ഊണില്ല, ഉറക്കമില്ല, വിഷാദവും ഉന്മാദവും; എന്താണ് ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡര്‍, എങ്ങനെ ചികിത്സിക്കാം ?

ഭാര്യയോടും സഹോദരനോടുമൊപ്പമാണ് ആറ് മാസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് എന്റെ അടുത്ത് വന്നത്. സംസാരിച്ച് തുടങ്ങിയത് ആനന്ദിന്റെ സഹോദരനാണ്. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് ആനന്ദ്. സ്ഥാപനത്തിലെ ഏറ്റവും മികച്ച ജീവനക്കാരില്‍ ഒരാള്‍. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ല. കവിതയെഴുത്താണ് പണി. ഊണില്ല, ഉറക്കമില്ല, എപ്പോള്‍ നോക്കിയാലും കവിതയെഴുത്ത് തന്നെ.
'ആനന്ദ്, താങ്കള്‍ക്ക് എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെടുന്നുണ്ടോ?'
എന്റെ ചോദ്യത്തിന് നിര്‍ത്താതെയുള്ള മറുപടിയാണ് ആനന്ദില്‍ നിന്ന് ലഭിച്ചത്.
'ഡോക്ടര്‍, ഞാന്‍ വളരെ സന്തോഷവാനാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് നൂറിലധികം കവിതകള്‍ ഞാനെഴുതി ഡോക്ടര്‍. എനിക്ക് ജീവിതത്തിന്റെ സന്തോഷം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്റെ കവിതകള്‍ ലോകത്തിന്റെ മുന്നിലെത്തിക്കണം, അത് വായിക്കുന്നവരെല്ലാവരും സന്തോഷിക്കും.....' ആനന്ദ് പറഞ്ഞുകൊണ്ടേയിരുന്നു.
'മുന്‍പ് എപ്പോഴെങ്കിലും ഇദ്ദേഹം ഇതുപോലെ ഊര്ജ്ജസ്വലനായിരിക്കുകയോ, അല്ലെങ്കില്‍ നിരാശാബാധിതനായി കാണപ്പെടുകയോ ചെയ്തിരുന്നോ?'
എന്റെ ചോദ്യം സഹോദരനോടായിരുന്നു. പക്ഷെ ഉത്തരം പറഞ്ഞത് ആനന്ദിന്റെ ഭാര്യയാണ്.
'അതെ സര്, ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് കുറേ ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ നിരാശാബാധിതനായിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് മറ്റൊരു സൈക്യാട്രിസ്റ്റിനെ കാണിച്ചിരുന്നു. മരുന്നൊക്കെ കഴിച്ച് ഭേദമായി ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ മരുന്ന് സ്വയം നിര്‍ത്തിയതാണ്.'
കൂടുതലൊന്നും പറയേണ്ടി വന്നില്ല. അസുഖം ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍ ആണ്. മരുന്ന് കഴിക്കേണ്ടി വരുമെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആനന്ദ് ആകെ അസ്വസ്ഥനായി.
'എന്തിന് ഡോക്ടര്‍, ഞാന്‍ സന്തോഷവാനാണ്. കവിതയെഴുതുന്നു. മരുന്ന് കഴിച്ചാല്‍ എന്റെ സര്‍ഗ്ഗശേഷി നഷ്ടപ്പെട്ട് പോകില്ലേ. കവിതയെഴുതാതെ ഞാനെങ്ങിനെ ജീവിക്കും?
ഈ അവസ്ഥ അഭിമുഖീകരിക്കുന്നവരെ ചികിത്സിക്കുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി മരുന്ന് കഴിക്കേണ്ട അവസ്ഥയാണ് എന്നത് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി. മരുന്ന് കഴിപ്പിക്കാനുള്ള ചുമതല സഹോദരനും ഭാര്യയും ഏറ്റെടുത്തു.
എന്താണ് ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡര്‍?
യഥാര്‍ത്ഥത്തില്‍ ദീര്‍ഘകാല ചികിത്സ ആവശ്യമായ ഒരു മാനസികാരോഗ്യ പ്രശ്നമാണ് ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡര്‍. രണ്ട് തരത്തിലാണ് ഈ രോഗാവസ്ഥ പ്രധാനമായും കാണപ്പെടുന്നത്. ചിലരില്‍ മാനിയ അല്ലെങ്കില്‍ ഹൈപ്പോമാനിയ എന്ന ഉയര്‍ന്ന ഉന്മാദാവസ്ഥയാണ് കാണപ്പെടുന്നതെങ്കില്‍ മറ്റൊരു വിഭാഗത്തില്‍ വിഷദാവസ്ഥയാണ് രോഗത്തിന്റെ ലക്ഷണമായി കാണപ്പെടുന്നത്. രണ്ടായാലും കൃത്യമായി ചികിത്സിച്ചിട്ടില്ലെങ്കില്‍ വ്യക്തിജീവിതത്തെയും കുടുംബ ജീവിതത്തേയും തൊഴിലിനേയുമെല്ലാം ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുക എന്നതാണ് പരിണിതഫലം. ചിലര്‍ ആത്മഹത്യയില്‍ പോലും അഭയം തേടുന്നതും ഇതിന്റെ ഭാഗമായി കാണപ്പെടാറുണ്ട്. ശരിയായ ചികിത്സയും ജീവിതശൈലിയിലെ മാറ്റങ്ങളും സ്വീകരിച്ചാല്‍ ഏറെക്കുറെ സാധാരണമായ ജീവിതത്തിലേക്ക് മടങ്ങിയെത്തുവാനും സാധിക്കും.
വ്യത്യസ്ത ഘട്ടങ്ങള്‍
1. മാനിയയും ഹൈപ്പോമാനിയയും
ഉന്മാദാവസ്ഥയിലുള്ളവരില് കാണപ്പെടുന്ന രണ്ട് ലക്ഷണങ്ങളാണ് മാനിയയും ഹൈപ്പോമാനിയയും. അതിതീവ്രമായ ഉന്മാദാവസ്ഥയാണ് മാനിയ എന്നതില്‍ കാണപ്പെടുന്നത്. ഒരാഴ്ചക്കാലമൊക്കെ ഈ അതിതീവ്രമായ ഉന്മാദാവസ്ഥ നിലനില്ക്കും. ഈ സമയത്ത് ഇവര്‍ അമിതമായ ആവേശവും അക്രമമനോഭാവവുമൊക്കെ പ്രകടിപ്പിക്കും. അമിതമായ ഊര്‍ജ്ജം അനുഭവപ്പെടുന്നതിനാല്‍ ഉറക്കം നഷ്ടപ്പെടുകയും അമിതമായ രീതിയില്‍ വീര്യം കാണിക്കുകയും, അതിര്കടന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും, നിര്‍ത്താതെ സംസാരിക്കുകയും ആവേശത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും.
മാനിയയെക്കാള് താരതമ്യേന മൃദുവായ അവസ്ഥയാണ് ഹൈപ്പോമാനിയ. ഇതിന്റെ ഭാഗമായുള്ള ഉന്മാദാവസ്ഥ മൂന്നോ നാലോ ദിവസമൊക്കെ നീണ്ടുനില്‍ക്കും. മാനിയയുടെ അത്ര തീവ്രമല്ലെങ്കിലും അമിതമായ ഊര്‍ജ്ജവും ആവേശവും ഉറക്കക്കുറവുമൊക്കെ ഇതിന്റെ ഭാഗമായും കാണപ്പെടാം. ഈ അവസ്ഥ ചിലപ്പോള്‍ മാനിയയിലേക്കോ, അല്ലെങ്കില്‍ വിഷാദത്തിലേക്കോ വഴിമാറ്റപ്പെടാനും സാധ്യതയുണ്ട്.
2. വിഷാദാവസ്ഥ (ഡിപ്രഷന്)
എന്തിനാണ് വിഷമിക്കുന്നത് എന്ന് പോലും അറിയാത്ത രീതിയിലുള്ള സങ്കടം അനുഭവപ്പെടുന്നവരാണ് ബൈപ്പോളാര്‍ ഡിസീസില്‍ വിഷാദാവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍. കാരണമില്ലാതെ കരയുക, പണ്ട് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍ വിരക്തി അനുഭവപ്പെടുക, പെട്ടെന്ന് ക്ഷീണിക്കുക, എപ്പോഴും തനിച്ചിരിക്കുവാനും ഉറങ്ങുവാനും തോന്നുക, ചിലപ്പോള്‍ ഉറക്കം നഷ്ടപ്പെടുക തുടങ്ങിയവയൊക്കെയാണ് പൊതുവായ ലക്ഷണങ്ങള്‍. വിഷാദത്തിന്റെ അവസ്ഥയെ തന്നെ അതിന്റെ തീവ്രതയെ അനുസരിച്ച് മൂന്നായി തിരിച്ചിട്ടുണ്ട്. നേരിയ ദു:ഖവും, ക്ഷീണവും ദൈനംദിന പ്രവര്‍ത്തികളില്‍ താല്പര്യമില്ലാത്ത അവസ്ഥയുമൊക്കെ ഉള്‍പ്പെടുന്ന ആദ്യ ഘട്ടത്തെ മിതമായ വിഷാദം എന്ന് കണക്കാക്കാം. ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരിക, സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് മാറി നില്ക്കുക, ഭക്ഷണത്തോട് വിരക്തി തോന്നുക, ഉറക്കത്തിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ ഇടത്തരം വിഷാദത്തില്‍ ഉള്‍പ്പെടും. എന്നാല്‍ തീവ്രമായ വിഷാദത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്നവരില്‍ ആത്മഹത്യ പ്രവണത ഉള്‍പ്പെടെ കാണപ്പെടാം.
ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ചവരില്‍ ആത്മഹത്യാശ്രമത്തിനുള്ള സാധ്യത ഉയര്‍ന്ന് കാണപ്പെടുന്നുണ്ട്. ഇവരില്‍ 50% പേര് ഒരു തവണയെങ്കിലും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടാകുമെന്നും, 10-15% വരെ പേര് ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരുടെ എണ്ണവും ഈ വിഭാഗത്തിലെ രോഗികളില്‍ അധികമാണ്. ഇത്തരത്തില്‍ ലഹരിക്ക് അടിമപ്പെടുന്നത് ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള വെല്ലുവിളിയും വര്‍ദ്ധിപ്പിക്കുന്നു.
ചികിത്സ
ഫലപ്രദമായ ചികിത്സ കൃത്യമായ രീതിയില്‍ പിന്തുടരുക എന്നത് ബൈപ്പോളാര്‍ മൂഡ് ഡിസോര്‍ഡറില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ വലിയ തോതില്‍ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനോ കീഴടക്കാനോ സാധിക്കും. മൂഡ് സ്റ്റെബിലൈസറുകളും, ആന്റി സൈക്കോട്ടിക് മരുന്നുകളുമൊക്കെ സാഹചര്യത്തിനനുസരിച്ച് ആവശ്യമായി വരും. ചിലരില്‍ ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പിയും സ്വീകരിക്കാറുണ്ട്. രോഗത്തിന്റെ ഗുരുതരമായ ഘട്ടം തരണം ചെയ്യുക എന്നതാണ് പ്രധാനം. അതിന് ശേഷം സൈക്കോതെറാപ്പിയിലൂടെ കൂടുതല്‍ മികച്ച ജീവിതത്തിലേക്ക് രോഗിയെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കും. രോഗിയുടെ ബന്ധുക്കളും അടുത്ത് ഇടപഴകുന്ന സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ്.
ചികിത്സ ആരംഭിച്ച് രോഗലക്ഷണങ്ങള്‍ കുറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ മരുന്ന് സ്വയം നിര്‍ത്തുന്ന പതിവ് ഈ രോഗത്തിന് പാടില്ല. മുകളില്‍ പറഞ്ഞ ആനന്ദിന്റെ അനുഭവത്തില്‍ അദ്ദേഹം ആദ്യം കടന്ന് പോയ വിഷാദാവസ്ഥ മരുന്ന് ഉപയോഗിച്ച് അതിജീവിക്കുകയും തുടര്‍ന്ന് സ്വന്തം തീരുമാനപ്രകാരം മരുന്ന് നിര്‍ത്തുകയുമാണ് ചെയ്തിരിക്കുന്നത്. അതിന് പകരം ഡോക്ടറെ സന്ദര്‍ശിച്ച് ആവശ്യമായ ഭേദഗതികള്‍ മരുന്നില്‍ വരുത്തി ശാസ്ത്രീയമായി സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് രണ്ടാമത്തെ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ല.
Content Highlights: Bipolar Mood Disorder symptoms, treatment and recovery