പുകവലിക്കുന്നവരെ മാത്രം ബാധിക്കുന്ന രോഗമല്ലിത്, കുട്ടിക്കാലത്തെ ന്യുമോണിയ സി.ഒ.പി.ഡി-ക്ക് കാരണമാകുമോ?

സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് എന്ന് കേൾക്കുമ്പോൾ പുകവലിക്കുന്നവരെ മാത്രമാണ് ഈ രോഗം ബാധിക്കുക എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ കുട്ടിക്കാലത്ത് ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് ന്യുമോണിയ പോലെയുള്ള ശ്വാസകോശ അണുബാധകൾ, വർഷങ്ങൾക്ക് ശേഷം സി.ഒ.പി.ഡി വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് എത്രപേർക്കറിയാം?
കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകളും മുതിർന്നവരിലെ ശ്വാസകോശരോഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും ഇവ എങ്ങനെയാണ് ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും ബാധിക്കുന്നതെന്നും ഒരു പൾമണോളജി വിദഗ്ധൻ എന്ന നിലയിൽ ഇവിടെ വിശദീകരിക്കാം.
എന്താണ് സി.ഒ.പി.ഡി?
ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന ഒരു ദീർഘകാല രോഗാവസ്ഥയാണ് സി.ഒ.പി.ഡി. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ്, ശ്വാസംമുട്ടൽ എന്നിവയാണ് ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. ഇത് പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിച്ചു നിർത്താനാകും.
ബാല്യകാലത്തെ ന്യുമോണിയ എങ്ങനെ സി.ഒ.പി.ഡി-യിലേക്ക് നയിക്കുന്നു?
മനുഷ്യന്റെ ശ്വാസകോശം ജനനശേഷം മുതൽ ഏകദേശം 20-25 വയസ്സുവരെയാണ് ശ്വാസകോശത്തിന്റെ പരമാവധി വളർച്ച പ്രാപിക്കുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ ശ്വാസകോശം അതിന്റെ പ്രവർത്തനക്ഷമതയുടെ ഉച്ചസ്ഥായിയിൽ എത്തുന്നു. അതിനുശേഷം പ്രായമാകുന്നതിനനുസരിച്ച് വളരെ പതുക്കെ ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞുവരും. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്.
അതിനാൽ കുട്ടിക്കാലത്ത് പ്രത്യേകിച്ച് ആദ്യത്തെ അഞ്ച് വർഷങ്ങളിൽ ഉണ്ടാകുന്ന കടുത്ത ന്യുമോണിയ പോലെയുള്ള ശ്വാസകോശ അണുബാധകൾ ശ്വാസകോശത്തിന്റെ സ്വാഭാവിക വളർച്ചയെ കാര്യമായി ബാധിക്കും. കാരണം കുട്ടിക്കാലത്തെ അണുബാധകൾ ശ്വാസകോശത്തിലെ വായു അറകൾക്കും ശ്വാസനാളികൾക്കും കേടുപാടുകൾ വരുത്തുന്നു. ഇത് മൂലം കുട്ടികൾക്ക് 20 വയസ്സാകുമ്പോഴേക്കും ലഭിക്കേണ്ട പരമാവധി ശ്വാസകോശ ശേഷി (ലങ് കപ്പാസിറ്റി) ലഭിക്കാതെ വരുന്നു.
സാധാരണഗതിയിൽ ഒരു വ്യക്തിക്ക് പ്രായമാകുമ്പോൾ ശ്വാസകോശത്തിന്റെ ശേഷി കുറയും എന്ന് പറഞ്ഞല്ലോ. എന്നാൽ കുട്ടിക്കാലത്ത് ന്യുമോണിയ വന്നവരിൽ അടിസ്ഥാനപരമായിത്തന്നെ ശ്വാസകോശ ശേഷി കുറവായതിനാൽ പ്രായമാകുമ്പോഴുള്ള ഈ സ്വാഭാവിക കുറവ് വളരെ വേഗത്തിൽ അവരെ സി.ഒ.പി.ഡി എന്ന രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നു. അതായത് പുകവലിക്കാത്തവരാണെങ്കിൽ കൂടി ഇവർക്ക് സി.ഒ.പി.ഡി വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പുകവലി മുതൽ അടുപ്പിലെ പുകവരെ പ്രശ്നം, മരണകാരണമായ രോഗങ്ങളിൽ മൂന്നാമത്; COPD-ക്കെതിരെ കരുതൽ വേണം
അപകടസാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ
കുട്ടിക്കാലത്ത് ന്യുമോണിയ വന്ന ഒരാൾ മുതിർന്നതിനു ശേഷം താഴെ പറയുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോയാൽ രോഗം വരാനുള്ള സാധ്യത ഇരട്ടിയാകും:
പുകവലി: നേരിട്ടുള്ള പുകവലിയും, മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നതും ശ്വാസകോശത്തെ വേഗത്തിൽ നശിപ്പിക്കും.
