തീപ്പൊള്ളൽ മുതൽ വളംകടിക്കുവരെ പരിഹാരമായിരുന്ന നീലമരുന്ന് ; എവിടെപ്പോയി ജെൻഷൻ വയലറ്റ് ?

കാലം അങ്ങനെയാണ്, ഒന്നിനെയും കാത്തുനിൽക്കാറില്ല, കാത്തുരക്ഷിക്കാറുമില്ല. ആരോഗ്യപരിപാലനം പോലെയുള്ള മേഖലയിൽ എന്നും മാറ്റങ്ങളാണ്. എന്നാൽ അവയിൽ മുൻതലമുറ ഏറെ ഗൃഹാതുരതയോടെ ഓർമയിൽ കരുതുന്നവയും പുതുലമുറക്ക് കൗതുകം ജനിപ്പിക്കുന്നതുമായ വിഷയങ്ങളേറെയുണ്ട്. അത്തരമൊരു വിഷയത്തിലേക്കാകാം ആദ്യയാത്ര.
മായാത്ത നീലനിറം
1980-കാലയളവിൽ ജീവിച്ചിരുന്നവരുടെ ചികിത്സാസ്മരണകളിൽ തെളിയുന്ന ഒരു നീല നിറമുണ്ട്. എടുക്കുമ്പോൾ വയലറ്റും പുരട്ടുമ്പോൾ നീലയായും തെളിയുന്ന ഒരു മരുന്ന്. അതുപയോഗിക്കാത്തവർ നന്നേ ചുരുക്കമാകാനാണ് വഴി.
വ്യക്തിഗതമായ ഓർമയാണ്. രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള സമയം. മാവേലിക്കര താലൂക്കിലെ തഴക്കരയാണ് എന്റെ ജന്മദേശം. അവിടങ്ങളിൽ ഭസ്മം ഉണ്ടാക്കുവാനായി ശിവരാത്രി നാളിൽ ചാണക ഉണ്ടകൾ കൂനയാക്കി അടുക്കി ഉമികൊണ്ട് മൂടി തീയിടും. ഒന്നോ രണ്ടോ ദിവസം ഈ ഭസ്മക്കൂനകൾ ഇങ്ങനെ എരിഞ്ഞു കൊണ്ടേയിരിക്കും. വീട്ടിൽ കൂന ഒരുക്കിയിരുന്നത് ഒരു ചായ്പിലായിരുന്നു. ചേർന്നുള്ള തിണ്ണയിൽ മുറത്തിൽക്കയറി കളിക്കുകയായിരുന്ന ഞാൻ പെട്ടെന്ന് കൂനയിലേക്ക് മറിഞ്ഞുവീണു. കരച്ചിലായി, ബഹളമായി വീട്ടുകാരെല്ലാവരും കൂടി എന്നെ എടുത്തുകൊണ്ട് തൊട്ടടുത്ത ഒരു ക്ലിനിക്കിലേക്ക് പാഞ്ഞു. ഇതൊക്കെ പറഞ്ഞു കേട്ട കഥയാണ്. എനിക്ക് ഓർമയുള്ളത് കുഞ്ഞുനാളിൽ എന്റെ ദേഹമാസകലം പുരണ്ടു നിന്ന ആ നീല നിറത്തെയും അതിന്റെ തണുപ്പിനെയും കുറിച്ചാണ്.
ജൻഷൻ വയലറ്റ് അഥവാ ക്രിസ്റ്റൽ വയലറ്റ് എന്നൊക്കെ അറിയപ്പെടുന്ന ഈ മരുന്ന് അക്കാലത്ത് സർവവ്യാപിയും സർവോപകാരിയും ആയിരുന്നു. തീപ്പൊള്ളൽമുതൽ മുതൽ വളംകടിക്കു വരെ ഇത് ഉപയോഗിച്ചിരുന്നു.
കാലവർഷത്തിന് തൊട്ടുമുൻപായി മിക്ക പറമ്പുകളിലെയും തെങ്ങിന് തടമെടുക്കും. വെള്ളവും വളവുമൊക്കെ കെട്ടിനിൽക്കാൻ പാകത്തിൽ തെങ്ങിന് ചുറ്റും മൺ തിട്ട. ആർത്തലച്ച കാലവർഷം ഇത്തരം തടങ്ങളിൽ തളം കെട്ടി നിൽക്കും. ഈ ചെളിവെള്ളത്തിൽ കളിക്കലാണ് മിക്ക കുരുന്നുകളുടെയും വിനോദം. വീട്ടുകാർ 'വളം കടിക്കും കേട്ടോ' എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയാലും കേൾക്കില്ലല്ലോ. ചെരിപ്പ് അത്രകണ്ട് ശീലമില്ലാത്തതിനാൽ വിരലുകൾക്കിടയിൽ വിരകളുടെ താണ്ഡവം തുടങ്ങും. അതാണ് വളം കടി. ചൊറിഞ്ഞ് തൊലിയൊക്കെ കീറിപ്പോയിട്ടുണ്ടാകും. വളം കടി വന്നാലും കാലുകളിൽ ഉടൻ നീല നിറം പുരളുകയായി. മിക്ക കുട്ടികളുടെയും കാൽവിരലുകൾക്കിടയിൽ നീലനിറം ഖനീഭവിച്ചുകിടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ഇന്നാകട്ടെ ആ നീലനിറം എവിടെയും കാണാനില്ല.
