കുട്ടികളിൽ‌ തടി കൂടുന്നു; ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

അമിതവണ്ണമുള്ള കുട്ടികളില്‍ പലരും മുതിരുമ്പോഴും അമിതവണ്ണമുള്ളവരായി തുടരാറുണ്ട്. ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് അമിതവണ്ണം. മറ്റുപല ജീവിതശൈലി പ്രശ്‌നങ്ങളെയും പോലെ അമിതവണ്ണവും പരിഹരിക്കാന്‍ എളുപ്പമല്ല. അതിനാല്‍ വരാതെ നോക്കുന്നതാണ് നല്ലത്. അതിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

ശരീരഭാരം കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് ചാര്‍ട്ട് ചെയ്യുക. ഇതിന് ഗ്രോത്ത് ചാര്‍ട്ടുകള്‍ (Growth chart) ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ചാര്‍ട്ടുകളുണ്ട്. ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന മാതൃശിശു സംരക്ഷണ കാര്‍ഡില്‍ ഈ ചാര്‍ട്ടുകളുണ്ട്. ജനിച്ചയുടനെ, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ആറ് മാസം, ഒന്‍പത് മാസം, ഒരു വയസ്സ്  എന്നീ ഘട്ടങ്ങളിലും തുടര്‍ന്ന് ആറ് മാസത്തെ ഇടവേളകളിലുമാണ് ശരീരഭാരവും ഉയരവും കണക്കാക്കേണ്ടത്. കുത്തിവെപ്പിനായുള്ള ആശുപത്രി സന്ദര്‍ശനം ഇതിനായി ഉപയോഗപ്പെടുത്താം. രോഗം വരുമ്പോള്‍ ചികിത്സതേടുന്ന രീതിയില്‍നിന്നുമാറി രോഗമില്ലാത്ത സമയത്തുള്ള ആരോഗ്യപരിശോധന (Well baby clinic) എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുകയാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നല്ലരീതിയില്‍ നടപ്പിലാക്കാന്‍ കഴിയും.

ആദ്യത്തെ 180 ദിവസം (ആറ് മാസം) മുലപ്പാല്‍മാത്രം നല്‍കുന്നത് കുഞ്ഞിനെ അമിതവണ്ണത്തില്‍നിന്നും പോഷകാഹാരക്കുറവില്‍നിന്നും സംരക്ഷിക്കുന്നു. മുലപ്പാല്‍ വലിച്ചുകുടിക്കുക എന്നത് ആയാസമുള്ള ജോലിയാണ്. അതുകൊണ്ട് വിശപ്പുമാറിയാല്‍ കുഞ്ഞുങ്ങള്‍ മുലകുടിനിര്‍ത്തും. അതേസമയം കുപ്പിയോ സ്പൂണോ ഉപയോഗിച്ച് നല്‍കുകയാണെങ്കില്‍ വയറുനിറഞ്ഞാലും കുടിക്കുന്നത് നിര്‍ത്തണമെന്നില്ല.

ജനിച്ച് ആദ്യമാസങ്ങള്‍ മുതല്‍ കുഞ്ഞിന് വിശക്കുന്നുണ്ടോ എന്ന് മനസ്സിലാക്കിമാത്രം മുലയൂട്ടുക. വായ തുറക്കുക, കൈക്കൊണ്ട് മാറിടം തിരയുക, അങ്ങോട്ടേക്ക് മുഖം തിരിക്കുക തുടങ്ങിയ ചേഷ്ഠകള്‍ കുഞ്ഞുങ്ങള്‍ കാണിക്കുമ്പോള്‍ വേണം മുലയൂട്ടാന്‍. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നൊക്കെ പണ്ടുള്ളവര്‍ പറയുമെങ്കിലും, കരയുന്നത് വിശപ്പ് കഠിനമാകുമ്പോളുള്ള പ്രതികരണമാണ്. അതുവരെ വൈകിക്കരുത്. കരഞ്ഞുതുടങ്ങിയാല്‍ മുലപ്പാല്‍ കുടിക്കാന്‍ പലപ്പോഴും കൂട്ടാക്കുകയുമില്ല. അതേസമയം എല്ലാ കരച്ചിലും വിശന്നിട്ടാകണമെന്നുമില്ല. ഓരോ കരച്ചിലിനും മുലയൂട്ടുന്നത് കുഞ്ഞിനെ ആ രീതിയില്‍ പാകപ്പെടുത്തുന്നതിനും (conditioning) കുഞ്ഞ് അത് പ്രതീക്ഷിച്ചുതുടങ്ങുന്നതിനും കാരണമാകും.