അന്തരീക്ഷ മലിനീകരണം: വാഹനങ്ങളിൽ നിന്നുള്ള പുക, പൊടിപടലങ്ങൾ എന്നിവ നിരന്തരം ശ്വസിക്കുന്നത്. കൂടാതെ വീടിനുള്ളിലെ വിറകടുപ്പിൽ നിന്നുള്ള പുക, കൊതുക് തിരികൾ എന്നിവ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.
രോഗനിർണ്ണയവും ചികിത്സയും
തുടർച്ചയായ ചുമയോ കിതപ്പോ അനുഭവപ്പെടുന്നവർ തീർച്ചയായും ഒരു പൾമണോളജിസ്റ്റിനെ കാണേണ്ടതാണ്. സ്പൈറോമെട്രി എന്ന ലളിതമായ പരിശോധനയിലൂടെ ശ്വാസകോശത്തിന്റെ ശേഷി അളക്കാനും സി.ഒ.പി.ഡി ഉണ്ടോ എന്ന് കണ്ടെത്താനും സാധിക്കും. ശ്വാസനാളികൾ വികസിപ്പിക്കാനുള്ള ഇൻഹേലറുകൾ, പൾമണറി റീഹാബിലിറ്റേഷൻ എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ.
കുട്ടികളെയും മുതിർന്നവരെയും എങ്ങനെ സംരക്ഷിക്കാം?
ഒരു പരിധിവരെ സി.ഒ.പി.ഡി-യെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. അതിനായി മാതാപിതാക്കളും മുതിർന്നവരും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
കുട്ടികൾക്ക് കൃത്യമായ വാക്സിനേഷൻ നൽകുക: ന്യുമോണിയയെ പ്രതിരോധിക്കാനുള്ള ന്യുമോക്കോക്കൽ വാക്സിൻ, ഇൻഫ്ലുവൻസ വാക്സിൻ എന്നിവ കുട്ടികൾക്ക് കൃത്യസമയത്ത് നൽകുക.
നേരത്തെയുള്ള ചികിത്സ: കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ കടുത്ത പനിയോ ചുമയോ വന്നാൽ സ്വയം ചികിത്സിക്കാതെ ഉടനടി ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കുക.
പുകവലി ഒഴിവാക്കുക: ഗർഭാവസ്ഥയിലും കുട്ടികളുടെ സാന്നിധ്യത്തിലും പുകവലിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
മുതിർന്നവർക്കുള്ള വാക്സിനേഷൻ: സി.ഒ.പി.ഡി സാധ്യതയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും ന്യുമോണിയ, ഫ്ലൂ വാക്സിനുകൾ എടുക്കുന്നത് രോഗം ഗുരുതരമാകാതിരിക്കാൻ സഹായിക്കും.
സി.ഒ.പി.ഡി എന്നത് കേവലം വാർധക്യത്തിലോ പുകവലിക്കുന്നവരിലോ മാത്രം പെട്ടെന്നുണ്ടാകുന്ന ഒരു രോഗമല്ല. അതിന്റെ വേരുകൾ പലപ്പോഴും നമ്മുടെ കുട്ടിക്കാലത്ത് തന്നെ ആരംഭിക്കുന്നതാണ്. ബാല്യകാലത്തിൽ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഭാവിയിൽ മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള അടിസ്ഥാന പടിയാണ്. അതിനാൽ നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കുക ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക.
(കോട്ടക്കൽ ആസ്റ്റർ മിംസിൽ പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.)
Content Highlights: Childhood pneumonia can significantly increase the risk of developing COPD later in life, even in non-smokers, due to impaired lung growth.