ചൊറിച്ചിലോടെ ചുവന്നുതിണർത്ത പാടുകളായി തുടക്കം; ചിക്കൻപോക്സ്, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കേരളത്തിൽ ചിക്കൻപോക്സ് പടർന്നുപിടിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെയായി പത്രമാധ്യമങ്ങളിൽ നിറയുന്നുണ്ട്. തണുപ്പ് മാറി ചൂട് വരുന്ന കാലാവസ്ഥകളിൽ ഈ രോഗാവസ്ഥ പൊതുവേ കണ്ടുവരുന്നതാണ്. എന്നിരുന്നാലും ജനങ്ങൾ എപ്പോഴും ഒരു ഭീതിയുടെ നിഴലിൽ നിർത്തുന്ന ഒരു രോഗമാണല്ലോ ചിക്കൻ പോക്സ്. അതോടൊപ്പം കുറേ തെറ്റിദ്ധാരണകളും ഈ രോഗത്തെ ചുറ്റിപ്പറ്റിയുണ്ട്. ദേവി പ്രസാദിച്ചതാണ് ദേഹത്ത് കുരുക്കളായി പ്രത്യക്ഷപ്പെട്ടതെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ പലരും ചികിത്സ തേടാറുമില്ല. ദേഹത്ത് നിന്ന് കുരുക്കൾ അപ്രത്യക്ഷമാകുന്നതുവരെ കുളിക്കാൻ പാടില്ലെന്നും വേപ്പില ഇട്ട് അതിൽക്കിടക്കണമെന്നുമൊക്കെ കരുതുന്നവരുണ്ട്.
വേരിസെല്ല സോസ്റ്റർ വൈറസ് '(varicella zoster virus) എന്നാണ് ചിക്കൻ പോക്സ് പരത്തുന്ന വൈറസിൻ്റെ പേര്. വായുവഴി വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഈ വൈറസിന് എത്തിച്ചേരാൻ സാധിക്കും. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് തുറന്നു വിടപ്പെടുന്ന വൈറസ് വളരെപ്പെട്ടെന്ന് തന്നെ അടുത്ത ആളിലേക്ക് പകർന്നിട്ടുണ്ടാവും. രോഗത്തിന്റെ ഇൻക്യൂബെഷൻ കാലാവധി 10-21 ദിവസം വരെയാണ്, അതായത് ഒരാളുടെ ശരീരത്തിൽ രോഗാണു കയറിക്കഴിഞ്ഞ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 21 ദിവസങ്ങൾ വരെ എടുക്കാം.
നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപുതന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്.
നെഞ്ചിലോ, പുറകിലോ, മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ പതുക്കെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടെ നിറയുന്നു. അസുഖത്തിന്റെ കാഠിന്യമനുസരിച്ച് വായ, കൈവള്ള, കാൽപ്പാദം, ഗുഹ്യഭാഗങ്ങൾ എന്നീ ഇടങ്ങൾ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും.
മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ ചിക്കൻപോക്‌സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്‌സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വീണ്ടും ശരീരത്തിലേക്ക് കടന്നുകയറിയാലും ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശരീരം സ്വയം പ്രതിരോധിച്ച് നിർത്താറാണ് പതിവ്. എന്നിരുന്നാലും ചിക്കൻപോക്സ് രോഗത്തെ അവഗണിച്ച് ചികിത്സ തേടാതിരുന്നാൽ ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ തുടങ്ങിയ രോഗാവസ്ഥയിലേക്കും മാറാറുണ്ട്.
രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. കുട്ടികളിൽ 12-16 മാസത്തിനിടയിൽ ആദ്യ കുത്തിവെപ്പും 4-6 വയസിനിടയിൽ രണ്ടാം കുത്തിവെപ്പും നൽകും. മുതിർന്നവരിൽ രണ്ടു കുത്തിവെപ്പുകൾ ഒരു മാസം ഇടയിട്ടു നൽകാം. രണ്ടു കുത്തിവെപ്പും എടുക്കുന്നവരിൽ അസുഖം വരാനുള്ള സാധ്യത വളരെ കുറവാണ്. ചെറിയ ഒരു ശതമാനം പേരിൽ രോഗം വന്നാൽ പോലും അതിൽ ഗുരുതരാവസ്ഥയിലെത്താൻ സാധ്യതയില്ല.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Chickenpox cases rising in Kerala. Know symptoms, causes, transmission & how to prevent it.