മാനസികാരോഗ്യം കാക്കാൻ വ്യായാമവും വിനോദവും പ്രധാനം

#Health Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചിന്തകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ വർഷവും ലോക മാനസികാരോഗ്യ ദിനം എത്തുമ്പോൾ, കേവലം ചർച്ചകൾക്കപ്പുറം മനുഷ്യരുടെ യഥാർത്ഥ ജീവിതാനുഭവങ്ങളെ ഉൾക്കൊള്ളാൻ സമൂഹം പാകപ്പെട്ടുവോ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. അവിടെയാണ് ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം 'ജീവിതാനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം' ('Lived Experiences Heard: Real Voices, Real Change') എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. വ്യക്തികളെ രോഗനിർണ്ണയങ്ങളിലൂടെയോ മാനസികാവസ്ഥകളുടെ പേരുകളിലൂടെയോ മാത്രം അളക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി, അവർ അനുഭവിക്കുന്ന വൈകാരിക പ്രയാസങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് മാത്രമേ സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. മാനസികാരോഗ്യം എന്നത് ഏതെങ്കിലും കോളങ്ങളിൽ ഒതുക്കിനിർത്തേണ്ട ഒന്നല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ജീവിത പശ്ചാത്തലവും ബന്ധങ്ങളും ചേർന്നുനിൽക്കുന്ന സങ്കീർണ്ണമായ ഒന്നാണ്.

ചികിത്സാ രീതിയും വ്യക്തിഗത അനുഭവങ്ങളും

മനഃശാസ്ത്ര ചികിത്സാരംഗത്ത് രോഗനിർണ്ണയം എന്നത് ഒരു വലിയ ചികിത്സാ ചട്ടക്കൂടിന്റെ അവിഭാജ്യവും പ്രധാനപ്പെട്ടതുമായ ഒരു ഭാഗമാണ്. എന്നാൽ രോഗനിർണ്ണയം അഥവാ ഡയഗ്നോസിസ് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ മാനസികാരോഗ്യ യാത്ര പൂർണ്ണമാകുന്നില്ല. അതിനോടൊപ്പം തന്നെ ആ വ്യക്തി അനുഭവിക്കുന്ന വൈകാരിക സങ്കീർണ്ണതകൾക്കും അവരുടെ വ്യക്തിഗത അനുഭവങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകേണ്ടതുണ്ട്.

ഉത്കണ്ഠയോ വിഷാദ രോഗമോ നേരിടുന്ന രണ്ടു വ്യക്തികളുടെ ബാഹ്യമായി പ്രശ്നങ്ങൾ ഒരുപോലെ എന്ന് തോന്നാമെങ്കിലും, അവരുടെ അനുഭവങ്ങളും അതിനോട് പ്രതികരിക്കുന്ന രീതിയും തികച്ചും വ്യത്യസ്തമായിരിക്കും. രോഗനിർണ്ണയം മാത്രമല്ല, ആ വ്യക്തിയുടെ അനുഭവങ്ങൾക്ക് കേൾവിക്കാരനാവുകയും അവയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുമ്പോൾ മാത്രമേ അവരുടെ മനസികാവസ്ഥയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കൂ. തെറാപ്പിയിൽ ഒരു വ്യക്തി തനിക്ക് ചുറ്റുമുള്ള സമൂഹത്തോടും കുടുംബത്തോടും സഹപ്രവർത്തകരോടും എങ്ങനെ ഇടപെടുന്നു, അവർക്ക് മറ്റുള്ളവരുമായി വൈകാരികമായി കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ടോ എന്നതിനാണ് പ്രധാനമായും ഊന്നൽ നൽകേണ്ടത്. വ്യക്തികളുടെ അനുഭവങ്ങൾക്ക് ശബ്ദം നൽകുകയും അവരെ കേൾക്കാൻ തയ്യാറാവുകയും കൂടി ചെയ്യുമ്പോൾ മാത്രമാണ് മാനസികാരോഗ്യ മേഖലയിലുള്ള സാമൂഹിക അനാചാരങ്ങളും ലേബലിംഗും പൂർണ്ണമായി ഇല്ലാതാവുന്നത്.

സപ്പോർട്ട് സിസ്റ്റവും കെയർഗിവേഴ്സിന്റെ മാനസികാരോഗ്യവും

മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് നൽകേണ്ട പിന്തുണയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് അവരുടെ അടുത്ത ബന്ധുക്കളോ പങ്കാളിയോ സുഹൃത്തുക്കളോ അടങ്ങുന്ന കെയർഗിവേഴ്സ് അഥവാ പരിചരിക്കുന്നവർ ആണ്. ചികിത്സയ്ക്കായി ഒരു വ്യക്തി എത്തുമ്പോൾ, ആ വ്യക്തിയെ മാത്രം മാറ്റിനിർത്തി ചികിത്സിക്കുന്നതിന് പകരം അവരുടെ സപ്പോർട്ട് സിസ്റ്റത്തെയും കൂടി ഈ പ്രക്രിയയുടെ ഭാഗമാക്കേണ്ടതുണ്ട്.

കൂടെയുള്ള ഒരാൾക്ക് മാനസിക പ്രയാസമുണ്ടാകുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആ വ്യക്തിയെ പരിചരിക്കുന്നവരെയായിരിക്കും. പലപ്പോഴും അജ്ഞത കൊണ്ടോ ധാരണക്കുറവ് കൊണ്ടോ പരിചരിക്കുന്നവർ കുറ്റപ്പെടുത്തലിന്റെ പാത സ്വീകരിച്ചേക്കാം. അതിനാൽ, അവർക്കും കൃത്യമായ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ഫാമിലി സെഷനുകളിലൂടെയും കൗൺസിലിംഗിലൂടെയും പരസ്പരമുള്ള ആശയവിനിമയം സുതാര്യമാക്കാനും വൈകാരികമായ പങ്കുവെക്കലുകൾ വർദ്ധിപ്പിക്കാനും സാധിക്കും. രോഗിയെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ, അതിനായി നിലകൊള്ളുന്ന പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്നതും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

നയപരമായ മാറ്റങ്ങളും ആഗോള തലത്തിലെ പ്രത്യാഘാതങ്ങളും

സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ സർക്കാർതലത്തിലുള്ള നയങ്ങളും സ്ഥാപനങ്ങളുടെ സമീപനങ്ങളും മാറേണ്ടതുണ്ട്. വ്യക്തികളുടെ ജീവിതാ നുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മാനസികാരോഗ്യ സേവനങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ അത് കൂടുതൽ ജനകീയവും ഫലപ്രദവുമാകുന്നു. പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്ന 'സൈക്യാട്രിക് ഹോസ്പിറ്റൽ' അല്ലെങ്കിൽ മനോരോഗാശുപത്രി മുതലായ പേരുകൾക്ക് പകരം 'മെന്റൽ വെൽബീയിംഗ് സെന്ററുകൾ' അല്ലെങ്കിൽ 'ഹാപ്പിനസ് സെന്ററുകൾ' എന്നിങ്ങനെ പുനർനാമകരണം പേരുമാറ്റം വരുത്തുന്നത് വലിയൊരു ക്രിയാത്മകമായ മാറ്റത്തിന് വഴിതെളിക്കും.

