ഹാർട്ട് അറ്റാക്ക് ആണെന്നും ഇപ്പോൾ മരിക്കുമെന്നും തോന്നും; പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ ചെയ്യേണ്ടതെന്ത് ?

വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഇപ്പോൾ മരിച്ചുവീഴുമെന്ന് തോന്നുക.. ലക്ഷണങ്ങളിലെ സമാനതകൊണ്ടുതന്നെ പാനിക് അറ്റാക്ക് എന്ന അവസ്ഥ പലപ്പോഴും ഹൃദയാഘാതമാണോയെന്ന് തെറ്റിദ്ധരിക്കാറുണ്ട് എന്നു പറയുകയാണ് കോഴിക്കോട് കെ.എം.സി.ടി.യിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അനു പത്മനാഭൻ. സാമൂഹികമാധ്യമത്തിന്റെ കടന്നുകയറ്റത്തോടെ ട്രോമ, പാനിക് അറ്റാക്ക് തുടങ്ങിയ വാക്കുകൾ പലപ്പോഴും നിസ്സാരവൽക്കരിക്കപ്പെടുന്നുണ്ടെന്നും മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുകൾ തിരിച്ചറിയേണ്ടത് എത്രത്തോളം പ്രധാനമാണെന്നും മാതൃഭൂമി ഡോട്ട്കോം മൈൻഡ് മാറ്റേഴ്സിലൂടെ പങ്കുവെക്കുകയാണ് ഡോ. അനു പത്മനാഭൻ.
എന്തെങ്കിലും വിഷയങ്ങളേക്കുറിച്ചു പറയുമ്പോൾ ഓ അതേക്കുറിച്ച് എനിക്ക് കേൾക്കുകയേ വേണ്ട, ട്രോമയാണത് എന്നൊക്കെ പറയുന്നവരെ കണ്ടിട്ടുണ്ടാവും. എന്താണ് സത്യത്തിൽ ട്രോമ ?
സാമൂഹികമാധ്യമത്തിന്റെ കടന്നുകയറ്റം കാരണമാവാം ട്രോമ എന്ന വാക്ക് ഇപ്പോൾ അമിതമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരു സിനിമയിലെ രംഗം കാണുമ്പോഴോ, വാർത്ത കേൾക്കുമ്പോഴോ, ചില വിഷയങ്ങളേക്കുറിച്ചു സംസാരിക്കുമ്പോഴോ ഒക്കെ അതേക്കുറിച്ച് കേൾക്കുന്നതേ ട്രോമയാണ് എന്നു പറയുന്നവർ നിരവധിയുണ്ട്. പക്ഷേ അതൊന്നും ട്രോമയല്ല. ക്ലിനിക്കലി പി.ടി.എസ്.ഡി.(Post-traumatic stress disorder)യുടെ കീഴിലാണ് ട്രോമയെ കണക്കാക്കുന്നത്. കൺമുന്നിൽ അപകടം കാണുക, ലൈംഗികാതിക്രമം, പ്രിയ്യപ്പെട്ടവരുടെ വേർപാട്, തുടർച്ചയായി ബുള്ളീയിങ് നേരിടുക തുടങ്ങിയ അവസ്ഥകൾ പിന്നീട് ഒരു ജീവിതത്തിലുടനീളം അതിവൈകാരികമായി ബാധിക്കുന്ന അവസ്ഥയാണിത്. കോംപ്ലക്സ് പി.ടി.എസ്.ഡി. എന്ന അവസ്ഥയും ഈ വിഭാഗത്തിൽ പെടുന്നതാണ്. അതിൽ തുടർച്ചയായി ഒന്നിലേറെ വിഷയങ്ങൾ ബാധിക്കാം. കുട്ടിക്കാലത്ത് നിരന്തരം ബുള്ളീയിങ്ങിലൂടെ കടന്നുപോവുക, നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാവുക, ഗാർഹിക പീഢനങ്ങൾ നേരിടുക തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവരെയാണ് കോംപ്ലക്സ് പി.ടി.എസ്.ഡി.യിൽ ഉൾക്കൊള്ളിക്കുന്നത്.
