രാമകൃഷ്ണനെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഡോക്ടർ, 53 വർഷത്തെ അപൂര്‍വ സൗഹൃദം

അങ്കമാലി: മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ഡോ. എം.പി. രവീന്ദ്രനാഥന്‍, രാമകൃഷ്ണന് ദൈവതുല്യനാണ്. ഇവര്‍ തമ്മിലുള്ള അപൂര്‍വ സൗഹൃദം 53 വര്‍ഷമായി തുടരുന്നു. അമേരിക്കയിലെ മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റാണ് ഡോ. എം.പി. രവീന്ദ്രനാഥന്‍. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം കമ്യൂണിറ്റി ഫ്രീ ക്ലിനിക്കല്‍ കാര്‍ഡിയോളജിസ്റ്റായി സന്നദ്ധസേവനം നടത്തിവരുന്നു. അങ്കമാലി പുളിയനം ആഞ്ഞിലിപറമ്പില്‍ രാമകൃഷ്ണന്‍ കര്‍ഷകനാണ്.
1972-ലാണ് രാമകൃഷ്ണന്‍ ഡോ. എം.പി. രവീന്ദ്രനാഥിനെ ആദ്യം കാണുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോഴായിരുന്നു അത്. ശരീരത്തിലെ മാംസപേശികള്‍ മുറുകി അവയവങ്ങള്‍ ചലനരഹിതമാകുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന 'മൈസ്തേനിയ ഗ്രാവിസ്' എന്ന അത്യപൂര്‍വ രോഗമായിരുന്നു രാമകൃഷ്ണന്. ഡോ. എം.പി. രവീന്ദ്രനാഥിന്റെ ചികിത്സയില്‍ രണ്ട് മാസം ജനറല്‍ ആശുപത്രിയില്‍ കിടന്നു. ഡോക്ടര്‍ തന്നെയാണ് രാമകൃഷ്ണനു വേണ്ട മരുന്നെല്ലാം വാങ്ങി നല്‍കിയത്. ഡോക്ടര്‍ പിന്നീട് അമേരിക്കയിലേക്ക് പോയി. തുടര്‍ന്ന് മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോന് രോഗവിവരങ്ങള്‍ കാട്ടി കത്ത് അയച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രകാരം ഡോ. സി.കെ. രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 65 ദിവസത്തെ ചികിത്സ ലഭ്യമായി. ഡോ. സി.കെ. രാമചന്ദ്രന്‍ വിലപിടിപ്പുള്ള മെറ്റലസ് ഗുളിക വരുത്തി നല്‍കി. അമേരിക്കയില്‍നിന്നു ലഭിക്കുന്ന ഈ ഗുളിക തുടര്‍ച്ചയായി കഴിക്കണമെന്നും നിര്‍ദേശിച്ചു.
അമേരിക്കയിലേക്കു പോയ ഡോ. എം.പി. രവീന്ദ്രനാഥിന്റെ മേല്‍വിലാസം മാതൃഭൂമി കൊച്ചി ഓഫീസ് മുഖേന തരപ്പെടുത്തി രാമകൃഷ്ണന്‍ തന്റെ അവസ്ഥകള്‍ വിവരിച്ച് കത്തയച്ചു. മൂന്നു വര്‍ഷത്തേക്കുള്ള മെറ്റലസ് ഗുളിക അദ്ദേഹം രാമകൃഷ്ണന് അയച്ചുനല്‍കി. കൂടെ ഒരു കത്തും. പിന്നീട് കൊച്ചിന്‍ റോട്ടറി ക്ലബ് മുഖേന 18 വര്‍ഷം രാമകൃഷ്ണന് ഈ മരുന്ന് ലഭിച്ചു. അതോടെ അസുഖവും മാറി. ഡോക്ടറുമായി കത്ത് മുഖേന തുടങ്ങിയ ആ സൗഹൃദം ഇന്നും തുടരുന്നു. ഡോക്ടറുടെ കത്തുകളെല്ലാം നിധിപോലെ സൂക്ഷിക്കുകയാണ് രാമകൃഷ്ണന്‍. മൂന്നുവര്‍ഷത്തിനിടെ വീടുപണിക്കും കൃഷി ആവശ്യത്തിനുമായി ഡോക്ടര്‍ രണ്ടര ലക്ഷം രൂപ അയച്ചുതന്നതും രാമകൃഷ്ണന്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഞാറയ്ക്കല്‍ സ്വദേശിയായ ഡോ. എം.പി. രവീന്ദ്രനാഥന്‍ എപ്പോള്‍ നാട്ടിലെത്തിയാലും രാമകൃഷ്ണനെ കാണും. രാമകൃഷ്ണന്‍ ഭാര്യ ഉഷയുമൊത്ത് പുളിയനത്താണ് താമസം. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്.
Content Highlights: cardiologist`s 53-year friendship with a farmer he saved from a rare disease.