ഏഴാംമാസംമുതല്‍ കുറുക്കുകള്‍ കൊടുത്തുതുടങ്ങണം. വെള്ളംപോലെ ലൂസ് ആയ ആഹാരം ഉചിതമല്ല. ഓരോ രണ്ടാഴ്ച കൂടുമ്പോളും പുതിയതരം ആഹാരം ശീലിപ്പിക്കുക. ഘട്ടങ്ങളായി കട്ടിയുള്ള ആഹാരങ്ങള്‍ നല്‍കണം. ഒന്‍പത് മാസമാകുമ്പോഴേക്കും മുട്ടയും മീനും മറ്റും നല്‍കിത്തുടങ്ങാം. ഒരു വയസ്സാകുമ്പോഴേക്കും വീട്ടിലുണ്ടാക്കുന്ന എല്ലാ ആഹാരവും എരിവും പുളിയും ഉപ്പും കുറച്ച് കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങണം. ഈ കാലയളവിലും കുഞ്ഞിന്റെ വിശപ്പും താത്പര്യവും മനസ്സിലാക്കിവേണം ഭക്ഷണം നല്‍കാന്‍.

മലര്‍ത്തിക്കിടത്തി ഭക്ഷണം നല്‍കരുത്. ഇരുത്തിവേണം നല്‍കാന്‍. കുഞ്ഞിന് മതിയായി എന്ന് തോന്നിയാല്‍ നിര്‍ത്തുക. ചില ഭക്ഷണങ്ങളുടെ രുചി കുഞ്ഞിന് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലായാല്‍ കൂടുതല്‍ നിര്‍ബന്ധിക്കരുത്. കുഞ്ഞുങ്ങളുടെ നാവില്‍ മുതിര്‍ന്നവരെക്കാള്‍ അനേകമടങ്ങ് രസമുകുളങ്ങളുണ്ട്. ചെറുപ്പത്തില്‍ ശീലിച്ച രുചി അവര്‍ തുടര്‍ന്നും ഇഷ്ടപ്പെടും. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ പാകത്തിനുള്ള മധുരവും ഉപ്പും മതി. കുഞ്ഞുങ്ങള്‍ക്ക് അമിതമായി മധുരപലഹാരങ്ങള്‍ നല്‍കുന്ന പ്രവണത ഒഴിവാക്കണം.

ഭക്ഷണം കഴിക്കാന്‍ സമ്മാനം വാഗ്ദാനം ചെയ്യരുത്. വിശക്കുമ്പോള്‍ ഭക്ഷണം നല്‍കുക. കൊടുത്തത് മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നത് ശരീരം ചവറ്റുകൊട്ടയാക്കുന്നതിന് തുല്യമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈലിലോ ടി.വിയിലോ കുഞ്ഞിനിഷ്ടപ്പെട്ട കാര്‍ട്ടൂണുകള്‍ കാണിക്കുക, കുഞ്ഞിന്റെ ശ്രദ്ധ ഭക്ഷണത്തില്‍നിന്നുമാറ്റി എങ്ങനെയെങ്കിലും കൂടുതല്‍ കഴിപ്പിക്കുക എന്നിവയും ശരിയല്ല. അതേസമയം ഭക്ഷണം നല്‍കുമ്പോള്‍ അമ്മയും/ അച്ഛനും കുഞ്ഞും പരസ്പരം നോക്കുകയും ആശയവിനിമയം നടത്തുന്നതും നല്ലതാണ് (സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴുള്ള അപകടം ഓര്‍മയിലുണ്ടാകണം).

