എത്രാമത്തെ വയസ്സുമുതൽ ഹെൽത്ത് ചെക്കപ്പ് ചെയ്തു തുടങ്ങണം? എന്തൊക്കെ ടെസ്റ്റുകൾ ചെയ്യണം?

നിങ്ങള്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്തിട്ടുണ്ടോ? എത്രാമത്തെ വയസ്സുമുതലാണ് ഹെല്‍ത്ത് ചെക്കപ്പ് ചെയ്യേണ്ടതെന്ന് അറിയാമോ? മാത്രമല്ല ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുമ്പോള്‍ എന്തൊക്കെ ടെസ്റ്റുകളാണ് നടത്തേണ്ടതെന്ന് അറിയാമോ? ഒരു വ്യക്തിയെ സംബന്ധിച്ച് ഹെല്‍ത്ത് ചെക്കപ്പ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മുന്‍കാലങ്ങളില്‍ 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയസ്തംഭനമുണ്ടാകുന്ന 50 ശതമാനം ആളുകളും 50 വയസിന് താഴെയുള്ളവരാണ്. അതില്‍തന്നെ 25 ശതമാനം ആളുക്കളും 40 വയസില്‍ താഴെയുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ 25 വയസുമുതലുള്ളവര്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുന്നത് കൂടുതല്‍ ഗുണംചെയ്യും. 25 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ രണ്ടുമുതല്‍ മൂന്നു വര്‍ഷം കൂടുമ്പോഴും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണം.
ഹെല്‍ത്ത് ചെക്കപ്പ് നടത്തുമ്പോള്‍ പ്രധാനമായുള്ളത് രക്ത പരിശോധനയാണ്, ഹീമോഗ്ലോബിന്‍, രക്താണുക്കളുടെ കൗണ്ട്, ആഹാരത്തിന് മുമ്പും ശേഷവുമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ്. മൂന്നുമാസത്തെ ശരാശരി ബ്ലഡ് ഷുഗര്‍ എന്നിവയും ടെസ്റ്റ് ചെയ്യണം. കൂടാതെ കിഡ്നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ചീത്ത കൊളസ്ട്രോളിന്റെയും നല്ല കൊളസ്ട്രോളിന്റെയും അളവ് ഉള്‍പ്പെടുന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ പരിശോധിക്കേണ്ടതുണ്ട്. സോഡിയം, പൊട്ടാസ്യം, കാത്സ്യം, തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ്, വൈറ്റമിന്‍ ഡി എന്നിവയും ഹെല്‍ത്ത് ചെക്കപ്പില്‍ ഉള്‍പ്പെടുത്തണം. നിങ്ങള്‍ വെജിറ്റേറിയന്‍സ് ആണെങ്കില്‍ വൈറ്റമിന്‍ ബി 12 പരിശോധിക്കേണ്ടതുണ്ട്.
50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പിഎസ്എ എന്ന ടെസ്റ്റ് നടത്തണം. സ്ത്രീകള്‍ മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിലൂടെ ബ്രസ്റ്റ് ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ കഴിയും. അമ്മയ്ക്കോ സഹോദരിമാര്‍ക്കോ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ തീര്‍ച്ചയായും മാമോഗ്രാം ചെയ്യണം. സ്ത്രീകള്‍ നടത്തേണ്ട മറ്റൊരു ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിങ്ങ് ടെസ്റ്റായ പാപ്സ്മിയര്‍. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യേണ്ട ടെസ്റ്റുകളില്‍ ഒന്നാണ് വയറിന്റെ അള്‍ട്രാസൗണ്ട് സ്‌ക്യാന്‍. ഈ സ്‌ക്യാനിങ്ങിലൂടെ പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് വീക്കവും സ്ത്രീകളിൽ ഗര്‍ഭാശയ പ്രശ്നങ്ങളും കണ്ടെത്താന്‍ സാധിക്കും. ഇന്ന് വളരെയധികം ആളുകളില്‍ കണ്ടുവരുന്ന ഫാറ്റിലിവര്‍ അള്‍ഡ്രാ സൗണ്ട് സ്‌ക്യാനിങ്ങിലൂടെ കണ്ടെത്താന്‍ കഴിയും. ഹൃദയാരോഗ്യം പരിശോധിക്കാനായി ഇസിജി പരിശോധന നടത്താറുണ്ട്. ട്രെഡ്മില്‍ ടെസ്റ്റിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം അറിയാന്‍ സാധിക്കും.
ഒരു ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ഈ ടെസ്റ്റുകള്‍ ചെയ്യാവു. കാരണം ഓരോരുത്തരുടെയും പ്രായവും രോഗവും വ്യത്യസ്തമായിരിക്കും. മാത്രമല്ല ഓരോ കുടുംബത്തിലുമുണ്ടാകുന്ന രോഗങ്ങളും വ്യത്യസ്തമായിരിക്കും. ചിലരുടെ കുടുംബത്തില്‍ നേരത്തെ രക്തസമ്മര്‍ദവും പ്രമേഹവുമൊക്കെ വരാറുണ്ട്, ഇതനുസരിച്ചാണ് ടെസ്റ്റുകള്‍ ചെയ്യേണ്ടത്. അതായത് എല്ലാവരും എല്ലാ ടെസ്റ്റും ചെയ്യേണ്ട ആവശ്യമില്ല. ഒരു ഫിസിഷ്യനെ കണ്ടശേഷം മെഡിക്കല്‍ ഹിസ്റ്ററി വിലയിരുത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നതിന്റെ ലക്ഷ്യം രോഗം നേരെത്ത കണ്ടു പിടിക്കുക എന്നതാണ്. കാരണം പ്രമേഹം തുടക്കത്തിലാണെങ്കില്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ബിപിയോ കൊളസ്ട്രോളോ കൂടിയാലും പെട്ടന്ന് അറിയാന്‍ കഴിയണമെന്നില്ല. എന്നാല്‍ ഒരു ഹെല്‍ത്ത് ചെക്കപ്പിലൂടെ ഇത് വളരെ വേഗം കണ്ടെത്താനും ആവശ്യമായ ചികിത്സ തേടാനും സാധിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. ഷേര്‍ലി
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
കിന്‍ഡര്‍ ഹോസ്പറ്റില്‍
ഇടപ്പള്ളി
Content Highlights: Understanding the Importance of Health Check-Ups