'മനുഷ്യവികാരങ്ങളെ ഉദ്ദീപിപ്പിക്കും, മാനസികാരോഗ്യവും മെച്ചപ്പെടുത്തും'- ദൃശ്യകലകളെക്കുറിച്ച് ഗവേഷകര്‍

പ്രതീകാത്മക ചിത്രം | Photo: Canva.com
പ്രതീകാത്മക ചിത്രം | Photo: Canva.com

ഏതെങ്കിലും രൂപത്തിലുള്ള കലാരൂപങ്ങളുമായി ബന്ധപ്പെടാത്തവരായി ഈ ലോകത്ത് ആരുംതന്നെ ഉണ്ടാവാനിടയില്ല. വിഷ്യല്‍, മ്യൂസിക്കല്‍, പെര്‍ഫോമന്‍സ് ആര്‍ട്ട് തുടങ്ങി പലതരത്തിലുള്ള കലാരൂപങ്ങളുണ്ട്. മനുഷ്യന്റെ സര്‍ഗാത്മകതയും വ്യാഖ്യാനവും കലാസൃഷ്ടിയുടെ വിജയത്തിനാവശ്യമാണ്. തന്റെ സര്‍ഗാത്മകതയും വൈദഗ്ധ്യവും കൊണ്ട് കലാകാരന്‍ നെയ്‌തെടുക്കുന്ന ഒരു കലാസൃഷ്ടി മറ്റുള്ളവരില്‍ ആനന്ദവും ആകര്‍ഷണീയതയും ഉണ്ടാക്കുന്നു. എന്നാല്‍, ഇതെങ്ങനെ സംഭവിക്കുന്നുവെന്നും ഇത്തരം വികാരങ്ങള്‍ രൂപപ്പെടുന്നതിനുപിന്നിലെ പ്രവര്‍ത്തനത്തെപ്പറ്റിയും നമുക്ക് ധാരണയില്ല.

എന്നാലിപ്പോള്‍, ദൃശ്യകലകള്‍ അഥവാ വിഷ്വല്‍ ആര്‍ട്‌സ് നമ്മിലുണ്ടാക്കുന്ന വികാര ഉത്തേജനങ്ങളെപ്പറ്റി ഒദ്യോഗികമായി പഠനം നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള 1186 ആളുകളെയാണ് ഈ പഠനത്തില്‍ പങ്കെടുക്കാനായി സംഘടിപ്പിച്ചത്. മുന്നൂറോളം കലാസൃഷ്ടികള്‍ ഉദാഹരണമായി വെച്ചുകൊണ്ടാണ് ഇവര്‍ മനുഷ്യരിലെ വികാര ഉണര്‍വുകളെപ്പറ്റി പഠനം നടത്തിയത്. ഓണ്‍ലൈന്‍ സര്‍വേകളിലൂടെയായിരുന്നു വിവരശേഖരണം. പങ്കെടുത്തവരുടെ കണ്ണിന്റെ ചലനങ്ങള്‍ ലാബോറട്ടറിയില്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് പരീക്ഷണം നടത്തിയത്. ഒരോ ദൃശ്യകലാരൂപങ്ങളും കണ്ടതിനുശേഷം എന്താണ് തങ്ങളുടെ മനസ്സില്‍ തോന്നിയതെന്ന് പങ്കെടുത്തവര്‍ വിലയിരുത്തുകയും ചെയ്തു. 

'ഇത്തരം കലാസൃഷ്ടികള്‍ പലതരത്തിലുള്ള വികാരങ്ങളാണ് മനുഷ്യരുടെയുള്ളില്‍ ഉണര്‍ത്തുന്നത്. സങ്കടകരവും ഭീതിജനകവുമായ വിഷയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് പല കലാരൂപങ്ങളെങ്കിലും ആളുകള്‍ക്ക് കൂടുതലും പോസിറ്റീവായ ഒരു ഉണര്‍വാണ് ഇവയില്‍നിന്ന് ലഭിച്ചത്. കല ആളുകളില്‍ ഉണ്ടാക്കിയ ശാരീരികമായ സംവേദനങ്ങളാണ് വികാരങ്ങളായി മാറ്റപ്പെടുന്നത്. ഈ സംവേദനങ്ങള്‍ എത്രത്തോളം ശക്തമാണോ, അത്രത്തോളം ശക്തമായിരിക്കും നമ്മുടെ ഉള്ളില്‍ ഉണരുന്ന വികാരങ്ങളും.' - യൂണിവേഴ്‌സിറ്റി ഓഫ് ടുര്‍ക്കുവിലെ പ്രൊഫസര്‍ ലോറി നുമ്മെന്‍മാ പറയുന്നു.

ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ഏറ്റവുമധികം ആളുകളില്‍ കൗതുകമുണര്‍ത്തിയതും മനുഷ്യരൂപങ്ങള്‍ ആലേഖനം ചെയ്യുന്ന കലകളായിരുന്നു. തങ്ങളുടെ വര്‍ഗത്തിലുള്ളവരോട് കൂടുതല്‍ സഹാനുഭൂതി തോന്നുകയെന്ന സ്വാഭാവികമായ രീതിയില്‍നിന്നാണ് കലയിലെ ഈ ഇഷ്ടവും ഉരുത്തിരിഞ്ഞത്. കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന മനുഷ്യവികാരങ്ങളെ അറിയാതെ തന്നെ കാഴ്ചക്കാര്‍ക്ക് ആഗിരണം ചെയ്യാനാകുമെന്ന് (മിററിങ്) ആള്‍ട്ടോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റീറ്റാ ഹരി പറഞ്ഞു. 

സൗന്ദര്യാത്മകമായ ഒരോ അനുഭവങ്ങള്‍ക്കു പിന്നിലും നമ്മുടെ ശരീരത്തിന് കൃത്യമായ പങ്കുണ്ട്. കല ആദ്യം ചെയ്യുക നമ്മുടെയുള്ളില്‍ ശാരീരിക സംവേദനങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. ഇത്തരം സംവേദനങ്ങള്‍ നമ്മുടെ മനസ്സിന് ഇഷ്ടമുള്ള വികാരങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് നയിക്കും. അതുവഴി, ഇത്തരം സംവേദനങ്ങളും വികാരങ്ങളും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്നതെന്ന് പ്രൊഫസര്‍ ലോറി വിവരിക്കുന്നു.

Content Highlights: study reveals visual arts evoke human emotions which helps in mental health cure and rehabilitation