ഹാർട്ട് അറ്റാക്ക് കൂടുതൽ രാവിലെകളിൽ, കാരണമെന്ത്? ഹൃദയാഘാതമില്ലാത്തവരിൽ ഇ.സി.ജി. വ്യതിയാനങ്ങൾ കാണാറുണ്ടോ?

ഹൃദയത്തിന്റെ വൈദ്യുത സ്പന്ദനങ്ങളെ റെക്കോർഡ് ചെയ്യുന്ന ടെസ്റ്റാണ് ഇ.സി.ജി. ഈ ടെസ്റ്റ് ചെയ്യുന്ന സമയത്തെ ഹൃദയത്തിന്റെ അവസ്ഥ എന്താണെന്ന് മാത്രമേ ഇതുവഴി അറിയുകയുള്ളൂ. മിക്കപ്പോഴും രോഗിയ്ക്ക് നെഞ്ചുവേദന കുറഞ്ഞ ശേഷമാണ് ഇ.സി.ജി. എടുക്കുന്നതെങ്കിൽ അത് നോർമലായിരിക്കാനാണ് സാധ്യത. അതിനാൽ ഇ.സി.ജി. നോർമൽ ആയതുകൊണ്ട് മാത്രം ഹൃദയത്തിന് പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പിച്ചുപറയാൻ സാധിക്കില്ല. നിലവിൽ ഹാർട്ട് അറ്റാക്ക് ഇല്ല എന്ന് മാത്രമേ ഒരു നോർമൽ ഇ.സി.ജിയിലൂടെ പറയാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ ആ രോഗിക്ക് എന്തൊക്കെ പരിശോധനകൾ വേണമെന്ന് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും. കാരണം, ആ രോഗിക്ക് ഹാർട്ട് അറ്റാക്ക് വരാൻ എത്രമാത്രം അപകടഘടകങ്ങൾ ഉണ്ട്, ലക്ഷണങ്ങളുടെ സ്വഭാവം, അത് അവഗണിക്കാവുന്ന ലക്ഷണങ്ങളാണോ, മസിൽ വേദന മാത്രമാണോ, നെഞ്ചിന് പുറത്തെ പേശികളിലെ വേദനയാണോ, ഹൃദയത്തിന് കൂടുതൽ പരിശോധനകൾ വേണോ തുടങ്ങിയ കാര്യങ്ങൾ ഡോക്ടർ തീരുമാനമെടുക്കണം. ഇ.സി.ജിയിൽ പ്രശ്‌നംകണ്ടാൽ അത് ഒന്നുകിൽ വേദനയുള്ളപ്പോൾ എടുക്കുന്ന ഇ.സി.ജിയാകാം അല്ലെങ്കിൽ ഒരു ഹാർട്ട് അറ്റാക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ഇ.സി.ജിയാകാം. അതിനാൽ, ഇ.സി.ജി. നോർമൽ ആണെന്ന് കരുതി ബ്ലോക്ക് ഇല്ല എന്ന് തീർത്ത് പറയാൻ സാധിക്കില്ല.
ഹൃദയധമനികളിലെ തടസ്സം ഹാർട്ട് അറ്റാക്കിന് തൊട്ടുമുൻപ് ഉണ്ടാകുന്നതാണോ? എങ്ങനെയാണ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത്?
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്നത് പ്രധാനമായും മൂന്ന് രക്തക്കുഴലുകളാണ്. ഇടതുവശത്ത് രണ്ട് രക്തക്കുഴലുകളും വലതുവശത്ത് ഒരു രക്തക്കുഴലുമാണ് ഉള്ളത്. പലരിലും വളരെക്കാലം മുൻപ് തന്നെ ഈ രക്തക്കുഴലുകളിൽ ചെറിയ തോതിൽ തടസ്സങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടാകും. രക്തക്കുഴലിന്റെ ഉൾപ്പാളിയിൽ തകരാറുകൾ വരുകയും അവിടെ ഫാറ്റ്, കൊളസ്ട്രോൾ, പ്രതിരോധ കോശങ്ങൾ, കാത്സ്യം, ഫൈബറസ് ടിഷ്യുകൾ എന്നിവയെല്ലാം ചേർന്ന് പ്ലാക്ക് രൂപപ്പെടുന്നു. ഇതാണ് രക്തക്കുഴലിൽ തടസ്സമായി മാറുന്നത്. വർഷങ്ങളായി തുടരുന്ന അനാരോഗ്യകരമായ ജീവിതശൈലിയും മറ്റ് അപകടഘടകങ്ങളും ഉള്ളവരിൽ ഇങ്ങനെ തടസ്സങ്ങൾ ഉണ്ടാകാം.