ഓരോ തവണ ഈയവസ്ഥയിലൂടെ കടന്നുപോകുമ്പോഴും മുമ്പ് കടന്നുപോയ അതേ സാഹചര്യത്തിലൂടെ വീണ്ടും കടന്നുപോവുകയാണ് ചെയ്യുന്നത്. എപ്പോഴും അതിജാഗ്രത ഉണ്ടായിരിക്കുകയും അമിതമായി ഉത്കണ്ഠാകുലരാവുകയും ചെയ്യും. ഇവകൂടാതെ സ്വയം നെഗറ്റീവായി ചിന്തിക്കുന്ന അവസ്ഥയുമുണ്ടാകും. ഇനി ഇതിൽ നിന്ന് രക്ഷയില്ലെന്നും, ജീവിക്കുന്നതിൽ അർഥമില്ലെന്നുമൊക്കെ തോന്നും. കൂടാതെ എത്ര ബുദ്ധിമുട്ടിക്കുന്ന അവസ്ഥ വന്നാലും പ്രതികരിക്കാൻ കഴിയാതാവുകയോ, അല്ലെങ്കിൽ ചെറിയ കാര്യങ്ങളോടുപോലും അമിതമായി പ്രതികരിക്കുകയോ ചെയ്യാം. ഇതേ പ്രശ്നങ്ങൾ ചുറ്റുമുള്ള ബന്ധങ്ങളെ ബാധിക്കുകയും പുതിയ ബന്ധങ്ങളിൽ വിശ്വാസം അർപ്പിക്കാൻ കഴിയാതാവുകയും ചെയ്യും. ഇക്കൂട്ടരിൽ ആത്മഹത്യാപ്രവണതയുണ്ടാകാനും വിഷാദരോഗത്തിലേക്കു വഴിമാറാനുമൊക്കെ ഇടയുണ്ട്.
ഒരാൾ കടുത്ത ട്രോമയിലൂടെ കടന്നുപോവുകയും അത് തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യാനിടയുണ്ടോ ?
ട്രോമയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകാം. കുട്ടിക്കാലത്ത് നിരന്തരം ബുള്ളീയിങ് ഉണ്ടായിട്ടുണ്ടെങ്കിൽ പ്രായപൂർത്തിയാകുമ്പോൾ എല്ലാത്തിനോടും നെഗറ്റീവ് മനോഭാവം ഉണ്ടാകാനിടയുണ്ട്. മാത്രമല്ല ബുള്ളീയിങ്ങിനെ നോർമലൈസ് ചെയ്യുകയും അവനവനിൽ ആത്മവിശ്വാസമില്ലാതിരിക്കുകയും ചെയ്യും. ഇത് ദൈനംദിനജീവിതത്തെയും ബന്ധങ്ങളെയുമൊക്കെ ബാധിക്കും. കൂടാതെ ചെറിയ സമ്മർദം നേരിടാൻപോലും ബുദ്ധിമുട്ടുനേരിടാം. ഇത് കുട്ടിക്കാലത്തെ ട്രോമ കാരണമാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയണമെന്നില്ല.
സ്കൂളിടങ്ങളിലും തൊഴിലിടങ്ങളിലും കുടുംബബന്ധങ്ങളിലുമൊക്കെ ബുള്ളീയിങ്ങിലൂടെ കടന്നുപോകുന്ന നിരവധിപേരുണ്ടാകും. അത്തരം അനുഭവങ്ങൾ ട്രോമയായി മാറുമോ ?
കൗമാരക്കാരിലാണ് ബുള്ളീയിങ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുള്ളത്. ഇവർ എല്ലാ കാര്യങ്ങളെയും വൈകാരികമായാവും കാണുക. അടുത്തിടെ ക്ലിനിക്കിൽ ഒരു ആൺകുട്ടി വന്നിരുന്നു. ഉയരം കുറവാണെന്നു പറഞ്ഞ് സഹപാഠികൾ കളിയാക്കിയതാണ് അവനെ വിഷമിപ്പിച്ചത്. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ നിന്ന് അവനെ മാറ്റിനിർത്തുക, പ്രണയങ്ങൾ ഉണ്ടാവില്ല തുടങ്ങിയവയൊക്കെയായിരുന്നു അവൻ നേരിട്ട പ്രശ്നങ്ങൾ. ഇതിനെല്ലാം പിന്നിൽ ഉയരക്കുറവാണെന്നാണ് അവൻ കരുതിയിരുന്നത്. എന്നാൽ മാതാപിതാക്കൾ ഇതിനെ നിസ്സാരമാക്കുകയാണ് ചെയ്തത്. ഇത്തരം പ്രശ്നങ്ങൾ പിന്നീട് ബുള്ളീയിങ് ആയി മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ കൃത്യമായി കേൾക്കുകയാണ് വേണ്ടത്. കുട്ടിയുടെ ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാക്കുകയും അതിനെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞുമനസ്സിലാക്കുകയും വേണം. ബുള്ളീയിങ് എന്നത് അത് അനുഭവിക്കുന്നവരുടെ പ്രശ്നമല്ല, മറിച്ച് അത്തരത്തിൽ പറയുന്നവരുടെ മനസ്സിന്റെ കുഴപ്പമാണെന്ന് കുട്ടിയെ പറഞ്ഞുമനസ്സിലാക്കണം. അച്ഛനും അമ്മയും കേൾക്കുന്നുണ്ടെന്നും വേണമെങ്കിൽ വിദഗ്ധസഹായം തേടാമെന്നും പറഞ്ഞുമനസ്സിലാക്കുമ്പോൾ അത് ട്രോമയായി മാറാതിരിക്കും. നിരന്തരം ഈ ബുള്ളീയിങ്ങിലൂടെ കടന്നുപോകുന്നതുകൊണ്ടുതന്നെ നിരന്തരം കുട്ടിയെ പറഞ്ഞു മനസ്സിലാക്കുകയും വേണം. കുട്ടിയുടെ സ്വഭാവത്തിലും മറ്റും മാറ്റങ്ങൾ കാണുന്നുവെങ്കിൽ നിർബന്ധമായും വിദഗ്ധസഹായം തേടണം.
ഒരാൾ മാനസികവിഷമങ്ങൾ പങ്കുവെക്കുമ്പോൾ യഥാർഥത്തിൽ അവരെ കേൾക്കേണ്ടത് എങ്ങനെയാണ് ? സമാനമായ മറ്റു ചിലരുടെ അനുഭവങ്ങൾ പങ്കുവെച്ച് ആശ്വസിക്കാൻ ശ്രമിക്കുന്നവരുണ്ടല്ലോ. പക്ഷേ ആ രീതി പലർക്കും തങ്ങളുടെ പ്രശ്നത്തെ നിസ്സാരമായി കാണുന്നുവെന്ന തോന്നലുമുണ്ടാക്കാം..
പലപ്പോഴും കുട്ടികളും മാതാപിതാക്കളുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി വരാറുള്ളത്. കുട്ടികൾ സ്കൂളിലെ പ്രശ്നങ്ങളേക്കുറിച്ചു പറയുമ്പോൾ ഞങ്ങൾ പഠിക്കുമ്പോൾ ഇതിനേക്കാളൊക്കെ അനുഭവിച്ചിരുന്നു എന്നുപറയുന്നവരേറെയാണ്. അങ്ങനെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്. ഒരിക്കലും വേറൊരു വ്യക്തിയുടെയോ, നമ്മുടെയോ പ്രശ്നങ്ങൾ പറഞ്ഞ് അവരുടെ വിഷയത്തെ സമീകരിക്കാനാവില്ല. ഓരോ വ്യക്തികളും സമ്മർദങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. അവരുടെ പ്രശ്നത്തെ ചെറുതാക്കി കാണുന്നുവെന്നും നിസ്സാരമാക്കുന്നുവെന്നുമൊക്കെയാണ് പറയുന്നവർക്ക് തോന്നുക. ഞാനാണോ പ്രശ്നം എന്നതുവരെ അവർക്ക് തോന്നിയേക്കാം. പരമാവധി അവരെ കേൾക്കുക എന്നതാണ് ചെയ്യേണ്ടത്. നിങ്ങൾ അനുഭവിക്കുന്നത് ശരിയാണെന്നോ, തെറ്റാണെന്നോ പറയുകയല്ല മറിച്ച് അവരുടെ വിഷമങ്ങൾ പരമാവധി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. അയാളെക്കൊണ്ടുതന്നെ ഈ വിഷയത്തിന്റെ വ്യത്യസ്തവശങ്ങൾ മനസ്സിലാക്കിക്കാൻ ശ്രമിക്കാം. ഒരു പ്രശ്നത്തെ വേറൊരു പ്രശ്നം പറഞ്ഞ് ചെറുതാക്കാനോ, വലുതാക്കാനോ ശ്രമിക്കരുത് എന്നതാണ് പ്രധാനം.
