സ്ട്രോക്കിന് പിന്നിലെ നിശ്ശബ്ദ വില്ലൻ; ഹൃദയത്തിലെ താളപ്പിഴ എങ്ങനെ മസ്തിഷ്കാഘാതമായി മാറുന്നു?

#ഡോ. ഷമീർ പള്ളിയാലി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പക്ഷാഘാതം അഥവാ സ്ട്രോക്ക് പലപ്പോഴും തലച്ചോറിലെ രക്തധമനികളുടെ മാത്രം പ്രശ്നമായാണ് കാണാറുള്ളത്. എന്നാൽ, ഉത്ഭവം ഹൃദയത്തിലാവുകയും അതിന്റെ പ്രഹരം തലച്ചോറിൽ ഏൽക്കുകയും ചെയ്യുന്ന സ്ട്രോക്കുകൾ വളരെ സാധാരണമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഭയപ്പെടേണ്ടതുമായ ഒന്നാണ് ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ മൂലം ഉണ്ടാകുന്ന എംബോളിക് സ്ട്രോക്ക്. ഹൃദയത്തിന്റെ മേലറകളിൽ ഉണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് ഏട്രിയൽ ഫിബ്രിലേഷൻ എന്ന അവസ്ഥയാണ് ഇത്തരം സ്ട്രോക്കുകളുടെ പ്രധാന വില്ലൻ.

ഏട്രിയൽ ഫിബ്രിലേഷനും മസ്തിഷ്കാഘാതവും തമ്മിലുള്ള രോഗനിദാന ബന്ധത്തെക്കുറിച്ചും എങ്ങനെ രക്തക്കട്ടകൾ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും ഇവയെ തടയാൻ സഹായിക്കുന്ന ആന്റികൊയാഗുലന്റ് (രക്തം കട്ടപിടിക്കുന്നത് തടയുന്ന) മരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കാം.

പെട്ടെന്നുണ്ടാകുന്ന തലകറക്കം, തലവേദന, കാഴ്ചമങ്ങൽ; തിരിച്ചറിയാം സ്ട്രോക്കിന്റെ അപൂർവ ലക്ഷണങ്ങൾ

എന്താണ് ഏട്രിയൽ ഫിബ്രിലേഷൻ?

സാധാരണയായി ഹൃദയത്തിലെ സൈനോ ആട്രിയൽ നോഡ് (എസ്.എ നോഡ്) അയക്കുന്ന ഇലക്ട്രിക്കൽ സിഗ്നലുകളുടെ സഹായത്തോടെ മിനിറ്റിൽ 60 മുതൽ 100 തവണവരെ കൃത്യമായ താളത്തിലാണ് ഹൃദയം മിടിക്കുന്നത്. എന്നാൽ, ഏട്രിയൽ ഫിബ്രിലേഷൻ ഉള്ള വ്യക്തികളിൽ ഹൃദയത്തിന്റെ മേലറകളായ ആട്രിയത്തിൽ (അട്രിയ) അനിയന്ത്രിതവും ക്രമരഹിതവുമായ ഇലക്ട്രിക്കൽ സിഗ്നലുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഹൃദയത്തിന്റെ മേലറകൾ കൃത്യമായി ചുരുങ്ങി രക്തം പമ്പ് ചെയ്യുന്നതിന് പകരം വിറയ്ക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സമയത്ത് ഹൃദയമിടിപ്പ് മിനിറ്റിൽ 100 മുതൽ 175 വരെയോ അതിൽ കൂടുതലോ ക്രമരഹിതമായി ഉയരാം.

ഹൃദയത്തിൽനിന്ന് തലച്ചോറിലേക്ക്: രക്തക്കട്ട രൂപപ്പെടുന്നതും പ്രവഹിക്കുന്നതും എങ്ങനെ?

ഏട്രിയൽ ഫിബ്രിലേഷൻ സ്ട്രോക്കിലേക്ക് നയിക്കുന്ന പ്രക്രിയ വൈദ്യശാസ്ത്രപരമായി താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് സംഭവിക്കുന്നത്:

രക്തം കെട്ടിക്കിടക്കൽ: മേലറകൾ ശരിയായി ചുരുങ്ങാത്തതിനാൽ അവയിലുള്ള രക്തം പൂർണ്ണമായി താഴത്തെ അറകളിലേക്ക് (വെൻട്രിക്കിൾ) എത്തുന്നില്ല. ഹൃദയത്തിന്റെ ഇടത് ആട്രിയൽ അപ്പെൻഡേജ് എന്ന ഭാഗത്ത് രക്തം ചലനമില്ലാതെ കെട്ടിക്കിടക്കാൻ ഇത് കാരണമാകുന്നു.

രക്തക്കട്ട രൂപപ്പെടൽ: ചലനമില്ലാതെ കെട്ടിക്കിടക്കുന്ന രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളും പ്രോട്ടീനുകളും കൂട്ടംചേർന്ന് ചെറിയ രക്തക്കട്ടകൾ രൂപപ്പെടുന്നു.

തലച്ചോറിലേക്കുള്ള പ്രവാഹം: രൂപപ്പെട്ട രക്തക്കട്ട ഹൃദയത്തിൽനിന്ന് വിട്ടുമാറി, മഹാധമനി (എയോർട്ട) വഴി തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനികളിലൂടെ പ്രവഹിക്കുന്നു.

