ഗർഭകാലത്ത് അമ്മമാരിലുണ്ടാകാം ഈ ആരോഗ്യപ്രശ്നങ്ങൾ; ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ

#ശരണ്യ ഭുവനേന്ദ്രൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അമ്മയും കുഞ്ഞും തമ്മിലുള്ള പങ്കുവെക്കലാണ് ഗർഭധാരണം. ഗർഭാവസ്ഥയിൽ അമ്മയെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങൾപോലും കുഞ്ഞിനെയും ബാധിക്കും. ഗർഭകാലത്ത് അമ്മമാരിലുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അറിയാം, കരുതലെടുക്കാം..

വൈറ്റമിന്റെ അഭാവം: വൈറ്റമിൻ കുറവുള്ള ഗർഭിണികൾ ഇപ്പോൾ കൂടുതലാണ്. ഗർഭകാലത്ത് സിങ്ക്, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലം വളർച്ചക്കുറവ്, ഗർഭം അലസിപ്പോകൽ, മാസംതികയാതെയുള്ള പ്രസവം, പ്ലാസന്റ ഗർഭപാത്രത്തിൽനിന്നു വേർപ്പെട്ടുപോവുക, കുഞ്ഞുങ്ങളിലെ മുച്ചുണ്ട്, മുറിനാക്ക് എന്നിവ ഉണ്ടായേക്കാം.

മരുന്നുകൾ കഴിക്കുമ്പോൾ: ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഓരോ മരുന്നും ഗർഭസ്ഥശിശുവിൽ മാറ്റം ഉണ്ടാക്കാം. രക്താദിമർദം നിയന്ത്രിക്കാൻ കഴിക്കുന്ന ചില മരുന്നുകൾ കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടാക്കിയേക്കാം. അതിനാൽ ഗർഭിണികൾക്ക് മരുന്നുകൊടുക്കുന്നതിനുമുമ്പ് ഡോക്ടറെ സമീപിച്ചു കുഞ്ഞിന്റെ സുരക്ഷ ഉറപ്പുവരുത്തണം.

വിളർച്ച സൂക്ഷിക്കണം: ഗർഭിണികളിലെ വിളർച്ച ഗർഭസ്ഥശിശുവിനു അയൺ കിട്ടാതാകുകയും കുട്ടിക്കു തൂക്കക്കുറവ്, വളർച്ചക്കുറവ് തുടങ്ങിയവ ഉണ്ടാകുവാനും ഇടയുണ്ട്. നവജാതശിശുക്കളിൽ വിളർച്ചയ്ക്കുള്ള പ്രധാനകാരണം ഗർഭകാലത്ത് അമ്മയിലുള്ള വിളർച്ചയാണ്.

അണുബാധ: ഗർഭിണികൾ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് അണുബാധ. കൃത്യമായ ചെക്കപ്പും ചികിത്സയും ഇല്ലെങ്കിൽ ഗർഭം അലസാനും ചിലപ്പോൾ കുഞ്ഞിന് ജന്മവൈകല്യങ്ങൾക്കും കാരണമാകുന്നു.

ഗർഭിണിയും മനസ്സും: ഗർഭസമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ജനിക്കുന്ന കുട്ടികൾക്ക് തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കു കാരണമാകാം. തുടർച്ചയായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുകയും അതിന്റെ ഫലമായി ജനിക്കുന്ന കുട്ടികളിൽ പലതരത്തിലുള്ള സ്വഭാവ വൈകല്യങ്ങളും ഉണ്ടാകാം.

രക്താദിമർദം: ഗർഭിണികളിൽ രക്താദിമർദംമൂലം ഉണ്ടായേക്കാവുന്ന സങ്കീർണമായ അവസ്ഥകളാണ് ജെസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ, പ്രീഎക്ലാംസിയ, എക്ലാംസിയ- ഇവമൂലം അമ്മയിൽനിന്ന് കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നു. അതിനാൽ അമ്മ മാസംതികയാതെ പ്രസവിക്കാനും കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടാകാനും ഇടയാകുന്നു. മാത്രമല്ല ഗർഭപാത്രത്തിനുള്ളിൽവെച്ചു തന്നെ ഗർഭസ്ഥശിശുവിനു മരണംവരെ സംഭവിക്കാം.

പ്രമേഹം: ഗർഭിണികളിൽ ഉണ്ടാകുന്ന പ്രമേഹം കുട്ടിക്ക് അമിതഭാരം ഉണ്ടാകാൻ ഇടയാക്കുന്നു. പ്രസവസമയത്ത് അമ്മയ്ക്കുണ്ടാകുന്ന മുറിവുകളും കുട്ടിക്ക് ഉണ്ടാകുന്ന ബെർത്ത് ആസ്ഫിക്‌സിയയും ഇതിന്റെ പരിണിതഫലമാണ്.

ഹൈപ്പോതൈറോയ്ഡിസം: തൈറോയ്ഡ് ഗ്രന്ഥി കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ സ്വാധീനിക്കുന്നു. തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ഇത് പ്ലാസന്റ ഗർഭപാത്രത്തിൽനിന്നു വേർപ്പെട്ടു പോകുന്ന അവസ്ഥയിലേക്ക് നയിക്കുകയും ഗർഭസ്ഥശിശുവിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. ഹൈപ്പോ തൈറോയ്ഡിസം കാരണം ഉണ്ടാകുന്ന മറ്റൊരു അപകടമാണ് മാസം തികയാതെയുള്ള പ്രസവം.

ഹൈപ്പർതൈറോയ്ഡിസം: തൈറോയ്ഡ് ഹോർമോൺ ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കുഞ്ഞിനു വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, പ്രീഎക്ലാംസിയ എന്നിവ ഉണ്ടാകാം. ഈ പ്രശ്നം നവജാത ശിശുവിന്റെ മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

Content Highlights: pregnancy health issues, WHO recommendations on antenatal care