നേത്രദാനം എങ്ങനെ ചെയ്യാം? ആര്‍ക്കൊക്കെ ചെയ്യാന്‍ പാടില്ല; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൃഷ്ണമണിക്ക് മുകളിലെ സുതാര്യവും നേര്‍ത്തതുമായ നേത്രപടലം (കോര്‍ണിയ) എന്ന ഭാഗം ഒരു വ്യക്തിയുടെ മരണശേഷം കുടുംബത്തിന്റെ അനുവാദത്തോടെ മറ്റൊരാള്‍ക്ക് ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ച് കാഴ്ച നല്‍കുന്നതാണ് നേത്രദാനം. കെരാറ്റോപ്ലാസ്റ്റി (കോര്‍ണിയല്‍ ഗ്രാഫ്റ്റിങ്) എന്ന ശസ്ത്രക്രിയ വഴിയാണ് നേത്രപടലം മാറ്റിവയ്ക്കുക. കണ്ണുകള്‍ മുഴുവനായല്ല മാറ്റിവയ്ക്കുന്നത്.
നേത്രദാനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ നേത്രദാനത്തിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ദേശീയ നേത്രദാന പക്ഷാചരണമായി നടത്തപ്പെടുന്നത്.
നേത്രപടലവും കാഴ്ചയും
ഒരു വസ്തുവിലേക്ക് നോക്കുമ്പോള്‍ അതില്‍നിന്ന് വരുന്ന പ്രകാശരശ്മി നേത്രപടലത്തിലൂടെ പ്രവേശിച്ച് കൃഷ്ണമണി, ലെന്‍സ് എന്നിവയിലൂടെ കടന്ന് റെറ്റിനയില്‍ പതിക്കുന്നു. നാം നോക്കുന്ന വസ്തുവിന്റെ തലകീഴായ പ്രതിബിംബമാണ് റെറ്റിനയില്‍ ഉണ്ടാവുക. ഇതിനെ റെറ്റിന ഒപ്റ്റിക് നാഡി വഴി മസ്തിഷ്‌കത്തിലേക്ക് എത്തിക്കുന്നു. ഇത് മസ്തിഷ്‌കം തിരിച്ചറിയുമ്പോഴാണ് ആ വസ്തു ദൃശ്യമാവുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ നേത്രപടലത്തിന്റെ സുതാര്യത കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോഴാണ് നേത്ര പടല അന്ധത (Corneal blindness) ഉണ്ടാകുന്നത്.
നേത്രപടലത്തിലുണ്ടാകുന്ന മുറിവുകള്‍, ജന്മനാലുള്ള വൈകല്യങ്ങള്‍, രാസവസ്തുക്കള്‍ കണ്ണില്‍ വീഴുന്നത്, ജോലിക്കിടയിലെ അപകടങ്ങള്‍, റോഡപകടങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയൊക്കെ നേത്രപടല അന്ധതയുടെ കാരണങ്ങളാണ്.
നേത്രദാനത്തിനുള്ള നടപടികള്‍
മരണാനന്തര നേത്രദാനത്തിനുള്ള സമ്മതപത്രം പ്രായപൂര്‍ത്തിയായ ആര്‍ക്കും പൂരിപ്പിച്ച് നല്‍കാം. സമ്മതപത്രത്തില്‍ പേര്, വയസ്സ്, വിലാസം, അടുത്ത ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍, രണ്ട് സാക്ഷികളുടെ പേര് എന്നിവ രേഖപ്പെടുത്തണം. തുടര്‍ന്ന് ഇവര്‍ക്ക് ഇതുസംബന്ധിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് വീട്ടില്‍ എല്ലാവര്‍ക്കും അറിയുന്ന സ്ഥലത്ത് സൂക്ഷിക്കണം.
- ഒരു വ്യക്തി നേത്രദാനത്തിന് സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കിലും ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ (ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍) രേഖാമൂലമുള്ള സമ്മതം വേണമെന്ന് കോര്‍ണിയ ട്രാന്‍സ് പ്ലാന്റേഷന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഈ ബന്ധുക്കളില്‍ ആരെങ്കിലും എതിര്‍ത്താല്‍ നേത്രപടലം ദാനം ചെയ്യാനാവില്ല.
- സമ്മതപത്രം നല്‍കാത്തവര്‍ക്കും നേത്രദാനംചെയ്യാം. മരണശേഷം കണ്ണുകള്‍ ദാനംചെയ്യാന്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതം നല്‍കിയാല്‍ മതി.
- മരണശേഷം കുടുംബാംഗങ്ങള്‍ അടുത്തുള്ള നേത്രബാങ്കില്‍ വിവരം അറിയിച്ചാല്‍ അവിടെനിന്ന് ഡോക്ടര്‍ എത്തി നേത്രപടലം എടുക്കും. ആശുപത്രിയില്‍വെച്ചാണ് മരണമെങ്കില്‍ അവിടെ അറിയിച്ചാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും.
- മരണശേഷം രണ്ട് മുതല്‍ ആറ് മണിക്കൂറിനകം നേത്രപടലം എടുക്കണം. നേത്രപടലം ശേഖരിക്കാന്‍ പരമാവധി അരമണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂ.
- മൃതദേഹത്തിന് സമീപം ഫാന്‍ ഇടരുത്.
- മൃതദേഹത്തിന്റെ തലഭാഗം തലയണ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കണം.
