‘നെഞ്ചെരിച്ചിലിനു സമാനമായ വേദന കൈയിലേക്കും പടർന്നാൽ ശ്രദ്ധിക്കണം, പ്രമേഹവും പുകവലിയും അപകടസാധ്യത കൂട്ടും’

‘ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ മുപ്പതുകാരൻ കുഴഞ്ഞു വീണു മരിച്ചു’- അടുത്തിടെയായി നമ്മൾ പതിവായി കണ്ടുവരുന്ന വാർത്തകളിൽ ഒന്നാണിത്. പൊതുവെ നാൽപതുകളിലും അമ്പതുകളിലുമൊക്കെ കണ്ടുവന്നിരുന്ന ഹൃദയാഘാത മരണങ്ങൾ ഇന്ന് ഇരുപതുകൾ മുതലേ സ്ഥിരം കാഴ്ചയായി. ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരും സ്കൂൾ പ്രായത്തിലുള്ള കുട്ടികളുമൊക്കെ ഹൃദയാഘാത മരണത്തിന് ഇരകളാകുന്നത് എന്തുകൊണ്ടാണ് ? ജീവിതശൈലി മാത്രമാണോ വില്ലൻ? ഇതേക്കുറിച്ചെല്ലാം മാതൃഭൂമി ഡോട്ട്കോം ഡോക്ടേഴ്സ് ഡയറിയിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട്ടെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ മുഹമ്മദ് മുസ്തഫ.
ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതമരണങ്ങൾ വളരെ സാധാരണ കാഴ്ചകളായി ഇന്ന്. പുനീത് രാജ്കുമാറിനെപ്പോലെയൊക്കെ ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്ത നടൻ വരെ ഹൃദയാഘാതത്താൽ മരിച്ചു. വർക്കൗട്ട് ചെയ്യുന്നതിനിടെയുള്ള മരണങ്ങളാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്.. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?
ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രധാനമാണ് വ്യായാമം. എന്നാൽ എല്ലാത്തിലുമെന്ന പോലെ വ്യായാമത്തിന്റെ കാര്യത്തിലും മിതത്വം പാലിക്കണമെന്ന പ്രധാന പോയിന്റ് മറന്നൂകൂടാ. ഭക്ഷണത്തിലും ചെലവാക്കുന്ന കാര്യങ്ങളിലുമെന്ന പോലെ വ്യായാമത്തിലും മിതത്വം പാലിക്കണം. ജിമ്മിൽ പോയി ശരീരത്തിന് കഴിയുന്നതിനേക്കാൾ അമിതമായി വർക്കൗട്ട് ചെയ്യരുത്. ഓരോരുത്തർക്കും അവരുടേതായ പരിമിതികളുണ്ട്. അതിനപ്പുറത്തേക്ക് ശരീരത്തെ സമ്മർദത്തിലാക്കരുത്. മസിലുകൾ പുഷ്ടിപ്പെടുത്താനായാണ് പലരും ശരീരത്തിന് താങ്ങാവുന്നതിനുമപ്പുറം പരിശ്രമിച്ച് അപകടങ്ങൾ വിളിച്ചുവരുത്തുന്നത്. ജിമ്മിൽ പോകാൻ തീരുമാനിക്കുംമുമ്പ് ലളിതമായൊരു ടെക്നിക്കിലൂടെ വ്യായാമം ചെയ്യേണ്ടത് എത്രത്തോളമെന്ന് തിരിച്ചറിയാനാവും. വ്യായാമം ചെയ്യുമ്പോൾ ഓരോരുത്തർക്കും ഹാർട്ട്റേറ്റ് എത്രത്തോളമാവാം എന്നു തിരിച്ചറിയാനുള്ള വഴിയാണിത്. അതിനായി 220-ൽ നിന്ന് സ്വന്തം പ്രായം കുറയ്ക്കണം. നാൽപതു വയസ്സുള്ളയാൾ ആണെങ്കിൽ 220-40= 180. നാൽപതുകാരനായ ഒരാൾ ഹാർട്ട് റേറ്റ് 180-ൽ എത്തുന്ന വ്യായാമം ചെയ്യരുത്. 160 വരെയൊക്കെ ഹാർട്ട് റേറ്റ് വരുന്ന രീതിയിൽ ചെയ്യുന്നതിൽ തെറ്റില്ല.