മരണം, അപകടങ്ങൾ പോലുള്ളവ ട്രോമയായി മാറാമെന്നു പറഞ്ഞല്ലോ. പലരും ബ്രേക്കപ്പുകൾക്കു പിന്നാലെ കടുത്ത ട്രോമയിലൂടെ കടന്നുപോവുകയാണെന്ന് പറയാറുണ്ട്. സത്യത്തിൽ ബ്രേക്കപ്പുകൾ ട്രോമയായി മാറാനിടയുണ്ടോ ?
ബ്രേക്കപ്പുകളെ ട്രോമയായി കാണാനാവുമോ എന്നത് സംശയമാണ്. മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുകയും അതിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അകലുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാക്കുന്ന ബന്ധങ്ങൾ വ്യത്യസ്തവുമായിരിക്കും. ട്രസ്റ്റ് ഇഷ്യൂ, പിന്നീട് ബന്ധങ്ങൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ട്രോമ മൂലമുണ്ടാവുന്നതല്ല. പി.ടി.എസ്.ഡി.യിൽ നിന്ന് വ്യത്യസ്തമാണിത്. ഒരു ബന്ധം തകരുമ്പോൾ ട്രോമയുണ്ടാകുന്നില്ല. അപകടം, മരണം, പ്രകൃതിദുരന്തം, യുദ്ധം തുടങ്ങിയവയൊക്കെയാണ് പി.ടി.എസ്.ഡി.യിലേക്കു നയിക്കുന്നത്. അതിൽ പ്രധാനമായും ആ അനുഭവത്തിലൂടെ വീണ്ടുംവീണ്ടും ജീവിക്കുന്ന അവസ്ഥയുണ്ടാവും. അതേ സംഭവം നടന്നതുപോലെ അനുഭവിക്കുകാണ് ചെയ്യുക. ബ്രേക്കപ്പിനുശേഷം അയാളുടെ ചിത്രങ്ങൾ കാണുകയോ, നമ്പർ കാണുകയോ ഒക്കെ ചെയ്യുമ്പോൾ വിഷമം ഉണ്ടാകും എന്നത് ശരിയാണ്. പക്ഷേ അവിടെ ആ വൈകാരിക സന്ദർഭങ്ങളിലൂടെ വീണ്ടും കടന്നുപോവുകയല്ല ചെയ്യുന്നത്. എപ്പോഴും സ്ട്രെസ്സ്ഫുൾ ആയി നിൽക്കുന്ന അവസ്ഥ ട്രോമയിലൂടെ കടന്നുപോകുന്നവരിൽ ഉണ്ടാകാറുണ്ട്. എപ്പോഴും അപകടത്തിലാണെന്ന തോന്നൽ വരികയും ഒന്നു വിളിക്കുമ്പോഴേക്കും ഞെട്ടുകയും ചെയ്യും. മറ്റൊന്ന് ഈ ട്രോമയുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളെയും പരമാവധി ഒഴിവാക്കും എന്നതാണ്. അതേ അനുഭവങ്ങളിലൂടെ വീണ്ടും കടന്നുപോവാതിരിക്കാനാണ്. ഇവയെല്ലാം ഉണ്ടാവുമ്പോഴാണ് അതൊരു ട്രോമയാകുന്നത്. ഇത് സാമൂഹിക ബന്ധങ്ങളെയും വിദ്യാഭ്യാസത്തെയും കുടുംബത്തെയും തൊഴിലിടത്തെയുമൊക്കെ ബാധിക്കും. പക്ഷേ ബ്രേക്കപ്പിൽ ഇങ്ങനെ സംഭവിക്കുന്നില്ല. ആ ഓർമകൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിൽ സംശയമില്ല, പക്ഷേ പോകെപ്പോകെ മസ്തിഷ്കം അതിനെ നേരിടാൻ പ്രാപ്തമാക്കും.
