ഏറ്റവുംകൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗം; നിശബ്ദ കൊലയാളിയായ ഹെപ്പറ്റൈറ്റിസ്

#ഡോ. പി പി വാസുദേവന്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കേരളം നിപ വൈറസിന്റെ ആശങ്കയില്‍ കഴിയുന്ന സമയത്താണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം കടന്നുവരുന്നത്. അതുകൊണ്ടു തന്നെ, പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവരെ കൂടുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന സമയം കൂടിയാണിത്. ലോകത്ത് ഓരോ ദിവസവും 3500 പേര്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖം മൂലം മരിക്കുന്നു എന്നാണ് ആഗോള തലത്തിലുള്ള കണക്കുകള്‍ പറയുന്നത്. ക്ഷയരോഗം അഥവാ ടിബി കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ വിതയ്ക്കുന്ന രണ്ടാമത്തെ അസുഖമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഓരോ വര്‍ഷവും 13 ലക്ഷം പേരാണ് ഈ രോഗം മൂലം മരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ ഇത് 11 ലക്ഷമായിരുന്നു. ഇതില്‍ 83 ശതമാനം പേരും മരിച്ചത് ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചാണ്. ബാക്കി 17 ശതമാനം പേരുടെ മരണത്തിനു കാരണം ഹെപ്പറ്റൈറ്റിസ് സി ആണ്. 

ഒരു വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന കരളിന്റെ വീക്കമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് പ്രധാനമായുമുള്ളത്. മാരകവും പകര്‍ച്ചവ്യാധി പടര്‍ത്താന്‍ സാധ്യതയുള്ളതുമായ രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസ് എന്നതാണ് ഗൗരവതരമായ കാര്യം. ഹെപ്പറ്റൈറ്റിസ് ആരെയും ബാധിക്കാവുന്ന രോഗമാണ്. ഇതില്‍ ജീവന്‍ അപകടത്തിലാക്കാവുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി.

ഡബ്ല്യുഎച്ച്ഒയുടെ 2022 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 254 ദശലക്ഷം പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 50 ദശലക്ഷം പേര്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമായുണ്ട്. 30 മുതല്‍ 54 വരെ പ്രായമുള്ളവരാണ് ഇവരില്‍ പകുതി പേരും. ഓരോ ദിവസവും പുതുതായി 6,000 പേര്‍ രോഗബാധിതരാകുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) മൂലമുണ്ടാകുന്ന കരള്‍ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഇത് വിട്ടുമാറാത്ത, ഗുരുതരമായ അണുബാധയായി ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം എന്നിവയ്ക്കും മരണത്തിനും കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുള്ള വാക്‌സിന്‍ ലഭ്യമാണ്. സാധാരണയായി അമ്മയില്‍ നിന്ന് കുട്ടിയിലേക്കോ, അല്ലെങ്കില്‍ രോഗബാധിതരായവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയോ പകരുന്ന രോഗമാണിത്. സൂചികൊണ്ടുള്ള മുറിവ്, പച്ചകുത്തല്‍, തുളയ്ക്കല്‍, ഉമിനീര്‍, ആര്‍ത്തവം, യോനി - ശുക്ലസ്രവങ്ങള്‍, മലിനമായ സൂചികളുടെ പുനരുപയോഗം വഴിയും അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴിയും ഹെപ്പറ്റൈറ്റിസ് ബി പകരും. 

മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ഇതാണ് ഈ രോഗത്തിന്റെ മറ്റൊരു വെല്ലുവിളി. ചിലര്‍ക്ക് മഞ്ഞപ്പിത്തം, നിറംമാറിയ മൂത്രം, കടുത്ത ക്ഷീണം, വയറുവേദന, ഛര്‍ദ്ദി, തുടങ്ങി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങളുണ്ടാവാറുണ്ട്. 
ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ഉള്ളവര്‍ക്ക് ലിവര്‍ ഫെയ്‌ലിയര്‍ സംഭവിക്കുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. ലിവര്‍ സിറോസിസ്, ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ തുടങ്ങിയ ഗുരുതര രോഗമായി മാറുകയും ചെയ്‌തേക്കാം. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് ഓറല്‍ ആന്റിവൈറല്‍ ഏജന്റുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാം. 

  • ഹെപ്പറ്റൈറ്റിസ് എയും ഇയും: സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നു.
  • ബി, സി: രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പടരുന്നു.
  • ഡി: അണുബാധയ്ക്ക് ഹെപ്പറ്റൈറ്റിസ് ബിയുടെ സാന്നിധ്യം ആവശ്യമാണ്.