ചരിത്രം
നിരോധനമൊന്നുമല്ല കാരണം. ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടും വേഗം മായാത്ത നിറവുമൊക്കെ ഇതിനെ പിന്നാക്കം തള്ളി. മരുന്നുകളിലും സ്‌പെഷ്യലൈസേഷനുകൾ വന്നതും കമ്പനികൾക്ക് അത്രമേൽ ആദായകരമല്ലാത്തതുമൊക്കെ തിരിച്ചടിയായി. 1861-ൽ ഫ്രാൻസുകാരനായ ചാൾസ് ലോത്താണ് ഈ മിശ്രിതം രൂപപ്പെടുത്തിയത്- വയലറ്റ് ഡീ പാരിസ് എന്ന പേരിൽ. ജർമൻകാരനായ ജോർജ്ജ് ഗ്രബ്ലർ 1880-ൽ ഇതിന്റെ പ്രചാരകനായി. 1891-ൽ സ്റ്റില്ലിംഗ് ആണ് ഇതിന്റെ രോഗാണുനാശക്ഷമത കണ്ടെത്തിയത്. തുടർന്ന് നിരവധി വിദഗ്ദ്ധരുടെ ഗവേഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും വളർന്ന മൂലകം 1925-30 കാലഘട്ടത്തോടെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. സൾഫാ മരുന്നുകളുടെയും പെൻസിലിന്റെയും തൊലിപ്പുറത്തെ ക്രീമുകളുടെയും ഓയിൻമെന്റുകളുടെയും വരവോടെ ഇത് പിന്തള്ളപ്പെടുകയായിരുന്നു. ഔഷധപ്രതിരോധ ശേഷി വളരുന്ന കാലത്ത് ജെൻഷൻ വയലറ്റിന്റയും മറ്റും തിരിച്ചുവരവുണ്ടാകുമെന്നാണ് ചില ഗവേഷകർ പുലർത്തുന്ന പ്രതീക്ഷ. മരുന്നിനെതിരെ കണ്ടെത്തിയിട്ടുള്ള പാർശ്വഫലങ്ങൾ നിസ്സാരമാണെന്നും പലതരം അണുബാധകൾക്കുമെതിരെ ഭാവിയിലും ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്നായി ഇത് മാറുമെന്നുമാണ് അവർ ഉറപ്പിക്കുന്നത്. നിലവിൽ കുപ്പികളിലും മറ്റും മരുന്ന് വിപണിയിൽ ലഭ്യമാണ്. സൂചനകൾ പ്രകാരം ആ നീലനിറം വലിയ തിരിച്ചുവരവുതന്നെ നടത്തിയേക്കാം.
ആശുപത്രികളിൽ തയ്യാറാക്കുകയായിരുന്നു
അക്കാലത്ത് ആശുപത്രികളിൽ ജെൻഷൻ വയലറ്റ് മിശ്രിതം തയ്യാറാക്കുകയായിരുന്നെന്ന് 34 വർഷം സർക്കാർ സേവനം ചെയ്ത താമരശ്ശേരി സ്വദേശി രാമചന്ദ്രൻ മംഗലത്ത് പറയുന്നത്. പൊടി രൂപത്തിൽ വന്നിരുന്ന മരുന്ന് 100 മില്ലി വെള്ളത്തിന് ഒരു മില്ലിഗ്രാം എന്ന അനുപാതത്തിലാണ് ചേർത്തിരുന്നത്. സ്വർണപ്പണിക്കാരുടെ പോലെയുള്ള ചെറിയ ത്രാസുകളിൽ തൂക്കുന്ന മരുന്ന് നന്നായി അരിച്ചെടുത്ത വെള്ളത്തിൽ കലക്കും. രണ്ടുലിറ്റർ ചില്ലുകുപ്പിയിൽ തയ്യാറാക്കി വെച്ചിരുന്ന മിശ്രിതം രോഗികൾക്ക് വീട്ടിലേക്ക് പകർന്നു നൽകിയിരുന്നെന്നും അദ്ദേഹം ഓർമിക്കുന്നു. പൊള്ളൽ, വളം കടി, പൂപ്പൽ ബാധ, കുഴി നഖം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്നു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
Content Highlights: healthy pulse column, things to know about gentian violet solution