അപകടസ്ഥലത്തുനിന്ന് രോഗിയെ മാറ്റൽ നിസ്സാരമല്ല; പോലീസുകാർക്കുപോലും വൈദഗ്‌ധ്യം കുറവ്; എങ്ങനെയാകണം ട്രോമാകെയർ ?

കൊല്ലം: എറണാകുളത്ത് കണ്ടെയ്നർ റോഡിൽ കൺമുന്നിലെ വാഹനാപകടത്തിൽ വാഹനവ്യൂഹം നിർത്തി അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടയാളെ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് മാറ്റിയ രീതി ട്രോമാകെയർ എങ്ങനെയാകണം എന്ന ചർച്ചയ്ക്കാണ് വഴിതുറന്നത്. പോലീസുകാർക്കുപോലും ഇത്തരം കാര്യങ്ങളിൽ വൈദഗ്‌ധ്യമുണ്ടാകാത്തതിൽ ഡോക്ടർമാരടക്കം സാമൂഹികമാധ്യമങ്ങളിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിൽ അപകടസ്ഥലത്തുനിന്ന് രോഗിയെ എങ്ങനെ മാറ്റുന്നുവെന്നതും ചികിത്സയുടെ ഭാഗമാണ്. രോഗിയെ കരുതലില്ലാതെ എടുത്തുമാറ്റുന്നത് നട്ടെല്ലിനോ കഴുത്തിനോ പരിക്കുണ്ടെങ്കിൽ അത് വഷളാക്കാനുള്ള സാധ്യതയുണ്ട്.
അപകടസ്ഥലത്തെ പ്രഥമശുശ്രൂഷ, രോഗിയെ സുരക്ഷിതമായി മാറ്റൽ, ആംബുലൻസ് സേവനം ഉടൻ ലഭ്യമാക്കൽ, പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ജീവനക്കാരുടെ ഇടപെടൽ, അനുയോജ്യമായ ആശുപത്രിയിലേക്ക് വേഗത്തിൽ എത്തിക്കൽ-ഇവയെല്ലാം ചേർന്നതാണ് ആശുപത്രിയിലെത്തും മുൻപുള്ള ട്രോമാകെയർ.
ശ്രദ്ധിക്കാം
- അപകടം ശ്രദ്ധയിൽപ്പെട്ടാൽ തീ, പുക, വൈദ്യുതി, ഇന്ധനചോർച്ച തുടങ്ങിയവയുണ്ടെങ്കിൽ നേരിട്ട് രോഗിയുടെ അടുത്തേക്കു പോകരുത്.
- 108-ൽ വിളിക്കാം. സ്ഥലം, അപകടത്തിന്റെ സ്വഭാവം, പരിക്കേറ്റവരുടെ എണ്ണം, നില എന്നിവ അറിയിക്കുക.
അവരുടെ നിർദേശങ്ങൾ കേൾക്കാം.
- രോഗിയെ വലിച്ചിഴയ്ക്കുകയോ കൈകാലുകളിൽ പിടിച്ച് ഉയർത്തുകയോ ചെയ്യരുത്. ഹെൽമെറ്റ് പരിശീലനമില്ലാതെ നീക്കംചെയ്യരുത്. രോഗിയെ ആംബുലൻസിലേക്ക് മാറ്റുമ്പോഴും ശരീരം വളയാതെ ശ്രദ്ധിക്കണം.
- ബോധവും ശ്വാസവും ശ്രദ്ധിക്കാം. വലിയ രക്തസ്രാവമുണ്ടെങ്കിൽ വൃത്തിയുള്ള തുണിയുപയോഗിച്ച് മുറിവിൽ സമ്മർദം നൽകുക. രക്തം നനഞ്ഞാൽ ആദ്യത്തെ തുണി എടുത്തുകളയാതെ മുകളിൽ മറ്റൊന്ന് വയ്ക്കുക.
- നാഡിമിടിപ്പ് ശ്രദ്ധിച്ച്, ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിൽ സി.പി.ആർ. നൽകാം.
- ആംബുലൻസെത്തിയാൽ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർക്ക് രോഗിയെ കൈമാറാം.
അവബോധം ആവശ്യം
സി.പി.ആർ. പഠിപ്പിക്കുന്നപോലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് അപകടംപറ്റി കിടക്കുന്നയാളെ കൈകാര്യം ചെയ്യേണ്ട വിധം. ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കം പരിക്കേറ്റയാളിൽ അപകടത്തേക്കാൾ വലിയ ആഘാതമുണ്ടാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ട്. പരിക്കേറ്റ് കിടക്കുന്ന ഏതൊരാളെയും നട്ടെല്ലിന് പരിക്കുള്ളയാളെയെന്നവിധം വേണം കൈകാര്യം ചെയ്യാൻ. സ്പൈൻ ബോർഡില്ലായെങ്കിൽ നട്ടെല്ല് അനങ്ങാതെ വണ്ടിയിൽ കയറ്റാനുള്ള ലോഗ് റോൾ (തടിക്കഷ്ണം പോലെ) രീതിയിൽ വേണം രോഗികളെ മാറ്റാൻ. ഇവിടെയെല്ലാം ആളുകളിൽ അവബോധമുണ്ടാക്കുകയാണ് പ്രധാനം.
ഡോ. മനോജ് വെള്ളനാട്
ന്യൂറോസർജൻ
Content Highlights: Learn essential trauma care guidelines for accident response, ensuring safe patient handling and timely medical intervention to prevent further injuries.