ഒരിക്കല്‍ പ്രിയപ്പെട്ടവരുടെ കൊഞ്ചിക്കലിന്റെ ശബ്ദം അവന് കണ്ണുകളിലെ കാഴ്ചകള്‍ മാത്രമായിരുന്നു

ഗുഡ് മോണിങ്ങ് ഡോക്ടര്‍'
വാതിലിന് പുറം തിരിഞ്ഞിരുന്ന് കമ്പ്യൂട്ടറില്‍ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു, പുറകില്‍ നിന്ന് കേട്ട ശബ്ദത്തിന്റെ ഉടമ ആരാണെന്നറിയാന്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അത് ആര്യനാണ്. കഴിഞ്ഞ നാല് വര്‍ഷമായി ആ ശബ്ദം ഞങ്ങളുടെ കൂടെയുണ്ട്. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ അവരുടെ ചുണ്ടുകളുടെ ചലനങ്ങളിലേക്ക് സസൂക്ഷ്മം നോക്കിക്കൊണ്ടിരുന്ന ആറ് വയസ്സുകാരനില്‍ നിന്ന് പാട്ടുപാടുന്ന, കഥപറയുന്ന, എന്ത് ചോദ്യത്തിനും ഉത്തരം പറയുന്ന പത്ത് വയസ്സുകാരനിലേക്കുള്ള മാറ്റം, അര്‍ത്ഥശൂന്യമാകുമായിരുന്ന ജീവിതത്തില്‍ നിന്ന് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിലേക്കുള്ള മാറ്റം കൂടിയായിരുന്നു.
നിശ്ശബ്ദതയുടെ ലോകത്തേക്കാണ് ആര്യന്‍ പിറന്ന് വീണത്. അമ്മയുടെ താരാട്ടിന്റെ ഈണം അവന്റെ കാതുകളില്‍ വെറും പ്രകമ്പനങ്ങള്‍ മാത്രമേ സൃഷ്ടിച്ചിരുന്നുള്ളൂ. പ്രിയപ്പെട്ടവരുടെ കൊഞ്ചിക്കലിന്റെ ശബ്ദം അവന്റെ കണ്ണുകളിലെ കാഴ്ചകള്‍ മാത്രമായി അവശേഷിച്ചിരുന്നു. പരിശോധനയില്‍ ശ്രവണവൈകല്യം തിരിച്ചറിഞ്ഞു. ഏത് രക്ഷിതാക്കളും നിരാശരാകുന്ന അവസ്ഥ. പക്ഷെ ആര്യന്റെ രക്ഷിതാക്കള്‍ ആ അവസ്ഥയെ പെട്ടെന്ന് തന്നെ മറികടന്നു. വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ മകന്റെ കേള്‍വിയും അവന്റെ സംസാരവുമായി ഇരുവരും സ്വയം മാറി. തുടര്‍ന്ന് ശ്രവണ സഹായി ഉപയോഗിച്ച് പരിശീലനം നടത്തി. കേള്‍വിശേഷിയില്‍ അല്‍പ്പം പുരോഗതിയുണ്ടായി എന്നിരുന്നാലും സാധാരണ കുഞ്ഞുങ്ങളുടെ ശേഷിയിലേക്ക് മാത്രം വളര്‍ന്നില്ല. ഈ ഘട്ടത്തിലാണ് കോക്ലിയര്‍ ഇംപ്ലാന്റിന്റെ സാധ്യതകള്‍ തേടി അവര്‍ എന്റെ ഒ. പി യില്‍ എത്തിയത്.
വിശദമായ പരിശോധനയില്‍ ആന്തരിക കര്‍ണ്ണത്തിലെ ചില കോശങ്ങളിലെ തകരാറാണ് പ്രശ്‌നം എന്ന് മനസ്സിലായി. മരുന്ന് ഉപയോഗിച്ചോ, ശ്രവണ സഹായി ഉപയോഗിച്ചോ ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു. പിന്നെയുള്ള ഏറ്റവും ഫലപ്രദവമായ പ്രതിവിധി കോക്ലിയാര്‍ ഇംപ്ലാന്റ് സ്വീകരിക്കുക എന്നതായിരുന്നു. എന്നാല്‍ കോക്ലിയാര്‍ ഇംപ്ലാന്റിന്റെ ഏറ്റവും മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് വയസ്സിന് മുന്‍പെ ശസ്ത്രക്രിയ നിര്‍വ്വഹിച്ച് ഇംപ്ലാന്റ് നടത്തണം. എങ്കിലും പ്രതീക്ഷ കൈവിടാതെ ആര്യനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ആര്യന്റെ കേള്‍വി തകരാറിന്റെ പ്രത്യേകതതകളും, ചെവിയുടെ സവിശേഷതകളുമെല്ലാം പരിഗണിച്ച് ഓഡിയേളജിസ്റ്റ് സ്പീച്ച് പ്രൊസസ്സര്‍ സെറ്റ് ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഓഡിയോളജിസ്റ്റുമാരായ ഷമീന താജ്, ധന്യ, സിന്‍ജു എന്നിവര്‍ ചേര്‍ന്ന് ഈ വെല്ലുവിളി ഫലപ്രദമായി മറികടന്നു.
