നിയന്ത്രിക്കാനാവാത്ത ദേഷ്യമായിരുന്നില്ല ട്യൂമറായിരുന്നു ആ സ്ത്രീകളുടെ ജീവിതത്തിലെ വില്ലന്‍

ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം കഴിഞ്ഞു. ബോധവത്ക്കരണ ക്ലാസുകളും അനുഭവങ്ങള്‍ പങ്കുവയ്ക്കലുമൊക്കെയായി ആ ദിനം കടന്നു പോയി. എന്നാല്‍ ഒരു ദിവസം കൊണ്ട് മറന്നു കളയേണ്ടതല്ല ഈ ദിനത്തിന്റെ പ്രാധാന്യം. ശരിയായ കാരണം കണ്ടെത്തി ലക്ഷണം തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷപ്പെടുന്ന ജീവനുകള്‍ ഏറെയുണ്ട്. അത്തരത്തില്‍ ജീവിതം തിരിച്ചുപിടിച്ച രണ്ട് കഥകളാണ് പറയാനുള്ളത്. തികച്ചും യാദൃശ്ചികമായി രണ്ടിടങ്ങളില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍. ബ്രെയിന്‍ ട്യൂമര്‍ എന്ന അസുഖത്തിന് രോഗിയെ മാത്രമല്ല രോഗിയുടെ കുടുംബത്തെയും ദുരിതത്തിലാക്കാന്‍ സാധിക്കുമെന്ന, അധികമൊന്നും ആര്‍ക്കുമറിയാത്ത രോഗലക്ഷണത്തെ കുറിച്ചാണ് കഥ. ഒന്ന് ദുരിതത്തിന്റെ വേദനയാണെങ്കില്‍ രണ്ടാമത്തേത് വേദനയില്‍ നിന്നുള്ള സാന്ത്വനമാണ്. കഥകള്‍ പങ്കുവെച്ചത് കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ന്യൂറോസര്ജന്മാരായ ഡോ. ജേക്കബ് ആലപ്പാട്ടും ഡോ. നൗഫല്‍ ബഷീറും.
ആദ്യ കഥ ഡോ. നൗഫല്‍ ബഷീര്‍ പങ്കുവെച്ചതാണ്. സമൂഹത്തില്‍ വളരെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് കഥാനായകന്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അമിതമായ ദേഷ്യമായിരുന്നു പ്രശ്നം. ഭര്‍ത്താവ് പല തരത്തില്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഒടുവില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വരെ എത്തി കാര്യങ്ങള്‍.
ഡൈവോഴ്സ് കഴിഞ്ഞതിന് ശേഷവും ഈ സ്ത്രീക്ക് വൈകാരികമായ വിക്ഷുബ്ദതയ്ക്ക് കുറവുണ്ടായിരുന്നില്ല. ഭര്‍ത്താവിനാകട്ടെ ഇവരോടുള്ള സ്നേഹത്തിനും കുറവില്ലായിരുന്നു. അദ്ദേഹം അവരറിയാതെ തന്നെ അവരുടെ ബന്ധുക്കളെ ഉപയോഗിച്ച് ഭാര്യയെ എന്റെ അരികില്‍ ചികിത്സയ്ക്കെത്തിച്ചു. സംശയം ശരിയായിരുന്നു. തലയ്ക്കകത്ത് വൈകാരികതയുടെ ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന മേഖലയില്‍ ട്യൂമര്‍ വളര്‍ന്നിരുന്നു.
രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നും വൈകീട്ട് ജോലി കഴിഞ്ഞ് ഭര്‍ത്താവ് എന്നെ കാണാനെത്തും. എല്ലാ കാര്യങ്ങളും അന്വേഷിക്കും, ആവശ്യമുള്ളതെല്ലാം നിര്‍വ്വഹിക്കും പക്ഷെ ഒരിക്കല്‍ പോലും റൂമില്‍ പോയി ഭാര്യയെ കാണുക മാത്രം ചെയ്തില്ല. ' എന്നെ കണ്ടാല്‍ അവള്‍ക്ക് സഹിക്കാന്‍ കഴിയില്ല' എന്നതായിരുന്നു ചോദ്യത്തിന് പതിവായി ലഭിച്ചിരുന്ന മറുപടി. എല്ലാ ചികിത്സ ചെലവുകളും അദ്ദേഹം തന്നെ വഹിച്ചു. ഒടുവില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയായി. ദിവസങ്ങള്‍ക്കകം തന്നെ ആ സ്ത്രീയുടെ ജീവിതം സാധാരണ നിലയിലെത്തി. വൈകാരികമായ വിക്ഷുബ്ദതയെ അവര്‍ ഫലപ്രദമായി അതിജീവിച്ചു. ജീവിതത്തിലെ താളപ്പിഴകളുടെ കാരണം രോഗമായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്തി.
