരോഗ്യം നശിക്കും: മുന്നറിയിപ്പ്

#Health Desk
പ്രതീകാത്മക ചിത്രം, എൻ.ആർ നാരായണ മൂർത്തി | Photo: AI, PTI
പ്രതീകാത്മക ചിത്രം, എൻ.ആർ നാരായണ മൂർത്തി | Photo: AI, PTI

ഏറെ വിവാദങ്ങൾക്ക് വഴിവെച്ച 70 മണിക്കൂര്‍ ജോലിയെന്ന പ്രസ്താവന ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി ആവർത്തിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. ചൈനയിലെ '9-9-6 ' രീതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. അതായത്, രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ആഴ്ചയിൽ ആറുദിവസം ജോലി ചെയ്യുന്ന രീതിയെക്കുറിച്ചാണ് ഇവിടെ അദ്ദേഹം പറഞ്ഞത്.

എന്നാൽ, ഈ '9-9-6' തൊഴിൽ സംസ്കാരം ജോലിയിലെ മടുപ്പ്, വിട്ടുമാറാത്ത മാനസിക പിരിമുറുക്കം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഉറക്കം, ആഹാരം, വ്യായാമം

ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുന്നു. ദീർഘനേരമുള്ള ജോലി വിട്ടുമാറാത്ത മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഇത് കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. കാലക്രമേണ, ഇത് ക്ഷീണം, ദേഷ്യം, ഉത്കണ്ഠ, ജോലിയിലെ കടുത്ത മടുപ്പ് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ഉറക്കം, ആഹാരം, വ്യായാമം എന്നിവ മികച്ച ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. ദീർഘനേരമുള്ള ജോലി ഈ മൂന്ന് കാര്യങ്ങളേയും തടസ്സപ്പെടുത്തിയേക്കും. ഉറക്കവുമായി ബന്ധപ്പെട്ടായിരിക്കും ആദ്യം പ്രശ്നങ്ങൾ തുടങ്ങുക. ദീർഘനേരമുള്ള ജോലി, ഉറക്കത്തിന്റെ സമയവും ഗുണനിലവാരവും കുറയ്ക്കും. ഇത് ഏകാഗ്രത, ഓർമ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിച്ചേക്കാം. കൂടാതെ, മോശം ഉറക്കം മൈഗ്രേൻ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഉത്കണ്ഠ, പരിഭ്രാന്തി, വിട്ടുമാറാത്ത വേദന തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും.

ഹൃദയാരോഗ്യം തകരാറിലാകും

ദീർഘനേരം ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് കഴുത്തുവേദന, പുറംവേദന, തലവേദന, പേശികളുടെ കാഠിന്യം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, അമിതമായ ജോലിസമയം ഉയർന്ന രക്തസമ്മർദ്ദം, ശരീരത്തിൽ വീക്കം എന്നിവയ്ക്ക് കാരണമാകുകയും ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ചിട്ടയായ വ്യായാമമില്ലാത്തതും ഹൃദയത്തേയും ശ്വാസകോശത്തേയും പ്രതികൂലമായി ബാധിക്കും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Infosys founder Narayana Murthy advocates for a 72-hour work week, sparking debate on productivity vs. well-being. Doctors warn of health risks. Explore the arguments.