പാനിക് അറ്റാക്ക് എന്ന പേരുതന്നെ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഈയടുത്തായി പാനിക് അറ്റാക്ക് അനുഭവിക്കുന്നുവെന്ന് തുറന്നുപറഞ്ഞവരും നിരവധിയുണ്ട്. എന്താണ് പാനിക് അറ്റാക്ക് ? മാനസികവും ശാരീരികവുമായ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
എനിക്കു മാത്രമേ ഞാൻ അനുഭവിച്ചതറിയൂ എന്ന് പാനിക് അറ്റാക്ക് ഉണ്ടായിട്ടുള്ളവർ പറയാറുണ്ട്. പാനിക് അറ്റാക്കും പാനിക് ഡിസോർഡറും വ്യത്യസ്തമാണ്. തലച്ചോറിന്റെ സിംപതറ്റിക് ഓവർ ആക്റ്റിവിറ്റിയാണ് പാനിക് അറ്റാക്കിനു പിന്നിൽ. എന്തോ മോശം സംഭവിക്കാൻ പോകുന്നുവെന്ന് തലച്ചോറിനു തോന്നുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇവിടെനിന്ന് രക്ഷപ്പെടണം എന്നാണ് തലച്ചോർ മനസ്സിലാക്കുന്നത്. അപ്പോൾ ഹൃദയമിടിപ്പ് കൂടുക, ശ്വാസംകിട്ടാതിരിക്കുക, വിയർക്കുക, മൂത്രമൊഴിക്കാൻ തോന്നുക, വായ വരളുക തുടങ്ങിയവയൊക്കെ ഉണ്ടാവാം. ഹാർട്ട് അറ്റാക്കാണെന്നും ഇനി രക്ഷപ്പെടാനാവില്ലെന്നും ഇപ്പോൾ മരിക്കുമെന്നും തോന്നും. മിനിറ്റുകൾക്കുള്ളിൽ ഈയവസ്ഥ ശരിയാവുകയും ചെയ്യും. ഇതും പാനിക് ഡിസോർഡറും വ്യത്യസ്തമാണ്. ഇനി ഇത് വരുമോ, വന്നാൽ എന്തുചെയ്യും എന്ന തോന്നൽ ഉണ്ടായി തനിച്ചിരിക്കുന്ന അവസരങ്ങൾ ഒഴിവാക്കുയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതാണ് പാനിക് ഡിസോർഡർ.
എനിക്കൊരു പ്രശ്നവുമില്ല ഡോക്ടർ എന്നിട്ടും എങ്ങനെയാണ് പാനിക് അറ്റാക്ക് ഉണ്ടായതെന്നു ചോദിക്കുന്നവരുണ്ട്. മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കുന്നതിനാൽ തന്നെ ഇത് ഹാർട്ട് അറ്റാക്ക് ആണെന്ന് തെറ്റിദ്ധരിക്കുന്നവരും ഏറെയാണ്.
പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ അതിലൂടെ കടന്നുപോകുന്നയാളും കണ്ടുനിൽക്കുന്നയാളും ആദ്യം ചെയ്യേണ്ടതെന്താണ് ?
പാനിക് അറ്റാക്ക് ഉണ്ടായിട്ടുള്ളവർക്ക് സുരക്ഷിതമായ ഇടം ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തലച്ചോർ വിചാരിക്കുന്നത് ഇവിടെ സേഫല്ല, ഇവിടെനിന്ന് രക്ഷപ്പെടണം എന്നാണ്. കൂട്ടംകൂടി നിൽക്കുന്ന സ്ഥലമാണെങ്കിൽ ശാന്തമായൊരിടത്തേക്കു മാറ്റണം. മൂന്നാലുതവണ ശാന്തമായി ശ്വാസമെടുക്കുന്ന രീതിയിൽ പതിയെ ശ്വസിക്കുക, ശേഷം ഡീപ് ബ്രീത്തിങ് എടുക്കുകയും ഗ്രൗണ്ടിങ് ടെക്നിക്ക് ചെയ്യുകയും വേണം.