ഇടയ്ക്ക് ആ സ്ത്രീ ചെക്കപ്പിനെത്താറുണ്ട്. ഇടതുകൈവിരല്‍ വലതുകൈകൊണ്ട് കോര്‍ത്ത് പിടിച്ച് ഇണക്കുരുവികളെപ്പോലും ആ ഭര്‍ത്താവും ഇപ്പോള്‍ കൂടെയുണ്ടാകും. 'വല്ലാത്ത ഒരു ബഹുമാനം ആ മനുഷ്യനെ കാണുമ്പോള്‍ എപ്പോഴും തോന്നിപ്പോകാറുണ്ട്.
ട്യൂമറായിരുന്നു അവരെ കൊലപാതകിയാക്കിയത്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പി ജി ചെയ്യുന്ന കാലത്തെ അനുഭവമാണ് ഡോ. ജേക്കബ് ആലപ്പാട്ട് പങ്കുവച്ചത്. ഒരു സ്ത്രീ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ തേടിയെത്തി. അധികരിച്ച തലവേദനയും അമിതമായ ദേഷ്യവുമായിരുന്നു അവരുടെ പ്രശ്നങ്ങള്‍. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും വലിയ മെച്ചമൊന്നുമില്ലായിരുന്നു. ചില രോഗികളുടെ കഥകള്‍ക്കും ചരിത്രങ്ങള്ക്കുമൊക്കെ അവരുടെ രോഗാവസ്ഥയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന എന്തെങ്കിലും സൂചനകള്‍ നല്കാനുണ്ടാകും. അങ്ങിനെയാണ് അവരുടെ ജയില്‍ വാസത്തിന്റെ കാരണത്തെ കുറിച്ചന്വേഷിച്ചത്.
കുറഞ്ഞ കേസിലൊന്നുമല്ല അവര്‍ പെട്ടിരിക്കുന്നത്. സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്. കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് പെട്ടെന്നുണ്ടായ നിയന്ത്രിക്കാന്‍ സാധിക്കാത്ത ദേഷ്യമാണ്. അവരുടെ സ്വഭാവത്തിന്റെ ഭാഗമാണ് ഈ ദേഷ്യം എന്ന് കണക്കിലെടുത്ത് മറ്റുള്ളവരെല്ലാം ഇതിനെ അവഗണിക്കുകയാണുണ്ടായത്. സി. ടി. സ്കാന്‍ എന്ന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായി വന്ന സമയമാണ്. അവരെ സി.ടി സ്കാനിങ്ങിന് വിധേയമാക്കണമെന്ന് ഡോ. ജേക്കബ് ആലപ്പാട്ടിന്റെ സീനിയര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ ഊഹം കൃത്യമായിരുന്നു. ഈ സ്ത്രീയുടെ തലച്ചോറിനകത്ത് വികാരങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗത്ത് ഒരു ട്യൂമര്‍ വളര്‍ന്നിരിക്കുന്നു. ഒരു പക്ഷെ സി.ടി സ്കാനിങ്ങിന്റെ ആദ്യകാല ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം!!
പെട്ടെന്ന് തന്നെ അവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചു. അനിയന്ത്രിതമായ വൈകാരികാവസ്ഥ നിയന്ത്രിതമായ അവസ്ഥയിലേക്ക് സ്വാഭാവികമായും പരിണമിച്ചു. തുടര്‍ന്ന് കോടതിയില്‍ ഇവരുടെ കേസ് പരിഗണിച്ചപ്പോള്‍ എക്സ്പേര്‍ട്ട് വിറ്റ്നസ്സായി സാക്ഷ്യം പറഞ്ഞത് അദ്ദേഹത്തിന്റെ സീനിയര്‍ ആയിരുന്നു. ആ സ്ത്രീയുടെ മാനസിക വ്യാപാരങ്ങളിലുണ്ടായ തകരാറുകള്‍ രോഗാവസ്ഥയുടെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കിയ കോടതി 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്' എന്ന് വിധിന്യായത്തില്‍ പ്രസ്താവിച്ചുകൊണ്ട് അവരെ തുടര്‍ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Content Highlights: two doctors share their experience about brain tumor treatment and how to find it
Content Highlights: