നിറംനോക്കിയല്ല സൺഗ്ലാസ് തിരഞ്ഞെടുക്കേണ്ടത്, കണ്ണിന്റെ ആരോഗ്യം കാക്കാൻ മറക്കരുത് 20-20-20 റൂൾ

#സ്വന്തം ലേഖിക
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊടുംചൂടാണ്. അതീവ ജാഗ്രത പുലർത്തിയെങ്കിൽ മാത്രമേ ഈ വേനലിനെ ആരോഗ്യത്തോടെ മറികടക്കാനാവൂ. വെള്ളം കുടിക്കുന്നതുകുറയുന്നത് മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങി വെയിലേൽക്കുന്നതുവഴിയുള്ള സൂര്യാഘാതം, സൂര്യാതപം മുതലായവയും കരുതലോടെ നേരിടേണ്ടതുണ്ട്. ഈ കാലത്ത് പലരും അത്ര ശ്രദ്ധകൊടുക്കാത്ത വിഭാഗമാണ് നേത്രാരോഗ്യം. കണ്ണുസംബന്ധിച്ച രോഗങ്ങൾക്ക് സാധ്യത കൂടുതലുള്ള ഈ കാലത്ത് നേത്രാരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 

നിർജലീകരണം കണ്ണിനേയും ബാധിക്കും

ശരീരത്തിലെ ജലാംശം കുറഞ്ഞ് നിർജലീകരണം സംഭവിക്കുന്നതുകൊണ്ട് കണ്ണ് വരണ്ടുപോകുന്നതാണ് ഈ കാലത്തെ പ്രധാന പ്രശ്നം. കൈ കൊണ്ട് കണ്ണ് സ്പർശിക്കുകവഴി അണുബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. അവധിക്കാലം ആയതുകൊണ്ട് കുട്ടികൾ കളിക്കാനും മറ്റും ഇറങ്ങുന്ന സമയവുമാണ്. ചൂടും കടുത്ത അൾട്രാവയലറ്റ് രശ്മികളും നേത്രാരോഗ്യം തകരാറിലാക്കും. ഒപ്പം കുട്ടികളിലേറെയും മൊബൈൽ സ്ക്രീനിനും ടി.വിക്കുമൊക്കെ മുന്നിൽ കൂടുതലായി ഇരിക്കുന്ന സമയമായതുകൊണ്ടും കണ്ണിന് സമ്മർദം കൂടുന്ന സമയമാണിത്.

വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ചൂടും പൊടിപടലങ്ങളും കാരണം മിക്കവരും നേരിടുന്ന പ്രധാന പ്രശ്നം കണ്ണ് വരളുന്നതാണ്. കണ്ണ് വരളുന്നതുകൊണ്ടുതന്നെ അലർജി പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. കണ്ണിന് കുരു ഉണ്ടാകുന്നതും ചെങ്കണ്ണിന് സാധ്യത കൂടുതലുമുള്ള സീസണാണിത്. ചെങ്കണ്ണ് വരിക മാത്രമല്ല അത് കൂടുതലായി വ്യാപിക്കുന്നതും വേനൽക്കാലത്താണ്.

കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ

  • ധാരാളം വെള്ളം കുടിക്കുക
  • കണ്ണിലെ വരൾച്ച തടയാനുള്ള ഐഡ്രോപ്പുകൾ ഉപയോഗിക്കുക
  • അണുബാധ പടരുന്നത് തടയാൻ കണ്ണിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • സൺഗ്ലാസുകൾ ഉപയോഗിക്കുക
  • സ്ക്രീൻടൈം കുറയ്ക്കുക
  • 20-20-20 റൂൾ കൃത്യമായി പാലിക്കുക
  • എ.സിക്കും ഫാനിനും അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക, കണ്ണ് വരണ്ടുപോകുന്നത് തടയാനാണിത്.
  • കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക.

എന്താണ് 20-20-20 റൂൾ?

തുടർച്ചയായി കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ പാലിക്കേണ്ട കാര്യമാണിത്. തുടർച്ചയായി ഇരുപത് മിനിറ്റ് ജോലി ചെയ്യുമ്പോൾ ഇരുപതടി ദൂരത്തേക്ക് 20 സെക്കൻഡെങ്കിലും നോക്കിയിരിക്കുക എന്നതാണിത്. കണ്ണിന് ഇടവേള നൽകി സമ്മർദം കുറയ്ക്കുകയാണ് ലക്ഷ്യം.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ?