ആങ്സൈറ്റി ഡിസോർഡർ ഉള്ളയാളാണ് താനെന്ന് നടി ആലിയ ഭട്ട് തുറന്നുപറഞ്ഞിട്ടുണ്ട്. ഫൈവ് സെൻസസ് ടെക്നിക്ക് എന്ന രീതിയിലൂടെയാണ് അത്തരം സാഹചര്യങ്ങളെ നേരിടാറുള്ളതെന്നാണ് നടി പറഞ്ഞത്. എന്താണ് ഇതെന്നു വിശദമാക്കാമോ?
ഗ്രൗണ്ടിങ് ടെക്നിക്ക് എന്നതാണ് ഫൈവ് സെൻസസ് ടെക്നിക്ക്. പഞ്ചേന്ദ്രിയങ്ങളിലൂടെ ഈ നിമിഷത്തിലേക്കും ചുറ്റുപാടിലേക്കും റീകണക്ട് ചെയ്യുക എന്നതാണ് ഇവിടെ ചെയ്യുന്നത്. വളരെയധികം ഉത്കണ്ഠാകുലരാകുന്ന സാഹചര്യങ്ങളിൽ ശാന്തമായ ഇടത്തേക്കു മാറണം. ശേഷം കാൽ നിലത്തേക്ക് നന്നായി അഞ്ചു സെക്കന്റ് അമർത്തിപ്പിടിക്കുകയും മാറ്റുകും ചെയ്യുക. ഇത് കുറച്ചുനേരം തുടരാം. ചിന്തകളെയും വികാരങ്ങളെയും ശാന്തമാക്കാനാണിത് ചെയ്യുന്നത്. ശേഷം സാവധാനം ഇതിനൊപ്പം ശ്വസിക്കുകയും ചെയ്യാം. ഇതല്ലാതെ പഞ്ചേന്ദ്രിയങ്ങളെയും ഉപയോഗിച്ച് ശാന്തമാക്കുന്ന രീതിയാണ് ഫൈവ് സെൻസസ് ടെക്നിക്ക്. ഒരിടത്ത് ശാന്തമായിരുന്ന് ചുറ്റുമുള്ള അഞ്ചുകാര്യങ്ങൾ കാണുക. ശേഷം നിലം, മുടി, വസ്ത്രം തുടങ്ങിയ കാര്യങ്ങൾ സ്പർശിക്കുക, പിന്നാലെ പെർഫ്യൂം, വായു, അല്ലെങ്കിൽ എന്തെങ്കിലും വസ്തുക്കുളുടെ മണം അനുഭവിക്കാൻ ശ്രമിക്കുക. ശേഷം ആ സ്ഥലത്തെ ശബ്ദങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുക എന്നതും എന്തെങ്കിലും രുചിക്കുക എന്നതുമാണ് അടുത്തത്. ഇവയെല്ലാം ചെയ്യുന്നതിലൂടെ ആ ഉത്കണ്ഠ കുറഞ്ഞ് ആ നിമിഷത്തിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്.
പുതിയ തലമുറ മുൻതലമുറകളെ അപേക്ഷിച്ച് മാനസികാരോഗ്യ വിഷയങ്ങളിൽ വളരെ മുന്നിലാണെന്നു തോന്നിയിട്ടുണ്ടോ ?
സത്യത്തിൽ ഇപ്പോൾ ചികിത്സ തേടാൻ ഏറ്റവും മുതിരുന്നത് ജെൻസികളാണ്. അെതാരു നല്ല മാറ്റവുമാണ്. അതിനൊപ്പം ചില ദൂഷ്യവശങ്ങളുമുണ്ട്. ഏതൊരു വിഷയത്തേക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാതാവും. ട്രോമ, സ്ട്രെസ്സ്, മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ അമിതമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ട്. അപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പുനിലനിന്നിരുന്ന സ്റ്റിഗ്മകൾ ഇല്ലാതായി എന്നത് എടുത്തുപറയേണ്ടതുമാണ്.
Content Highlights: Learn the key differences between panic attack and heart attack symptoms, and why they are often confused due to similar signs.