അതേസമയം ഈ കണക്ക് വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തമാവാനും സാധ്യതയുണ്ട്. ചിലർക്ക് രണ്ടുമണിക്കൂർ ട്രെഡ്മില്ലിൽ ഓടിയാലും ഹാർട്ട് റേറ്റ് പരമാവധിയിലേക്ക് എത്തണമെന്നില്ല. എന്നാൽ തീരെ വ്യായാമം ചെയ്യാത്ത കപ്പാസിറ്റിയില്ലാത്ത ആളാണെങ്കിൽ അഞ്ചുമിനിറ്റ് ഓടുമ്പോഴേക്കും ആ നിലയിൽ എത്തുകയും ചെയ്യാം. ഇതിനെ ഫങ്ഷണൽ കപ്പാസിറ്റി എന്നാണ് പറയുന്നത്. അവനവന്റെ ഫങ്ഷണൽ കപ്പാസിറ്റി മറികടന്ന് ചെയ്യുമ്പോഴാണ് ഹൃദയത്തിന് സമ്മർദം കൂടുന്നതും കുഴഞ്ഞുവീഴുകയുമൊക്കെ ചെയ്യുന്നത്. ക്രമേണയാണ് ഫങ്ഷണൽ കപ്പാസിറ്റി കൂട്ടേണ്ടത്. പുതുവർഷത്തിന് തീരുമാനമെടുക്കുന്നതുപോലെയാവരുത് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യേണ്ടത്. ഒരു ട്രെയിനറുടെ ഉപദേശത്തോടെ വ്യായാമം ചെയ്തുതുടങ്ങാം. ട്രെഡ്മില്ലിൽ ഓരോ ദിവസമനുസരിച്ച് സമയം കൂട്ടിവരികയാണ് വേണ്ടത്.
ബാഡ്മിന്റൺ കളിക്കിടെയും ക്രിക്കറ്റിനിടെയുമൊക്കെ കുഴഞ്ഞുവീണ് മരണങ്ങൾ നിരവധി പുറത്തുവരുന്നുണ്ട്. മാരത്തണിനിടെയും അസംബ്ലിയിലുമൊക്കെ കുഴഞ്ഞുവീണ് മരിക്കുന്ന കുട്ടികളുടെ വാർത്തകളും കണ്ടുവന്നിരുന്നു. അവിടെയൊക്കെ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗമായിരിക്കുമോ അതോ ജീവിതശൈലിയോ വില്ലനാകുന്നത് ?
സ്കൂൾ കുട്ടികൾ കുഴഞ്ഞുവീണ് മരിക്കുന്നതിലേറെയും ഹാർട്ട് അറ്റാക്ക് മൂലമല്ല. നേരത്തേ തന്നെ ഹൃദ്രോഗങ്ങൾ ഉള്ളവരാകും അതിലേറെയും. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് സ്ഥിതി സങ്കീർണമാക്കുന്നത്. ഹാർട്ടിന്റെ മസിൽ തടിച്ചു വരുന്ന രോഗങ്ങൾ ഉള്ളവരുമുണ്ടാകും. കൂടാതെ അരിത്മിയ എന്നൊരു പ്രശ്നവുമുണ്ട്. നമ്മുടെ ഹൃദയം എപ്പോഴും ഒരു താളത്തിന് അനുസരിച്ചാണ് മിടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ തകരാറുണ്ടാവുന്നതും പ്രശ്നമാണ്. എന്തെങ്കിലും കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ ഒക്കെയാവും ഹൃദയത്തിന് സമ്മർദമേറി കുഴഞ്ഞുവീഴുന്നത്. അതുകൊണ്ടാണ് ഏതെങ്കിലും കുടുംബത്തിൽ ഒരാൾ അപ്രതീക്ഷിതമായി മരിക്കുകയാണെങ്കിൽ മറ്റ് കുടുംബാംഗങ്ങളെയും ഹൃദ്രോഗ, ഹൃദയാഘാത സാധ്യത വിലയിരുത്താൻ സ്ക്രീൻ ചെയ്യണം എന്ന് പറയുന്നത്. മറ്റൊരു ആരോഗ്യപ്രശ്നവുമില്ലാത്ത ചെറുപ്പക്കാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നുവെങ്കിൽ അതിനു കാരണമാകുന്നത് ഹൃദയാഘാതമല്ല മറിച്ച് ഹൃദയമിടിപ്പിൽ താളപ്പിഴവു വന്ന് സഡൻ കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് കൊണ്ടാണ്. പ്രാഥമികമായ പരിശോധനകൾ ചെയ്തതിനുശേഷം ജിമ്മിൽ കടുത്ത വ്യായാമങ്ങളിൽ ഏർപ്പെടുന്നതാണ് ഏറ്റവും അഭികാമ്യം.
കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് ഉള്ള രോഗികളിൽ അമ്പതുശതമാനത്തിനും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്ന് ഒരു പഠനം പറയുന്നുണ്ട്. സത്യത്തിൽ ഹൃദയ ധമനികളിൽ കടുത്ത ബ്ലോക്ക് ഉള്ളവരിലും ലക്ഷണങ്ങൾ അനുഭവപ്പെടണമെന്ന് നിർബന്ധമില്ലേ ?
സത്യത്തിൽ ഒരുപാട് പ്രശ്നം ഉണ്ടെങ്കിൽ പോലും നമ്മളെ ബുദ്ധിമുട്ടിക്കാത്ത ഒരു അവയവമാണ് ഹൃദയം. 70%-ത്തിൽ അധികം ബ്ലോക്ക് വരുമ്പോൾ മാത്രമേ ഹൃദയം നമുക്കു ചെറിയ സൂചന തരുകയുള്ളൂ. ബ്ലോക്ക് കൂടുമ്പോഴും വെറുതെയിരിക്കുന്ന സമയങ്ങളിലും യാതൊരു ലക്ഷണവും പ്രകടമാകില്ല, ഓടുക, ചാടുക, പടികൾ കയറുക, വ്യായാമം ചെയ്യുക തുടങ്ങിയവയ്ക്കിടെ മാത്രമാണ് എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമാവുക. ഒരു ഇസിജി, എക്കോ ടെസ്റ്റ്, ട്രെഡ്മിൽ ടെസ്റ്റ് , ഈ മൂന്ന് ടെസ്റ്റ് മാത്രം ചെയ്താൽ ഹൃദയാരോഗ്യത്തെക്കുറിച്ച് ഏകദേശരൂപം കിട്ടും. ഹാർട്ടിന്റെ പുറംഘടന, അനാട്ടമിക്കൽ സ്ട്രക്ചർ, പ്രവർത്തനം, ബ്ലോക്കിന്റെ സാധ്യതയുണ്ടോ എന്നതെല്ലാം ഈ പരിശോധനകളിലൂടെ മനസ്സിലാക്കാനാവും.
പൊതുവേ കുഴഞ്ഞുവീണു മരിച്ചു എന്നു കേൾക്കുമ്പോൾ ഹൃദയാഘാതമാണ് കാരണമായിട്ടുണ്ടാവുക എന്നു കരുതുന്നവരാണ് ഏറെയും. എല്ലാ കുഴഞ്ഞുവീണ് മരണങ്ങൾക്കും പിന്നിൽ ഹൃദയാഘാതമാണോ കാരണം?
ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ട് കാർഡിയാക് അറസ്റ്റ് വന്നിട്ടായിരിക്കും ചിലപ്പോൾ കുഴഞ്ഞു വീഴുന്നുണ്ടാവുക. അതേസമയം ഹാർട്ട് അറ്റാക്ക് ഉണ്ടായ എല്ലാ ആളുകൾക്കും ഉടനെ കാർഡിയാക് അറസ്റ്റ് വരണമെന്നുമില്ല. നെഞ്ചുവേദന, നെഞ്ചിൽ കുടുക്കംപോലെ, ഗ്യാസ് കുടുങ്ങിയതുപോലെ, അമിതമായ വിയർപ്പ് തുടങ്ങിയവയൊക്കെയാവും ആദ്യം പ്രകടമാവുക. വളരെ കുറച്ചാളുകൾ മാത്രമാണ് നെഞ്ചുവേദനയൊക്കെ പറയുക. ഹാർട്ട് അറ്റാക്ക് ഉണ്ടായവരെല്ലാം കുഴഞ്ഞുവീഴണം എന്നുമില്ല. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനൊപ്പം പെട്ടെന്ന് അരിത്മിയ വന്ന് ഹൃദയമിടിപ്പ് നിലയ്ക്കുമ്പോഴാണ് കുഴഞ്ഞുവീഴുന്നത്. അതല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് ഉണ്ടായി, ശ്വാസകോശത്തിലൊക്കെ വെള്ളം കയറി ശ്വാസം വിടാൻ പറ്റാതെയും കുഴഞ്ഞു വീഴാം. ഇതിനൊപ്പം ഹൃദയമിടിപ്പിന്റെ താളപ്പിഴവിന്റെ രോഗമുള്ള അരിത്മിയ ഉള്ളവരും പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കാം.
നാം നടന്നുപോകുമ്പോഴോ, അല്ലെങ്കിൽ തൊഴിലിടങ്ങളിലോ ഒക്കെ പെട്ടെന്ന് ഒരാൾ കുഴഞ്ഞുവീണുവെന്നു കരുതുക. ആദ്യം ചെയ്യേണ്ടത് എന്താണ്? ഇപ്പോഴും ഇവിടെ സി.പി.ആർ. ചെയ്യാൻ അറിയാത്തവർ നിരവധിയുണ്ടെന്നതും ആശങ്കപ്പെടുത്തുന്നതല്ലേ? അടുത്തിടെ കൊച്ചിയിൽ കാർ ഡ്രൈവ് ചെയ്യുകയായിരുന്ന യുവാവ് ഹൃദയാഘാതത്താൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടന്നിരുന്നു. സമീപത്തെ ബസിലുണ്ടായിരുന്ന നഴ്സുമാർ ഉടനിറങ്ങി സി.പി.ആർ.നൽകുകയും ചെയ്തു. അതുപോലെതന്നെ കുഴഞ്ഞുവീഴുന്ന എല്ലാവർക്കും സി.പി.ആർ കൊടുക്കേണ്ട കാര്യവുമില്ലല്ലോ?
ഡോക്ടർമാർ അല്ലാത്ത പാരാമെഡിക്കൽ അല്ലാത്ത എല്ലാ വ്യക്തികളും പഠിച്ചിരിക്കേണ്ട ഒരേ ഒരു മെഡിക്കൽ എക്സ്പെർട്ട്സ് എന്നത് സി.പി.ആർ ആണ്. മെഡിസിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും സി.പി.ആർ എല്ലാവരും പഠിക്കണം. മൂന്ന് സെക്കൻഡ് നമ്മുടെ ഹൃദയം നിന്നുകഴിഞ്ഞാൽ കുഴഞ്ഞുവീഴും. മൂന്നുമിനിറ്റിനുള്ളിൽ സി.പി.ആർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചുപോകും. മറ്റ് അപകടങ്ങൾ പോലെയല്ല ഹൃദയാഘാതം. ഏറ്റവും അടുത്ത് ആരാണോ ഉള്ളത്, അയാൾ സി.പി.ആർ. ചെയ്യാൻ അറിവുള്ളയാളായിരിക്കണം. നേരെ മറിച്ച് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ചിലപ്പോൾ മസ്തിഷ്ക മരണം സംഭവിച്ചിട്ടുണ്ടാകും.
അതേസമയം കുഴഞ്ഞുവീഴുന്ന എല്ലാവർക്കും സി.പി.ആർ ചെയ്യാൻ പാടുണ്ടോയെന്നതും അറിഞ്ഞിരിക്കണം. ഹാർട്ട് അറ്റാക്കിനല്ല കാർഡിയാക് അറസ്റ്റ് ഉണ്ടായാൽ മാത്രമാണ് സി.പി.ആർ. ചെയ്യേണ്ടത്. ഒരാൾ നെഞ്ചുവേദന ഉണ്ട് എന്നു പറയുമ്പോഴേക്കും ഉടനെ പോയി ചെയ്യരുത്. അത് മറ്റ് സങ്കീർണതകളിലേക്ക് നയിക്കും. കുഴഞ്ഞു വീഴുന്ന സംഭവം ഉണ്ടാകുന്നത് രണ്ട് കാരണം കൊണ്ടാണ്. അസംബ്ലിയിൽ കുട്ടികൾ കുഴഞ്ഞു വീണു, രക്തം കണ്ടപ്പോൾ കുഴഞ്ഞു വീണു, ഷോക്കിങ് ന്യൂസ് കേട്ടപ്പോൾ കുഴഞ്ഞു വീണു എന്നൊക്കെ കേൾക്കാറുള്ളതിനു പിന്നിൽ വേസോവേഗൽ സിൻഡ്രോം ആണ്. പെട്ടെന്ന് നമ്മുടെ പൾസും ബി.പിയും കുറഞ്ഞു പോവുകയാണ് ഇവിടെ സംഭവിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ മസ്തിഷ്കത്തിലേക്ക് രക്തയോട്ടം സുഗമമാക്കുക എന്നതാണ് പ്രധാനം. കുഴഞ്ഞു വീണാൽ ആദ്യം ചെയ്യേണ്ടത് അയാളെ നിരപ്പാക്കി കിടത്തുക എന്നതാണ്. ശേഷം അയാളുടെ കാല് മടക്കിവെയ്ക്കണം. അപ്പോൾ തന്നെ മസ്തിഷ്കത്തിലേക്ക് രക്തയോട്ടമുണ്ടാവും. ശേഷം പൾസ് റേറ്റ് നോക്കണം. പൾസ് ഉണ്ടെങ്കിൽ പിന്നെ സിപിആർ ചെയ്യാൻ പാടില്ല, വൈകാതെ ആശുപത്രിയിലെത്തിക്കണം. ഹാർട്ട് നിന്നാൽ പൾസ് ഉണ്ടാവില്ല എന്നത് മനസ്സിലാക്കണം. വൈകാതെ സി.പി.ആർ. കൊടുക്കണം. ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി കഴിഞ്ഞാൽ ചികിത്സിക്കാനുള്ള കാത്ത് ലാബും പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യവുമുള്ള ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാലേ പൂർണ ചികിത്സ കൊടുക്കാനാവൂ. പക്ഷേ അതുവരെ രോഗി അതിജീവിക്കാൻ സി.പി.ആർ പ്രധാനമാണ്. .
ഹൃദയാഘാതം എന്നു കേൾക്കുമ്പോൾ പൊതുവേ സിനിമകളിലൊക്കെ കാണിക്കുന്ന ലക്ഷണങ്ങളാണ് മിക്കവർക്കും പരിചയം. ഇടതുനെഞ്ചിൽ വേദന, ഇടതുകൈയിൽ കടച്ചിൽ തുടങ്ങിയവയൊക്കെ. ഇതൊന്നുമില്ലാതെയും വരാമല്ലോ. എന്തൊക്കെയാണ് ഹൃദയാഘാതത്തിന്റെ അസാധാരണ ലക്ഷണങ്ങൾ?
നാം സിനിമയിൽ ഒക്കെ കാണുന്നതുപോലുള്ള ക്ലാസിക്കൽ ലക്ഷണമായ നെഞ്ചുവേദനയോടെ വരുന്ന ഹാർട്ട് അറ്റാക്ക് വളരെ കുറവാണ്. 80% ഹാർട്ട് അറ്റാക്കിനും ഇങ്ങനത്തെ ലക്ഷണങ്ങളല്ല ഉണ്ടാവുക. ഗ്യാസ്ട്രബിളിനു സമാനമായ ലക്ഷണങ്ങൾ കാണുമ്പോൾ അത് കാര്യമാക്കേണ്ടെന്ന് കരുതുന്നവരാണ് ഏറെയും. എനിക്കോ, ഹാർട്ട് അറ്റാക്കോ എന്നൊക്കെ ചിന്തിക്കുന്നവരുമുണ്ട്. അത്തരത്തിൽ വൈകിക്കുന്നതുകൊണ്ടുമാത്രം ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളാണ് ഏറെയും. നെഞ്ചിൽ ഒരു എരിച്ചിൽ, ഭാരം പോലെ, അസിഡിറ്റി, ഒപ്പം വല്ലാത്ത ക്ഷീണം, അമിതമായ വിയർപ്പ് തുടങ്ങിയവയുണ്ടെങ്കിൽ നിസ്സാരമാക്കരുത്. മുന്നറിയിപ്പ് ലക്ഷണങ്ങളായി തന്നെ കണ്ട് ഡോക്ടറെ കാണണം. പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങളും അപകടസാധ്യതകളും കൂടുതലുള്ളവർ.
ഷുഗറും പ്രഷറും കൊളസ്ട്രോളും പുകവലിയും പാരമ്പര്യഘടകങ്ങളുമൊക്കെയുള്ള ആളുകളിൽ ഇത്തരത്തിൽ ഒന്നിലേറെ ലക്ഷണങ്ങൾ പ്രകടമായാൽ ശ്രദ്ധിക്കണം. നെഞ്ചെരിച്ചിലും ഗ്യാസ്ട്രിക് പ്രശ്നവുമൊക്കെ ഉണ്ടാകുമ്പോൾ വീട്ടിൽ ലഭ്യമാകുന്ന പൊടിക്കൈകളും പാന്റോസിഡോ അന്റാസിഡ് ഗുളികകളോ കഴിച്ചാലും കുറയുന്നില്ലെങ്കിൽ സംഗതി നിസ്സാരമാക്കരുത്. നെഞ്ചരിച്ചിൽ ഇടതുകൈയിലേക്ക് വ്യാപിക്കുന്നുവെങ്കിൽ ഹൃദയത്തിന്റെ പ്രശ്നമാവാനുള്ള സാധ്യതയാണ് കൂടുതൽ. ഒപ്പം പുറകുവശത്തേക്കും താടിയെല്ലിലേക്കും പടരുന്നുണ്ടെങ്കിൽ തീർച്ചയായും ഹൃദയസംബന്ധമാണെന്ന് മനസ്സിലാക്കണം.