മരണനിരക്കും രോഗാവസ്ഥയും കണക്കാക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയേക്കാള്‍ തീവ്രത കുറവാണെങ്കിലും ഹെപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നത് നമ്മുടെ സംസ്ഥാനത്തെയും അല്പം ആശങ്കയിലാക്കുന്നുണ്ട്. 2024-ല്‍ കേരളത്തില്‍ എറണാകുളം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗികള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെപ്പറ്റൈറ്റിസ് അണുബാധ പലപ്പോഴും നിശബ്ദമായി, പറയത്തക്ക ലക്ഷണങ്ങളൊന്നുമില്ലാതെയും ഉണ്ടാകുന്നതുകൊണ്ട് ഇതിനെയും ഗൗരവമായാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്. 

പ്രതിരോധവും സംരക്ഷണവും: നല്ല ശുചിത്വം ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവയെ തടയുന്നു. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്‌സിനേഷന്‍ വളരെ ഫലപ്രദമാണ്. ഹെപ്പറ്റൈറ്റിസ് സിക്ക് വാക്‌സിന്‍ ഇല്ല, എന്നാല്‍ നേരത്തെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

സ്‌ക്രീനിംഗും ചികിത്സയും: പതിവ് രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കണ്ടെത്താനാകും. നേരത്തെയുള്ള രോഗനിര്‍ണയം ഫലപ്രദമായ ചികിത്സയ്ക്ക് സഹായിക്കും. ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ക്കും സി ക്കും ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. 
ഹെപ്പറ്റൈറ്റിസ് സി വൈറസ് പടര്‍ത്തുന്ന അതിഗുരുതരമായ രോഗാവസ്ഥാണ്. ഇതിന് വാക്‌സിനേഷന്‍ ഇതുവരെയും ലഭ്യമല്ല. രോഗം ബാധിക്കുന്നവരില്‍  70 % ആളുകള്‍ക്കും വിട്ടുമാറാത്ത, ഗുരുതരമായ അണുബാധ ഉണ്ടാകാം. ഇത്തരം രോഗികളില്‍ 20 വര്‍ഷത്തിനുള്ളില്‍ സിറോസിസ് സാധ്യത 15% മുതല്‍ 30% വരെയാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസ് രക്തത്തിലൂടെയാണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങളില്‍ പനി, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, വയറിളക്കം, ഛര്‍ദ്ദി, വയറിന് അസ്വസ്ഥത, നിറം മങ്ങിയ മൂത്രം, മഞ്ഞപ്പിത്തം എന്നിവ ഉള്‍പ്പെടാം. ഹെപ്പറ്റൈറ്റിസ് എയ്ക്ക് പ്രത്യേക ചികിത്സയില്ല. ശുചിത്വം, ഭക്ഷ്യ സുരക്ഷ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എയെ ചെറുക്കാന്‍ സാധിക്കും. 

ഹെപ്പറ്റൈറ്റിസ് ഡി വൈറസ്: ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സാന്നിധ്യത്തിലാണ് ഡി അണുബാധയുണ്ടാകുക. ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമയിലേക്കും ലിവര്‍ ഫെയ്‌ലിയറിലേക്കും നയിക്കുന്ന രോഗമാണിത്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ ഏറ്റവും ഗുരുതരമായ രൂപമായി കണക്കാക്കപ്പെടുന്നത് ഇതാണ്. ഇതു തടയാനുള്ള മാര്‍ഗ്ഗമായി ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്  ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുള്ള വാക്‌സിനേഷന്‍ തന്നെ ആണ്.

ഹെപ്പറ്റൈറ്റിസ് ഇ വൈറസ് മൂലമുണ്ടാകുന്ന കരളിന്റെ വീക്കം ആണ് ഹെപ്പറ്റൈറ്റിസ് ഇ. രോഗബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തുവന്ന് കുടലിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിനമായ കുടിവെള്ളത്തിലൂടെയാണ് പകരുത്. സാധാരണ ഗതിയില്‍ രണ്ട് ആഴചയ്ക്കുള്ളില്‍ രോഗശമനം സംഭവിക്കാറുണ്ട്. 

നിശബ്ദമായി ആഗോള ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഹെപ്പറ്റൈറ്റിസിനെ ചെറുക്കാനും ആവശ്യമായ ബോധവത്കരണം വ്യാപകമാക്കുന്നതിനുമാണ് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബോധവല്‍ക്കരണം, പ്രതിരോധം പ്രോത്സാഹിപ്പിക്കുക, പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. അപകടസാധ്യതകള്‍ മനസ്സിലാക്കി, പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിലൂടെ, സുരക്ഷിതമായ പെരുമാറ്റങ്ങള്‍ പരിശീലിക്കുന്നതിലൂടെ, വൈദ്യസഹായം തേടുന്നതിലൂടെ, നമുക്ക് ഈ നിശബ്ദ കൊലയാളിയെ ചെറുക്കാന്‍ കഴിയും.

തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിൽ ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ

Content Highlights: world hepatitis day