- നേത്രപടലം എടുത്താല്‍ കണ്ണുകള്‍ക്ക് വൈരൂപ്യമുണ്ടാവില്ല.
ആര്‍ക്കെല്ലാം നേത്രപടലം ദാനം ചെയ്യാം? രക്തഗ്രൂപ്പ് ചേര്‍ച്ച ആവശ്യമുണ്ടോ?
- നേത്രപടലത്തിന്റെ സുതാര്യത, ആരോഗ്യം എന്നിവയാണ് നേത്രപടലം ശേഖരിക്കുന്നതിന്റെ പ്രധാന മാനദണ്ഡം.
- നേത്രപടലം ദാനംചെയ്യാന്‍ പ്രത്യേക പ്രായപരിധി ഇല്ല.
- ലിംഗഭേദമെന്യേ ആര്‍ക്കും നേത്രപടലം ദാനംചെയ്യാം.
- മറ്റ് അവയവങ്ങള്‍ ദാനംചെയ്യുമ്പോള്‍ ആവശ്യമുള്ളതുപോലെ രക്തഗ്രൂപ്പ് ചേര്‍ച്ചയോ മറ്റോ ഇതിന് ആവശ്യമില്ല. ഏത് രക്തഗ്രൂപ്പ് ഉള്ളയാളുടെ നേത്രപടലവും മറ്റ് രക്തഗ്രൂപ്പിലുള്ളവര്‍ക്ക് ഉപയോഗിക്കാം.
- ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി എന്നീ തകരാറുകള്‍ക്ക് കണ്ണടയും കോണ്‍ടാക്ട് ലെന്‍സും ഉപയോഗിക്കുന്നവര്‍ക്കും നേത്രപടലം ദാനംചെയ്യാം.
- പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ആസ്ത്മ, തിമിരം എന്നിവ ഉള്ളവര്‍ക്കും തിമിരശസ്ത്രക്രിയ നടത്തിയവര്‍ക്കും നേത്രപടലം ദാനംചെയ്യാം.
നേത്രദാനം പാടില്ലാത്തവര്‍
നേത്രപടലത്തിന് എന്തെങ്കിലും തകരാര്‍ ഉള്ളവര്‍, എന്‍സെഫലൈറ്റിസ്, സെപ്റ്റെസെമിയ, റെറ്റിനോബ്ലാസ്റ്റോമ, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി, പേവിഷബാധ, രക്തത്തില്‍ അനിയന്ത്രിതമായ രോഗാണുബാധ, രക്താര്‍ബുദം, ലിംഫോമ, ക്രൂസ്ഫെല്‍റ്റ് ജേക്കബ് ഡിസീസ്, സിഫിലിസ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരുടെ നേത്രപടലങ്ങള്‍ നേത്രദാനത്തിന് ഉപയോഗിക്കാറില്ല.
നേത്രബാങ്കിന്റെ പ്രവര്‍ത്തനം
നേത്രപടലങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ആവശ്യമുള്ളവര്‍ക്ക് നല്‍കാനുമുള്ള സംവിധാനമാണ് നേത്രബാങ്ക്. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.
നേത്രപടലങ്ങള്‍ സൂക്ഷിക്കുന്നത് എങ്ങനെ ?
നീക്കംചെയ്ത നേത്രപടലങ്ങള്‍ ഒരു ബോക്‌സിലെ എംകെ മീഡിയം എന്ന ലായനിയില്‍ ഇട്ടുവെച്ച് ഈ ബോക്‌സ് ഐസ് നിറച്ച പാത്രത്തിലേക്ക് ഇറക്കിവെച്ച ശേഷമാണ് നേത്രബാങ്കിലേക്ക് കൊണ്ടുപോവുക. നേത്രബാങ്കില്‍ എത്തിയശേഷം നേത്രപടലങ്ങള്‍ അടങ്ങിയ ബോക്‌സ് ഫ്രിഡ്ജിലേക്ക് മാറ്റി നാല് ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിക്കും. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇത് കേടാകാതെ സൂക്ഷിക്കാനാകും. നേത്രബാങ്കില്‍ സൂക്ഷിച്ചിട്ടുള്ള നേത്രപടലം ആവശ്യമുള്ള രോഗികളുടെ പട്ടികയനുസരിച്ചാണ് വിതരണം ചെയ്യുക.
ഒരാളില്‍നിന്ന് ശേഖരിക്കുന്ന രണ്ട് നേത്രപടലങ്ങള്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം രണ്ട് രോഗികള്‍ക്കായി ഉപയോഗിക്കും. ആരുടെ നേത്രപടലം ആര്‍ക്കാണ് നല്‍കിയത് എന്ന് വെളിപ്പെടുത്തില്ല. മാറ്റിവയ്ക്കാന്‍ സാധിക്കാത്ത നേത്രപടലങ്ങള്‍ പഠന- ഗവേഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. നേത്രബാങ്ക് വഴി മാത്രമേ നേത്രപടലം കൈമാറ്റം ചെയ്യാനാവൂ.
(കൊല്ലം ബിഷപ്പ് ബെന്‍സൈഗര്‍ ഹോസ്പിറ്റല്‍ ഓസാനം ഐ സെന്ററിലെ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മിക് സര്‍ജനാണ് ലേഖകന്‍)
മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Learn about eye donation, its importance, eligibility, process, and benefits.