ഹൃദ്രോഗത്തിന്റെ അപകടസാധ്യതകളേക്കുറിച്ചു പറയുമ്പോൾ ഇപ്പോൾ പുകവലി, കൊളസ്ട്രോൾ, രക്തസമ്മർദം ഇവയൊക്കെ നിരന്തരം ചർച്ചയാവാറുണ്ട്. പക്ഷേ ഷുഗറും ഹൃദയാഘാത സാധ്യത കൂട്ടുന്നുവെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഹൃദയാഘാതം പ്രതിരോധിക്കുന്നതിൽ പ്രമേഹ നിയന്ത്രണം എത്രത്തോളം പ്രധാനമാണ്?
ഹൃദയാഘാതസാധ്യത കൂട്ടുന്ന ഒന്നാമത്തെ ഘടകമായി പ്രമേഹത്തെ കാണണം എന്നാണ് പറയാനുള്ളത്. രണ്ടാമത് ബി.പി.യും മൂന്നാമത് കൊളസ്ട്രോളും നാലാമത് പുകവലിയും പറയാം. ഇതിനൊപ്പം അമിതഭാരവും സമ്മർദവും കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യവുമൊക്കെ അപകടസാധ്യത കൂട്ടുന്നുണ്ട്. എന്നാൽ ഏറ്റവുമധികം ഗൗരവമായി കാണേണ്ടത് പ്രമേഹത്തെ തന്നെയാണ്. പ്രമേഹമുള്ളയാൾ പുകവലിച്ചാൽ രക്തക്കുഴലിൽ ബ്ലോക്ക് വരുമെന്നത് ഏകദേശം ഉറപ്പാണ്. ഇതുവരെയുള്ള പ്രൊഫഷണൽ ജീവിതത്തിൽ അഞ്ചുവർഷം പ്രമേഹവും അഞ്ചുവർഷം പുകവലിയും ഉള്ളയാൾക്ക് ബ്ലോക്ക് ഇല്ലാതെ കണ്ടിട്ടില്ല.
ഒരിക്കൽ 22 വയസ്സുള്ള ഒരു ഓട്ടോ ഡ്രൈവർക്ക് ഹാർട്ട് അറ്റാക്ക് ആയി ആൻജിയോപ്ലാസ്റ്റി ചെയ്തു. അയാൾക്ക് ആ പ്രായത്തിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള ഒരേയൊരു കാരണം പുകവലിയായിരുന്നു. പുകവലി കേടാണെന്നൊക്കെ എനിക്ക് അറിയാമായിരുന്നു സാറേ, പക്ഷേ അത് ഹാർട്ട് അറ്റാക്ക് ഉണ്ടാകും എന്നുള്ളത് അറിയില്ലായിരുന്നു എന്നാണ് അയാൾ അന്നു പറഞ്ഞത്. ഇരുപതിനും മുപ്പതിനും ഇടയിൽ ഉള്ളൊരാൾക്ക് ഹൃദയാഘാതം വന്നാൽ ആദ്യം ചോദിക്കുക പുകവലിച്ചിരുന്നോ എന്നാണ്. പുകവലി മൂലം ശ്വാസകോശ അർബുദം വരുമെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ഹൃദയാഘാതം വരുമെന്ന് പലർക്കും അറിയില്ല. പ്രമേഹം നിയന്ത്രിച്ചു നിർത്തുകയും പുകവലി പാടെ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ ഒരുപരിധിവരെ ഹൃദയാഘാതസാധ്യത കുറയ്ക്കാനാവും. ഇന്ന് ഇന്ത്യ പ്രമേഹത്തിന്റെ തലസ്ഥാനമായി മാറി, അതോടൊപ്പം ഹൃദയാഘാതത്തിന്റെയും.
Content Highlights: Learn about heart attack symptoms, effective treatment options, and essential prevention strategies to safeguard your heart health and reduce risks.