  • കണ്ണിന് ചുവപ്പ്
  • കണ്ണിൽ തുടർച്ചയായി വെള്ളം വരിക
  • ചൊറിച്ചിൽ
  • വേദന
  • കണ്ണിന് സമ്മർദം തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. അസ്വസ്ഥത തുടർന്നാൽ നേത്രരോഗവിദഗ്ധനെ കാണിച്ച് പരിഹാരം കണ്ടെത്തണം.

ശുചിത്വം പ്രധാനം

കണ്ണുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ശുചിത്വത്തിന് വലിയ പങ്കാണുള്ളത്.

  • കൈകൾ വൃത്തിയായി സൂക്ഷിക്കുക. കണ്ണിനുചുറ്റുമുള്ള ഭാഗങ്ങൾ സ്പർശിക്കുമ്പോഴോ കോൺടാക്റ്റ് ലെൻസ് ധരിക്കുമ്പോഴോ കൈകൾ നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ഉറങ്ങാൻ പോകുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യുക.
  • ഓരോ ആറുമാസം കൂടുമ്പോഴും കണ്ണിൽ ഉപയോഗിക്കുന്ന മേക്കപ്പ് വസ്തുക്കൾ മാറ്റുക.
  • കണ്ണുകൾ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.
  • നിഷ്കർഷിച്ച സമയത്തേക്ക് മാത്രം കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുക. വൃത്തിയാക്കാനുള്ള ലായനി ദിവസവും മാറ്റുക.‍
  • ടവ്വൽ, വസ്ത്രങ്ങൾ മറ്റ് പേഴ്സണൽ വസ്തുക്കൾ എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.

കൂളിങ് ഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

സൺഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ നിറം മാത്രം നോക്കുന്നവരുണ്ട്. ഇരുണ്ട നിറമാണെന്നു കരുതി യു.വി രശ്മികളിൽ നിന്ന് സംരക്ഷണം ലഭിക്കണമെന്നില്ല. 100 ശതമാനം യു.വി. സംരക്ഷണം നൽകുന്ന യു.വി. 400 എന്നെല്ലാം എഴുതിയ സൺഗ്ലാസുകൾ വാങ്ങുന്നതാണ് അഭികാമ്യം. പോളറൈസ്ഡ് ഗ്ലാസുകൾ ഗ്ലെയർ കുറയ്ക്കും. കൂടാതെ വലിയ ഫ്രെയിമുകൾ വാങ്ങാനും ശ്രദ്ധിക്കണം. അതിലൂടെ വശങ്ങളിൽ നിന്നുള്ള യു.വി. രശ്മികളെ പ്രതിരോധിക്കാനാവും. ഗ്രേ, ഗ്രീൻ, ബ്രൗൺ നിറങ്ങളിലുള്ള ടിന്റഡ് ഗ്ലാസുകളാണ് വാങ്ങേണ്ടത്.

വേനൽക്കാലത്തെ നേത്രസംരക്ഷണം ടിപ്സ്

  • ധാരാളം വെള്ളം കുടിക്കുക. ദിവസവും എട്ടുമുതൽ പത്ത് ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
  • അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണമേകാൻ ഗുണനിലവാമുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുക.
  • ചൂടുകൂടുതലുള്ള രാവിലെ പത്തുമുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയം പരമാവധി പുറത്തിറങ്ങാതിരിക്കുക
  • കണ്ണ് വരളുന്നത് തടയാനായി ഐഡ്രോപ്സ് ഉപയോഗിക്കുക.
  • സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ അണുബാധയേൽക്കുന്നത് തടയാൻ ഗോഗിൾസ് ഉപയോഗിക്കുക.
  • അണുബാധയുള്ളവരുമായി സ്വിമ്മിങ് പൂൾ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
  • പച്ചനിറത്തിലുള്ള പച്ചക്കറികളും ഇലവർഗങ്ങളും കാരറ്റും ധാരാളം ആഹാരത്തിൽ ഉൾപ്പെടുത്തുക.

വിവരങ്ങൾക്ക് കടപ്പാട്

‌ഡോ. ഫസ്ന അസഫലി (ഒഫ്താൽമോളജിക് സർജൻ അഹല്യ ഐ ഹോസ്പിറ്റൽ, മുക്കം)