ധമനീ തടസ്സവും സ്ട്രോക്കും: തലച്ചോറിലെ നേർത്ത രക്തധമനികളിൽ ഈ രക്തക്കട്ടചെന്നു തടസ്സം സൃഷ്ടിക്കുമ്പോൾ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരികയും മസ്തിഷ്ക കോശങ്ങൾ നശിച്ചു തുടങ്ങുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: ഏട്രിയൽ ഫിബ്രിലേഷൻ എന്ന അവസ്ഥയുള്ള ഒരാൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 5 ഇരട്ടി കൂടുതലാണ്. മാത്രമല്ല, ഇത് മൂലമുണ്ടാകുന്ന സ്ട്രോക്കുകൾ കൂടുതൽ ഗുരുതരവും വൻതോതിൽ വൈകല്യങ്ങൾക്ക് കാരണമാകുന്നതുമാണ്.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

F- Face (മുഖം): മുഖത്തിന്റെ ഒരു വശം കോതിപ്പോവുക.

A- Arms (കൈകൾ): ഒരു കൈ ഉയർത്താൻ സാധിക്കാതെ താഴേക്ക് പതിക്കുക.

S- Speech (സംസാരശേഷി): സംസാരത്തിൽ തടസ്സമോ കുഴച്ചിലോ അനുഭവപ്പെടുക.

T- Time (സമയം): മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ കണ്ടാൽ അല്പം പോലും സമയം പാഴാക്കാതെ ഉടൻ  അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക.

പ്രതിരോധത്തിൽ ആന്റികോയാഗുലന്റുകളുടെ പങ്ക്

ഏട്രിയൽ ഫിബ്രിലേഷൻ ഉള്ള രോഗികളിൽ സ്ട്രോക്ക് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ആന്റികൊയാഗുലന്റ് മരുന്നുകൾ. സാധാരണ ബ്ലഡ് തിന്നറുകൾ (രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ) എന്ന് വിളിക്കുമെങ്കിലും, ഇവ രക്തത്തിന്റെ കട്ടി കുറയ്ക്കുകയല്ല, മറിച്ച് രക്തം കട്ടപിടിക്കുന്ന രാസപ്രക്രിയയെ തടയുകയാണ് ചെയ്യുന്നത്.

ആന്റികൊയാഗുലന്റ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

ആന്റികൊയാഗുലന്റുകൾ സ്ട്രോക്കിനെ പ്രതിരോധിക്കുമെങ്കിലും, ഇവ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകളുടെ അളവ് കൂട്ടാനോ കുറയ്ക്കാനോ നിർത്താനോ പാടില്ല.

മുറിവുകളോ വീഴ്ചകളോ ഉണ്ടാകാതെ ശ്രദ്ധിക്കുക.

മൂത്രത്തിലോ മലത്തിലോ രക്തത്തിന്റെ അംശം കാണുക, അമിതമായ മൂക്കിൽ നിന്നും ചോര വരിക, അല്ലെങ്കിൽ ശരീരത്തിൽ അകാരണമായി കറുത്ത പാടുകൾ വീഴുക എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

ഏതെങ്കിലും ശസ്ത്രക്രിയക്കോ പല്ലെടുക്കലിനോ വിധേയനാകുന്നതിന് മുൻപ് ഈ മരുന്ന് കഴിക്കുന്ന വിവരം ഡോക്ടറെ അറിയിക്കണം.

ജീവിതശൈലി നിയന്ത്രണവും കരുതലും

മരുന്നുകൾക്കൊപ്പം താഴെ പറയുന്ന ജീവിതശൈലി മാറ്റങ്ങളും അത്യന്താപേക്ഷിതമാണ്:

രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക: ഉയർന്ന രക്തസമ്മർദ്ദം രോഗസാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

മദ്യപാനവും പുകവലിയും ഒഴിവാക്കുക: അമിത മദ്യപാനം ഹോളിഡേ ഹാർട്ട് സിൻഡ്രോം പോലെയുള്ള ക്രമരഹിത മിടിപ്പുകളിലേക്ക് നയിക്കാം.

കഫീൻ ഉപയോഗം കുറയ്ക്കുക: അമിതമായ കാപ്പി/ചായ കുടിക്കുന്ന ശീലങ്ങൾ ചിലരിൽ നെഞ്ചിടിപ്പ് കൂട്ടാം.

ആരോഗ്യകരമായ ഭക്ഷണം: ഉപ്പും (സോഡിയം) കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കുക.

ക്രമരഹിതമായ നെഞ്ചിടിപ്പോ അകാരണമായ തളർച്ചയോ അനുഭവപ്പെട്ടാൽ അത് വെറും അസ്വസ്ഥതയായി തള്ളിക്കളയാതെ കൃത്യസമയത്ത് ഒരു കാർഡിയോളജിസ്റ്റിന്റെയോ ന്യൂറോളജിസ്റ്റിന്റെയോ സേവനം തേടുന്നത് വലിയൊരു സ്ട്രോക്കിൽനിന്ന് സംരക്ഷിക്കും.

(കോട്ടക്കൽ ആസ്റ്റർ മിംസിൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ)

Content Highlights: Atrial fibrillation disrupts heart rhythm, increasing stroke risk. Learn about its causes, symptoms, and the role of anticoagulants in prevention.