ചർമത്തിലെ ചൊറിച്ചിൽ, മുടി വരണ്ടു പൊട്ടിപ്പോകൽ; മഞ്ഞുകാല സൗന്ദര്യസംരക്ഷണത്തിന് ഈസി ടിപ്സ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോ​ഗ്യ-സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നവർക്ക് ആധി പകരുന്ന സമയമാണ് മഞ്ഞുകാലം. ചർമം വിണ്ടുകീറുക, വലിഞ്ഞുമുറുകുക, മുടികൊഴിച്ചിൽ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒന്നിനുപുറകെ ഒന്നായി വന്നെത്തുക. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്ന ഒരു കാലവുമാണ് മഞ്ഞുകാലം. തണുപ്പു കാലത്ത് ചർമവും മുടിയും സംരക്ഷിക്കാൻ ചില പൊടിക്കൈകൾ വീട്ടിൽ തന്നെ ശീലമാക്കിയാൽ മതി.

പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം മൂലം ചർമത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാവും. ചുവന്ന പാടുകളും വരൾച്ചയും ചൊറിച്ചിലുമെല്ലാം ഈ കാലാവസ്ഥയിൽ സ്വാഭാവികമാണ്. നല്ല മോയിസ്‌ച്ചറൈസറുകൾ ഉപയോഗിച്ച് ചർമത്തെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നന്നായി വെള്ളം കുടിച്ച് ചർമം ഹൈഡ്രേറ്റ് ആയി വെയ്ക്കണ്ടതും ഈ കാലാവസ്ഥയിൽ വളരെ അത്യാവശ്യമാണ്.

ഇരട്ടിമധുരം ഇട്ട്‌ തിളപ്പിച്ച കാപ്പി, ചക്കരയോ കൽക്കണ്ടമോ ചേർത്ത് മഞ്ഞുകാലത്ത് കുടിക്കുന്നത് മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ചർമത്തിൽ ചൊറിച്ചിൽ വരാതെ തടയുന്നതിന് വളരെ നല്ലതാണ്. ഒപ്പം, ശരീരത്തിന്റെ പ്രതിരോധശേഷിയും വർധിക്കും

എണ്ണയാണ് താരം

മുടിയിലായാലും ചർമത്തിലായാലും ചുണ്ടിലായാലും എണ്ണയ്ക്ക് അദ്ഭുതങ്ങൾ പ്രവർത്തിക്കാനാവും. ഇതിലും നല്ല നാച്ചുറൽ മോയിസ്ച്ചറൈസർ വേറെയില്ല. നന്നായി ഓയിൽ മസ്സാജ് ചെയ്ത്, ഇളം ചൂടുള്ള വെള്ളത്തിൽ ദിവസവും കുളിച്ചാൽ മഞ്ഞുകാലത്തെ ഒരുവിധം ചർമ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം.

വിണ്ടുകീറുന്ന കാൽപ്പാദം

മഞ്ഞുകാലത്ത് പലർക്കും ഉണ്ടാവാൻ സാധ്യതയുള്ള ഒരു ചർമരോഗമാണ് കാൽപ്പാദങ്ങളിലെ വിണ്ടുകീറൽ. ഇതിന്‌ പരിഹാരമായി, ‘കറ്റാർവാഴ ജെല്ലി’ൽ ‘വിറ്റാമിൻ-ഇ’ കാപ്‌സ്യൂളും തേനും നെയ്യും ചേർത്ത് ഉപ്പൂറ്റിയിൽ പുരട്ടിയാൽ മതി. മോയിസ്ച്ചറൈസറുകൾ ഉപയോഗിച്ചും കാൽപ്പാദം വൃത്തിയായി സൂക്ഷിച്ചും ഒരു പരിധിവരെ വീണ്ടുകീറൽ വരാതെ തടയാം. രാത്രികളിൽ വിറ്റാമിൻ-ഇ അടങ്ങിയ മോയിസ്ച്ചറൈസറുകൾ കാൽപ്പാദങ്ങളിൽ പുരട്ടി സോക്സ് ഉപയോഗിക്കുക. പാദം മൂടുന്ന ചെരിപ്പുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

കേശ സംരക്ഷണം മഞ്ഞുകാലത്ത്

മഞ്ഞുകാലത്ത് പൊതുവേ മുടി വരണ്ടുണങ്ങി പൊട്ടിപ്പോകാനുള്ള സാധ്യത ഒരുപാടുണ്ട്. ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. ഉപയോഗിക്കുന്നെങ്കിൽത്തന്നെ, മൈൽഡ് ഷാംപൂവോ, വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത താളികളോ ഉപയോഗിക്കുക.

കണ്ടീഷനറുകൾ ഉപയോഗിക്കാം. പ്രകൃതിദത്തമായ നല്ല കണ്ടീഷനറാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലും തേനും ചേർത്ത് മുടിയിൽ പുരട്ടി കഴുകുന്നത് മുടിയുടെ വരൾച്ച ഇല്ലാതാക്കും.

ഹെയർ ഡ്രയറുകൾ ഒഴിവാക്കുക. പ്ലാസ്റ്റിക് ചീപ്പുകൾക്കു പകരം മരം കൊണ്ടുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടി ഡ്രൈ ആകുന്നത് ഒരു പരിധിവരെ തടയും.

മുട്ടയുടെ വെള്ള, കറ്റാർവാഴ പൾപ്പ്, തേങ്ങാപ്പാൽ, ചോറ് അരച്ചത് ഇവ തുല്യ അളവിൽ യോജിപ്പിച്ച്‌ കഞ്ഞിവെള്ളം ചേർത്ത് മുടിയിൽ പുരട്ടി ഒരുമണിക്കൂർ കഴിഞ്ഞ് ഒരു മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയഞ്ഞാൽ മഞ്ഞുകാലത്തും മുടി പട്ടുപോലെ തിളങ്ങും.

Content Highlights: how to take care of skin and hair in winter