കോക്ലിയര്‍ ഇംപ്ലാന്റ് എത്ര വിജയകരമായി പൂര്‍ത്തീകരിച്ചാലും പുറം ലോകത്തിന്റെ ശബ്ദവുമായുള്ള സ്വാഭാവികബന്ധം കുറഞ്ഞ കുഞ്ഞിനെ ശബ്ദത്തിന്റെയും സംസാരത്തിന്റെയും ലോകത്തേക്ക് തിരികെ എത്തിക്കുന്നതില്‍ സ്പീച്ച് തെറാപ്പിക്ക് വലിയപങ്കാണുള്ളത്. എന്നാല്‍ സ്പീച്ച തെറാപ്പിസ്റ്റിന്റെ ഇടപെടലുകള്‍ക്കും പരിധിയുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തണമെങ്കില്‍ രക്ഷിതാക്കളുടെ സഹകരണം നിര്‍ബന്ധമാണ്. കുഞ്ഞിനെ പൂര്‍ണ്ണതയിലേക്ക് മടക്കിക്കൊണ്ടുവരണമെങ്കില്‍ രക്ഷിതാക്കളുടെ അക്ഷീണമായ പ്രയത്‌നം അനിവാര്യമാണ്. കോക്ലിയാര്‍ ഇംപ്ലാന്റ് ഫലപ്രദമായി പൂര്‍ത്തീകരിച്ചിട്ടും രക്ഷിതാക്കളുടെ ഉദാസീനതകൊണ്ട് മാത്രം പൂര്‍ണ്ണമായ ഫലം ലഭിക്കാതെ പോയ എത്രയോ കേസുകള്‍ എനിക്ക് വ്യക്തിപരമായി അറിയാം. അതിനാല്‍ ആര്യനോടൊപ്പം തന്നെ അവന്റെ രക്ഷിതാക്കളെയും സ്പീച്ച് തെറാപ്പിയുടെ ഭാഗമാക്കാന്‍ ഞങ്ങളുടെ സ്പീച്ച് തെറാപ്പിസ്റ്റ് മേരി ടീച്ചര്‍ നിര്‍ബന്ധബുദ്ധി കാണിച്ചു. മകന്റെ പരിശീലനത്തില്‍ രക്ഷിതാക്കളും വിട്ടുവീഴ്ചകാണിച്ചില്ല.
രണ്ട് വയസ്സുകാരന് ആവശ്യമായ തെറാപ്പിയും ആറ് വയസ്സ് കാരന് ആവശ്യമായ തെറാപ്പിയും തമ്മില്‍ വലിയ അന്തരമുണ്ട്. അല്‍പ്പം പ്രയാസപ്പെട്ടാണെങ്കിലും രക്ഷിതാക്കളുടെ കൂടി ആത്മാര്‍ത്ഥമായ പരിശ്രമത്തില്‍ ആര്യന്‍ പെട്ടെന്ന് തന്നെ ശബ്ദത്തെ തിരിച്ചറിയുകയും, ഇഷ്ടപ്പെടുകയും അതിന്റെ വിഭിന്നങ്ങളായ വശങ്ങളെ മനസ്സിലാക്കിത്തുടങ്ങുകയും ചെയ്തു.
ഇപ്പോള്‍ നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്റെ ഒ. പി യില്‍ എത്തിയ ആര്യന്‍ ആവേശത്താല്‍ അച്ഛന്റെ ഫോണില്‍ എനിക്ക് ഒരു വീഡിയോ കാണിച്ചു തന്നു. അതില്‍ അവന്‍ വളരെ സ്പഷ്ടമായ വാക്കുകളാല്‍ പാടുകയാണ്...
' ഒരു തൈ നടാം കുഞ്ഞുമക്കള്‍ക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...'
(കോഴിക്കോട് മിംസിലെ ഇ.എന്‍.ടി ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: doctor shares his experience about a life of small boy after cochlear implant
Content Highlights: