ഇത്ര ഈസിയാണോ താരനെ തുരത്തൽ; വീട്ടിൽ തന്നെയുണ്ട് എളുപ്പവഴികൾ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ന്ന് ഭൂരിഭാ​ഗം പേരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ. പലപ്പോഴും മുടിയിഴകൾ കൊഴിഞ്ഞു തുടങ്ങുമ്പോഴാകും പലരും വിഷയത്തെ ​ഗൗരവമായി എടുക്കുന്നത്. തലയിൽ അമിതമായി എണ്ണമയം നിൽക്കുന്നതും താരൻ വർധിപ്പിക്കാൻ ഇടയാക്കാറുണ്ട്. താരനകറ്റാൻ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന ചില മാർ​ഗങ്ങൾ എന്തൊക്കെയെന്നു നോക്കാം. 

ആര്യവേപ്പ്: ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ മികച്ച മാർ​ഗങ്ങളിലൊന്നാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്തു വരുമ്പോൾ ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ​ഗുണം ചെയ്യും. 

നാരങ്ങയും വെളിച്ചെണ്ണയും: വീട്ടിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും വെളിച്ചെണ്ണയും ഉപയോ​ഗിച്ചും താരനകറ്റാൻ വഴിയുണ്ട്. ആദ്യം രണ്ട് ടേബിൾസ്പൂൺ‌‍ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

ഉലുവ: നിരവധി ഔഷധ ​ഗുണങ്ങളുള്ള ഉലുവ കൊണ്ട് താരനെ തുരത്താൻ വഴിയുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വെക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. 

തൈര്: താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽ‌പം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോ​ഗിച്ച് നീക്കം ചെയ്യാം. 

മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്. മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്തതിനുശേഷമാണ് മുട്ടയുടെ മഞ്ഞ പുരട്ടേണ്ടത്. പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോ​ഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവെക്കാം. ശേഷം ഷാംപൂ ഉപയോ​ഗിച്ച് നന്നായി കഴുകിക്കളയാം. ദുർ​ഗന്ധം ഇല്ലെന്നും ഉറപ്പുവരുത്തണം. 

Content Highlights: home remedies to cure dandruff naturally