സാധാരണക്കാരെ സംബന്ധിച്ച് ഒരു സൈക്യാട്രിക് സെന്ററിലേക്ക് പോവുക എന്നത് സമൂഹത്തിന്റെ മാറ്റിനിർത്തലിന് കാരണമാകുമോ എന്ന ഭയം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ജീവിതത്തിന്റെ സാധാരണ ഭാഗമാണ് മാനസിക ക്ഷേമം എന്ന സന്ദേശം നൽകുന്ന പേരുകളും അന്തരീക്ഷവും വരുമ്പോൾ, ആളുകൾക്ക് ഭയമോ മടിയോ കൂടാതെ ഇത്തരം കേന്ദ്രങ്ങളെ സമീപിക്കാൻ സാധിക്കും. ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ഇത്തരം നയപരമായ മാറ്റങ്ങൾ ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്. സ്കൂളുകളിലും തൊഴിലിടങ്ങളിലും ഇൻക്ലൂസീവ് ആയ അന്തരീക്ഷം സൃഷ്ടിക്കാനും സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ഇത് വഴിതുറക്കുന്നു.

മാനസികാരോഗ്യവും ശാരീരിക പ്രവർത്തനങ്ങളും

ഒരു വ്യക്തിയുടെ സമ്പൂർണ്ണ മാനസിക ക്ഷേമത്തിൽ ശാരീരിക അധ്വാനത്തിനും വിനോദങ്ങൾക്കും വളരെ വലിയ പങ്കുണ്ട്. കുട്ടികളുടെ വളർച്ചയിൽ കളിചിരികളും ശാരീരിക പ്രവർത്തനങ്ങളും ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, അവരുടെ വൈകാരികവും മാനസികവുമായ വികാസത്തിനും അത്യാവശ്യമാണ്. കളികളിൽ ഏർപ്പെടുമ്പോൾ കുട്ടികളിൽ ഭാവന, പ്ലാനിംഗ്, കോർഡിനേഷൻ എന്നിവ മെച്ചപ്പെടുകയും വൈകാരികമായ സന്തോഷം കൈവരികയും ചെയ്യുന്നു.

മുതിർന്നവരുടെ കാര്യത്തിലും ശാരീരിക അധ്വാനവും വ്യായാമവും മാനസികാരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. കൃത്യമായ ഫിസിക്കൽ ആക്ടിവിറ്റി ബോഡിയിലെ ഹോർമോൺ സന്തുലനം നിലനിർത്താനും 'ഇന്റേണൽ ബോഡി ക്ലോക്കിനെ' റെഗുലേറ്റ് ചെയ്യാനും സഹായിക്കുന്നു. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനും, അറ്റൻഷൻ അഥവാ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനും, ദൈനംദിന ജീവിതത്തിലെ പിരിമുറുക്കങ്ങളും ഉത്കണ്ഠയും കുറയ്ക്കാനും വലിയ തോതിൽ സഹായിക്കുന്നു.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. ഒറ്റപ്പെടലിനേക്കാൾ മറ്റുള്ളവരുമായി ഊഷ്മളമായ ബന്ധങ്ങൾ സ്ഥാപിക്കാനും അംഗീകരിക്കപ്പെടാനുമാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. മാനസികാരോഗ്യം എന്നത് കേവലം രോഗ വർഗ്ഗീകരണം മാത്രമല്ല, മറിച്ച് ഓരോ മനുഷ്യന്റെയും അനുഭവങ്ങളെയും അതിലൂടെയുള്ള അവരുടെ ജീവിത യാത്രകളെയും തിരിച്ചറിയലാണ്. മാനസികാരോഗ്യ വെല്ലുവിളികൾ അതിജീവിച്ചവരുടെ ശബ്ദങ്ങൾക്ക് കാതോർക്കുകയും, അവരുടെ അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുമ്പോൾ മാത്രമേ കൂടുതൽ സുരക്ഷിതവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയുള്ളൂ.

വിവരങ്ങൾ നൽകിയത്

ജോസഫ് സണ്ണി കുന്നശ്ശേരി

കൊച്ചി പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനും

പ്രിയങ്ക അഴകത്ത്

സൂപ്പർവൈസർ & ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (ആർസിഐ)

പ്രയത്‌ന ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, കൊച്ചി

Content Highlights: Explore the importance of recognizing individual experiences in mental health treatment for effective societal change and improved emotional well-being.