പുകവലിക്കുന്നവര്‍ക്ക് അറിയാമോ നിങ്ങളുടെ സ്‌മോക്കി ഇന്‍ഡക്‌സ്? ഒപ്പം ഈ രോഗസാധ്യതയും

#ഡോ. സോഫിയ സലിം മാലിക്‌
Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് (Chronic Obstructive Pulmonary Disease) എന്ന രോഗത്തിന്റെ ചുരുക്കപ്പേരാണ് സി.ഒ.പി.ഡി. സ്ഥായിയായി ശ്വാസനാളങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ഉണ്ടാകുന്ന ചുരുക്കമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും മരണകാരണമാകുന്ന രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. ഇതില്‍നിന്നും ഈ രോഗത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണ്.

എന്തുകൊണ്ട് രോഗമുണ്ടാകുന്നു?

ദീര്‍ഘനാളുകളായി നില്‍ക്കുന്ന പ്രേരക ഘടകങ്ങളുടെ സമ്പര്‍ക്കം കൊണ്ട് ഉണ്ടാകുന്നതാണ് ഇത്. പുകവലിയാണ് ഇതില്‍ ഒന്നാമത്. പ്രത്യക്ഷമായ പുകവലിയും പരോക്ഷമായ പുകവലിയും വിറകടുപ്പിന്റെ പുക ശ്വസിക്കല്‍, അന്തരീക്ഷ മലിനീകരണം, പുകപടലങ്ങളും പൊടിയും ശ്വസിക്കേണ്ട തൊഴിലുകള്‍ എന്നിവയാണ് സാധാരണമായി കണ്ടുവരുന്ന പ്രേരക ഘടകങ്ങള്‍.

പുകവലിയുടെ തോത് അനുസരിച്ച് സി.ഒ.പി.ഡിയുടെ കാഠിന്യം കുറയുകയും കൂടുകയും ചെയ്യും. പുകവലിയുടെ കാഠിന്യമളക്കാനുള്ള തോതാണ് സ്‌മോക്കി ഇന്‍ഡക്‌സ് (Smokey Index). എത്ര ബീഡിയോ സിഗരറ്റോ ആണ് ഒരു ദിവസം വലിക്കുന്നത് അതിന്റെ വലിക്കുന്ന വര്‍ഷങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ സ്‌മോക്കി ഇന്‍ഡക്‌സ് ലഭിക്കും. ഇത് സി.ഒ.പി.ഡി. മാത്രമല്ല, കാന്‍സര്‍ തുടങ്ങിയ മറ്റു ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഒരുപരിധിവരെ നിര്‍ണ്ണയിക്കാം.

പുക ശ്വാസനാളങ്ങളുടെ ഉള്ളിലെ നേര്‍മയുള്ള പാളികളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായി കുറവു വരുത്തുകയും വായു സഞ്ചാരത്തിന് തടസ്സം വരുത്തുകയും ചെയ്യുമ്പോഴാണ് സി.ഒ.പി.ഡിയുടെ  രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. പ്രത്യേകിച്ച് ആയാസകരമായ ജോലികള്‍ ചെയ്യുമ്പോള്‍. കൂടാതെ കഫത്തോടുകൂടിയുള്ളതും അല്ലാതെയുമുള്ള ചുമ, അമിതക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

ചുമയാണ് ഡോക്ടറുടെ അടുത്ത് എത്തിക്കുന്ന പ്രശ്നം. രണ്ടോ മൂന്നോ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കഫത്തോടുകൂടിയുള്ള ചുമയാണിത്. അണുബാധകള്‍ ചുമയുടെ കാഠിന്യം വര്‍ധിപ്പിക്കുകയും സി.ഒ.പി.ഡി. മൂര്‍ച്ഛിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഈ അവസരങ്ങളില്‍ അമിത ക്ഷീണം അനുഭവപ്പെടാം. ശ്വസിക്കുന്ന ഓക്സിജന്റെ അളവു കുറയുന്നതും ശ്വാസപേശികളുടെ അമിത പ്രവര്‍ത്തനവും ക്ഷീണത്തിന് കാരണമാകും.

രോഗനിര്‍ണ്ണയം 

പ്രേരകഘടകങ്ങളുടെ സമ്പര്‍ക്കം, രോഗലക്ഷണങ്ങള്‍, ശ്വാസനാളങ്ങളുടെ പ്രവര്‍ത്തനക്ഷമത അളക്കുന്ന പി.എഫ്.ടി. അഥവാ സ്‌പൈറോമെട്രി എന്നിവ അനുസരിച്ചാണ് രോഗനിര്‍ണയം നടത്തുക. ചില അവസരങ്ങളില്‍ നെഞ്ചിന്റെ എക്‌സ്‌റേയും സി.ടി. സ്‌കാനും വേണ്ടിവരും. ഈ രോഗത്തെ തീവ്രത അനുസരിച്ച് മനസ്സിലാക്കാന്‍ സ്‌പൈറോമെട്രി സഹായിക്കും. തീവ്രമായ അവസ്ഥയില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ചെറിയ ജോലികള്‍ പോലും ആയാസകരമായി തോന്നുകയും ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ അവസ്ഥയില്‍ അനിവാര്യമാണ്.

സി.ഒ.പി.ഡിയുടെ തീവ്രത കുറഞ്ഞ ഘട്ടത്തില്‍ ശ്വാസനാളങ്ങളുടെ വ്യാസം വര്‍ധിപ്പിക്കുന്ന ബ്രോങ്കോ ഡയലേറ്റര്‍ ഇനത്തില്‍പ്പെടുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഇത് കണിക രൂപത്തില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഇന്‍ഹേലര്‍ വിഭാഗത്തിലുള്ള മരുന്നുകള്‍. കഫം കൂടുന്ന അവസരങ്ങളില്‍ കഫം നേര്‍മ്മയാക്കാനും പുറംതള്ളുവാനുമുള്ള മരുന്നുകള്‍ ഫലപ്രദമാണ്. അണുബാധ ചികിത്സിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ അനുബന്ധമായി വരുന്ന അണുബാധ ചികിത്സിക്കാന്‍ സഹായിക്കും. രോഗനിര്‍ണ്ണയം കഴിഞ്ഞാല്‍ ശ്വാസനാളികളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പ്രയാസമാണ്. ദീര്‍ഘനാളുകളായുള്ള രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ പ്രകടമാകുവാനുള്ള കാലതാമസമാണ് ഇതിനു കാരണം. എന്നാല്‍ ചികിത്സകൊണ്ട് രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

തീവ്രത കൂടുമ്പോള്‍ മരുന്നുകള്‍ നെബുലൈസേഷന്റെ സഹായത്തോടെ ശ്വാസനാളങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. പ്രതിരോധ കുത്തിവയ്പ്പുകള്‍ അണുബാധ കുറയ്ക്കാന്‍ പുനരധിവാസത്തിനൊപ്പം ഫലപ്രദമാണ്.

Content Highlights: What is COPD symptoms, treatments, Smoking causes COPD

Content Highlights: