ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബിൽ;'ചികിത്സച്ചെലവ് പ്രദർശിപ്പിക്കൽ അപ്രായോഗികം,ഞങ്ങൾ പൂട്ടിപ്പോകണോ'

40 വർഷത്തിലേറെയായി മണ്ണാർക്കാട്ട് ഒരു ചെറിയ ആശുപത്രി നടത്തിവരുന്ന ഒരു ഡോക്ടർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിനെക്കുറിച്ചുള്ള തന്റെ വേവലാതികൾ പങ്കുവെക്കുന്നു.
പുതിയ തലമുറ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്ഥാപനം ഇപ്പോഴും ബാല്യാവസ്ഥയിലാണ്. എന്തെന്നാൽ പുതിയ സ്ഥാപനങ്ങളിലുള്ളതുപോലെ സി.ടി. സ്കാൻ, എം.ആർ.ഐ., കാത്ത് ലാബ്, വലിയ ഓപ്പറേഷൻ തിയേറ്റർ, കടലാസുരഹിത ഡിജിറ്റൽ സിസ്റ്റം എന്നിവയൊന്നും ഇവിടെയില്ല. എങ്കിലും സാധാരണക്കാർക്കുഅത്യാവശ്യഘട്ടങ്ങളിൽ ഉള്ള ചികിത്സാസൗകര്യങ്ങളും ചെറിയ തോതിലുള്ള ഓപ്പറേഷനുകളും ഇവിടെ ചെയ്യാറുണ്ട്. ആകെ വരുന്ന രോഗികളിൽ ഏകദേശം 10 ശതമാനം പേരെമാത്രമേ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടിവരാറുള്ളൂ. ഇവിടത്തെ അസൗകര്യങ്ങളെക്കുറിച്ചോ, സാമ്പത്തിക ബാധ്യതകളെക്കുറിച്ചോ വലിയ പരാതികളൊന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ദിവസവും നൂറുകണക്കിന് രോഗികൾ ഇവിടെ വന്നുപോകുന്നുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം ആവശ്യമെങ്കിൽമാത്രം അടുത്തുള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുകയും പതിവുണ്ട്.
ഇനി ഇതിന്റെ മറുവശം. ഇവിടെ വരുന്ന ഏതു രോഗിയെയും സൗജന്യമായി ചികിത്സിച്ചുമാത്രം റഫർ ചെയ്യണം എന്ന നിയമം അനുശാസിച്ചാൽ അത് പ്രാവർത്തികമാക്കണമെങ്കിൽ കൂടുതൽ വിദഗ്ധഡോക്ടർമാർ ആവശ്യമായി വരും. അപകടത്തിൽപ്പെട്ട ഒരു രോഗി വന്നാൽ അവരെ സ്റ്റബിലൈസ് ചെയ്യാൻ സർജൻ, ഓർത്തോ വിദഗ്‌ധർ, ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, പരിശീലനം ലഭിച്ച ടെക്നീഷ്യൻ എന്നിങ്ങനെ പലരുടെയും സഹായവും ആയതിനുളവാകുന്ന സജ്ജീകരണങ്ങളും വേണം.
ഈ ചെറിയ സജ്ജീകരണത്തിനുള്ളിൽ ഇതൊന്നുംതന്നെ പ്രായോഗികമല്ല. അത്യാവശ്യമായി ഗ്ലൂക്കോസ്, ഓക്സിജൻ എന്നിവ കൊടുക്കാം. ബ്ലീഡിങ് നിർത്താൻ താത്‌കാലിക ശ്രമവും ചെയ്യാം. രക്തം കൊടുക്കാൻവേണ്ട ബ്ലഡ് ബാങ്കോ, ഷിഫ്റ്റ് ചെയ്യാനായി സ്ഥിരം ആംബുലൻസോ ഇവിടെ ഇല്ല. ചികിത്സയെല്ലാം സൗജന്യമായി നൽകണമെന്ന് നിർബന്ധിച്ചാലും അതിനുള്ള സാമ്പത്തികഭദ്രതയും ഞങ്ങൾക്കില്ല.
പിന്നെ രോഗി വരുമ്പോൾത്തന്നെ ഹോട്ടലിലും പഴയ പലചരക്കുകടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നതുപോലെ ചികി ത്സച്ചെലവ് പ്രദർശിപ്പിക്കുക എന്നത് തീരേ പ്രായോഗികമല്ല. ഓരോ രോഗിയുടെയും ശാരീരിക അവസ്ഥ വ്യത്യസ്തമായതിനാൽ ചികിത്സാസമ്പ്രദായവും സ്വാഭാവികമായും വ്യത്യസ്തമായിരിക്കും. നിശ്ചിത രോഗത്തിന് നിശ്ചിതനിരക്ക് എന്നത് പ്രായോഗികമല്ല. ഉദാഹരണമായി പനി എന്ന് പറഞ്ഞാൽ സാധാരണ വൈറൽപ്പനിമുതൽ ടി.ബി., മെനിൻജൈറ്റിസ് എന്നിവവരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾപ്പിന്നെ എങ്ങനെയാണ് ചികിത്സച്ചെലവ് പ്രദർശിപ്പിക്കുന്നത്? ഒരു അപകടം പറ്റി രോഗി വന്നാൽ മൾട്ടിപ്പിൾ ഫ്രാക്ചറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോൾ കൈയിലെ എല്ല് പൊട്ടലിന് ഇത്ര രൂപ, കാലിനു വേറേ, സ്‌പൈനിന് വേറേ എന്നിങ്ങനെ കണക്കാക്കുന്നതെങ്ങനെയെന്ന് അധികാരികൾ വിശദീകരിച്ചാൽ നന്നായിരുന്നു. രോഗിക്കനുസരിച്ച് ചികിത്സച്ചെലവിന്റെ ഏകദേശരൂപം നമുക്ക് നൽകാനാകും എന്നുമാത്രം. എന്നിരുന്നാലും അത് പഞ്ചനക്ഷത്ര ആശുപത്രികളിലെ ചെലവിന്റെ അടുത്തൊന്നും വരില്ല.
പിന്നെ ഇവിടത്തെ സ്റ്റാഫ് മിക്കവരും വർഷങ്ങളോളം സർവീസുള്ളവരാണ്. പലരും ഭംഗിയായും ഉത്തരവാദിത്വത്തോടെയും അവരവർക്ക് നിയോഗിച്ച ജോലികളിൽ വിദഗ്‌ധരാണ്. എല്ലാവരും ഉന്നത ബിരുദധാരികൾ ആകണം എന്ന് ശഠിച്ചാൽ ഇവർക്കെല്ലാം പിരിഞ്ഞുപോകുകയേ നിർവാഹമുള്ളൂ. എല്ലാവരെയും മാറ്റി പുതിയ ഡിഗ്രി ഉള്ളവരെ മാത്രം, പറഞ്ഞ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്ത് ആശുപത്രി ഇതേരീതിയിൽ മുന്നോട്ടുകൊണ്ടുപോവുകയും അസാധ്യമാണ്.
ഇൻഷുറൻസ് കവറേജ് പോലെയുള്ള കാര്യങ്ങളും ചെറുകിട ആശുപത്രികൾക്ക് സാധ്യമല്ല. എന്തെന്നാൽ ബിൽ പേമെന്റ് താമസിച്ചാൽ ആശുപത്രി നടത്താൻ വിഷമമാണ്.
ഇപ്പോൾത്തന്നെ ഇത്തരം ആശുപത്രികൾ നടത്തുന്നത് മറ്റു ജോലിക്കാരുടെ നിലനിൽപ്പിനാണ്. ഉദാഹരണം ഈ ആശുപത്രിയിൽ ഏകദേശം 80-ലധികം ജോലിക്കാരുണ്ട്. അതോടനുബന്ധിച്ച് മറ്റു മേഖലകളിലുംകൂടി വളരെയധികം കുടുംബങ്ങൾ ജീവിച്ചും വരുന്നുണ്ട്. ഇത്രയും വിഷമിച്ച് ആശുപത്രി നടത്തണോ, അതോ ശിഷ്ടകാലം സമാധാനമായി കഴിയണോ എന്നു ചിന്തിക്കുന്ന കുറെയധികം സീനിയർ ഡോക്ടേഴ്സ് ഇവിടെയുണ്ട്.
ഇത്രയും കാലം പരാതികളൊന്നും ഇല്ലാതെ, സാധ്യമായ ചികിത്സകൾ ചുരുങ്ങിയ ചെലവിൽ നടത്തുന്ന രീതി തുടരണോ, അതോ ഇതെല്ലാം അവസാനിപ്പിച്ച് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റിന് കീഴടങ്ങി, ആശുപത്രി വല്ലവർക്കും തീറെഴുതി, ജോലിക്കാരെയെല്ലാം പിരിച്ചുവിട്ട്, അതിന്റെ പാപഭാരവുംപേറി വിഷമത്തോടെ ഈ ജോലിയോട് വിടപറയണോ എന്ന് സർക്കാരും പൊതുജനങ്ങളുംകൂടി തീരുമാനിക്കട്ടെ.
Content Highlights: A long-serving doctor in Mannarkkad shares worries about the new clinical establishment bill, impacting small hospitals and patient care