89 മാസം പ്രായമാകുമ്പോള്‍ മുതല്‍ കുഞ്ഞിനെ അനുയോജ്യമായ ഉയരമുള്ള കസേരയില്‍ സുരക്ഷിതമായി ഇരുത്തി, പാത്രം മേശപ്പുറത്തുവെച്ചുവേണം ആഹാരം നല്‍കാന്‍. ഒരു വയസ്സായാല്‍ സ്വന്തമായി അല്പം വാരിക്കഴിക്കാന്‍ അനുവദിക്കുകയും വേണം. കുറച്ചൊക്കെ പുറത്തേക്ക് തൂവിപ്പോയേക്കാം. എങ്കിലും സ്വന്തമായി ഭക്ഷണം കഴിക്കുന്ന ശീലം വളര്‍ത്താന്‍ പറ്റും.

ഭക്ഷണ വൈവിധ്യം

ഭക്ഷണത്തില്‍ ധാന്യങ്ങളുടെയും മറ്റ് അന്നജപ്രധാനമായ ഭക്ഷണങ്ങളുടെയും (അരി, ഗോതമ്പ്, കപ്പ, കിഴങ്ങുവര്‍ഗങ്ങള്‍) അതിപ്രസരം ആരോഗ്യകരമല്ല. ആകെ കഴിക്കുന്നതിന്റെ നാലിലൊന്ന് മാത്രമേ ഇത്തരം ഭക്ഷണങ്ങള്‍ പാടുള്ളൂ. ബാക്കി നാലിലൊന്ന് പയറുവര്‍ഗങ്ങള്‍, മീന്‍, മുട്ട, ഇറച്ചി, പാല്‍ എന്നിവയും ബാക്കിഭാഗം പഴങ്ങളും പച്ചക്കറികളുമാണ് വേണ്ടത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. ആവിയില്‍ വേവിക്കുന്നത് നല്ല പാചകരീതിയാണ്. പാകം ചെയ്യാതെ കഴിക്കാവുന്നവ അങ്ങനെത്തന്നെ കഴിക്കുക. പഴങ്ങള്‍ ജ്യൂസാക്കി കഴിക്കുന്നതിനെക്കാള്‍ നല്ലത് അതേപടി കഴിക്കുന്നതാണ്. എല്ലാസമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം കുട്ടികള്‍ക്കുണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം.

ചെറിയ പ്രായംതൊട്ട് ശാരീരികമായ അധ്വാനം വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. കൊച്ചുകുട്ടികളെ ഏതുനേരവും എടുത്തുകൊണ്ട് നടക്കരുത്. ഇഴയാന്‍ പഠിച്ച കുട്ടികളെ കുറേനേരം അതിന് അനുവദിക്കണം. മുട്ടിലിഴയുന്നതിനും പിടിച്ചുനടക്കുന്നതിനുമൊക്കെ ധാരാളം സമയം ലഭിക്കണം. എന്ത് ചെയ്യുമ്പോളും അരുത് എന്ന് പറയാതെ അവരുടെ കൂടെനിന്ന് സുരക്ഷിതമായി ചെയ്യാന്‍ ശീലിപ്പിക്കണം. അമിതലാളനയും (കുഞ്ഞിനുവേണ്ടി എല്ലാം ചെയ്തുകൊടുക്കുന്നത്) അവഗണനയും ഒരുപോലെ അപകടമാണ്.

ഒരുവയസ്സ് കഴിഞ്ഞാല്‍ ദിവസം മൂന്ന് മണിക്കൂര്‍ ലളിതമായ ശാരീരികാധ്വാനം വേണ്ട കാര്യങ്ങള്‍ക്ക് മാറ്റിവയ്ക്കണം. അതില്‍ മുക്കാല്‍ മണിക്കൂര്‍ അത്യാവശ്യം നല്ലരീതിയിലുള്ള വ്യായാമമാകാം. മറ്റുകുട്ടികളുമായി ചേര്‍ന്ന് കളിക്കാനുള്ള അവസരമുണ്ടാകണം. രണ്ട് വയസ്സുവരെ മൊബൈല്‍, ടി.വി. തുടങ്ങിയവ ശീലിപ്പിക്കരുത്.

ഇടുക്കി ഗവ.മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മേധാവിയാണ് ലേഖകൻ

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: obesity in children, lifestyle diseases, kids health, healthy eating for children