ഈ പ്ലാക്കിന്റെ മൃദുവായ ഭാഗം (ഉദാഹരണമായി ബുൾസ് ഐയുടെ മഞ്ഞയുടെ ഭാഗം ഇരിക്കുന്ന പോലെ) പൊട്ടി ആ രക്തക്കുഴൽ പൂർണമായും അടഞ്ഞുപോകുമ്പോഴാണ് ഒരു മേജർ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ആ പ്ലാക്ക് അഥവാ, ഒരു ബ്ലോക്ക് പൊട്ടുന്നത് പെട്ടെന്നായിരിക്കും. എന്നാൽ, അത് രൂപപ്പെടുന്നത് വർഷങ്ങൾകൊണ്ടായിരിക്കും.
ഇതുകൂടാതെ, രക്തക്കുഴലിനുള്ളിൽ രക്തക്കട്ട ഉണ്ടാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. അത് പെട്ടെന്നുണ്ടാകുന്നതാണ്. ഇങ്ങനെ ഹൃദയധമനി പെട്ടെന്ന് അടഞ്ഞുപോകുമ്പോഴും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. ആ രക്തക്കുഴൽ ഏത് പേശികളിലേക്കാണോ രക്തം നൽകുന്നത് അതിലേക്കുള്ള രക്തയോട്ടം പൂർണമായും നിലയ്ക്കുകയും അങ്ങനെ പേശികളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യും.
കോവിഡിനു ശേഷം ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടിയോ? വൈറസ് ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?
എന്താണ് അൺസ്റ്റേബിൾ അൻജൈന? ഇത് ഹാർട്ട് അറ്റാക്കിന്റെ സൂചനയാണോ?
ഒരു ഹൃദ്രോഗിക്ക് പെട്ടെന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂന്ന് തരത്തിൽ വരാം. അതിനെ ചേർത്ത് അക്യൂട്ട് കൊറോണറി സിൻഡ്രോം എന്നുപറയും. ഇതിൽ അൺസ്റ്റേബിൾ അൻജൈന, നോൺ എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ, എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവ ഉൾപ്പെടുന്നു.
അൺസ്റ്റേബിൾ അൻജൈന: കൊറോണറി ധമനിയിൽ രക്തയോട്ടം കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന നെഞ്ചുവേദനയെയാണ് അൺസ്റ്റേബിൾ അൻജൈന എന്ന് പറയുന്നത്. താടിയുടെ എല്ല് മുതൽ പൊക്കിൾ വരെ എവിടെ വേണമെങ്കിലും വേദന വരാം. ചിലപ്പോൾ താടിയെല്ലിലോ കഴുത്തിലോ നെഞ്ചിലോ വയറിന്റെ മുകൾ ഭാഗത്തോ വേദന തോന്നാം. വിശ്രമിക്കുമ്പോഴോ കുറച്ച് നടക്കുമ്പോഴോ വരുന്ന വേദനയാണ് അൺസ്റ്റേബിൾ അൻജൈനയായി കണക്കാക്കുന്നത്. ഈ പ്രശ്‌നമുള്ളവർക്ക് ഇ.സി.ജിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ചിലപ്പോൾ ഇ.സി.ജി. നോർമൽ ആയിരിക്കുകയും ചെയ്യാം. ഹാർട്ട് അറ്റാക്ക് ഉണ്ടോയെന്നറിയാനുള്ള രക്തപരിശോധന ചെയ്തുനോക്കുമ്പോൾ അത് നോർമലായും കാണാം. അങ്ങനെയൊരു അവസ്ഥയെയാണ് അൺസ്റ്റേബിൾ അൻജൈന എന്ന് വിളിക്കുന്നത്. ഇതൊരു ഗുരുതരമായ അവസ്ഥയാണ്. കൂടുതൽ പരിശോധനകളും ആൻജിയോഗ്രാം പോലുള്ള ടെസ്റ്റുകളും നടത്തി കാർഡിയോളജിസ്റ്റിന്റെ മേൽനോട്ടത്തിലുള്ള ചികിത്സ വേണ്ടിവരും.
നോൺ എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ: അൺസ്റ്റേബിൾ അൻജൈന പോലെ ത്തന്നെ നെഞ്ചുവേദന തോന്നുകയും ഇ.സി.ജിയിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതിന്റെ കൂടെത്തന്നെ രക്തപരിശോധനയിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് നോൺ എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്ന് പറയുന്നത്. കൊറോണറി ധമനിയിൽ ഭാഗീകമായ തടസ്സമായിരിക്കും ഉണ്ടായിരിക്കുക.
എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ: രക്തക്കുഴൽപൂർണമായും അടഞ്ഞുപോകുമ്പോഴാണ് മേജർ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. അതിനെയാണ് എസ്റ്റി എലിവേഷൻ മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നുപറയുന്നത്. ഇത് എമർജൻസിയാണ്. ആ സമയത്ത് ഓരോ മിനിറ്റും വളരെ പ്രാധാന്യമുള്ളതാണ്. കാത്ത് ലാബ് സൗകര്യമുള്ള ആശുപത്രിയിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിച്ച് രക്തയോട്ടം പുനസ്ഥാപിക്കുക എന്നതാണ് ഈ സമയത്ത് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്.
ഹൃദയാഘാതം പ്രതിരോധിക്കാൻ ഏതുപ്രായത്തിൽ പരിശോധന തുടങ്ങണം?, സമ്മർദം കരുതുന്നതിനേക്കാൾ അപകടകാരി
ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ സ്ത്രീകളിൽ വ്യത്യസ്തമാണോ?
സ്ത്രീകളിലും പുരുഷൻമാരിലും ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങളിൽ വ്യത്യാസമുണ്ട്. ഹാർട്ട് അറ്റാക്കുമായി ബന്ധപ്പെട്ട് ടിപ്പിക്കലായി കാണുന്ന ലക്ഷണമായ നെഞ്ചുവേദന സ്ത്രീകളിൽ കാണണമെന്നില്ല. അമിതമായ ക്ഷീണമോ അസഹ്യമായ കിതപ്പോ ഒക്കെ ആയിരിക്കാം ഹാർട്ട് അറ്റാക്കിന്റെ പ്രശ്‌നങ്ങളും ബ്ലോക്കിന്റെ പ്രശ്‌നങ്ങളും സ്ത്രീകളിൽ അനുഭവപ്പെടുന്നത്. നടക്കുമ്പോഴുള്ള കിതപ്പ്, മുതുകിലുള്ള വേദന തുടങ്ങിയവ ഉണ്ടാകാം. അതിനാൽ പലപ്പോഴും സ്ത്രീകളിലെ ഹൃദ്രോഗം തിരിച്ചറിയാതെ പോകാറുണ്ട്. ഗ്യാസിന്റെ പ്രശ്‌നമായിട്ടോ മറ്റോ കരുതി അവഗണിക്കുന്നതും പതിവാണ്. പലരും പരിശോധനയ്ക്ക് വരാൻ മടിക്കാറുമുണ്ട്.
പുരുഷൻമാരെക്കാൾ സ്ത്രീകളിൽ കുറച്ചുകൂടി പ്രായം ചെന്നിട്ടായിരിക്കും ഹൃദയ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുക. ഒരിക്കൽ ഹൃദ്രോഗം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയാൽ കൃത്യമായി തുടർപരിശോധനകൾ ചെയ്യുന്നതിലും മരുന്നുകഴിക്കുന്നതിലുമൊക്കെ പലപ്പോഴും സ്ത്രീകൾ ജീവിതത്തിരക്കുകൾക്കിടയിൽ മടികാണിക്കാറുണ്ട്. പ്രമേഹമുള്ള സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ വരാനിടയുള്ള സങ്കീർണതകൾ പുരുഷൻമാരെക്കാൾ കൂടുതലാണ്. സ്ത്രീകളിൽ ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ വലുപ്പം പുരുഷന്മാരെക്കാൾ കുറവായിരിക്കും.
ബ്ലോക്ക് കാര്യമായി ഇല്ലെങ്കിലും സ്ത്രീകളിൽ നെഞ്ചുവേദന ഉണ്ടാകാം. ഇതിനെ മൈക്രോവാസ്‌കുലർ അൻജൈന എന്നാണ് പറയുന്നത്. കോശങ്ങളിലേക്കുള്ള രക്തയോട്ടം കൃത്യമല്ലാത്തതുകൊണ്ട് അവർക്ക് നെഞ്ചുവേദന വരാം. ആൻജിയോഗ്രാം ചെയ്യുമ്പോൾ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാകില്ല. പക്ഷേ, അവർക്ക് വേദനയുണ്ടാകാം. ഇങ്ങനെയുള്ളവർക്ക് ഈ വേദനയ്ക്കുള്ള മരുന്നുകളും ബ്ലോക്കിനുള്ള മരുന്നുകളും നൽകാറുണ്ട്.
എന്താണ് എക്കോ കാർഡിയോഗ്രഫി?
ഹൃദയത്തിന്റെ പ്രവർത്തനം അറിയാൻ സഹായിക്കുന്ന സ്‌കാനിങ് പരിശോധനയാണ് എക്കോകാർഡിയോഗ്രഫി. അൾട്രാസൗണ്ട് ഉപയോഗിച്ച് ഹൃദയത്തിന്റെ പമ്പിങ്, നാല് അറകൾ, പ്രധാനപ്പെട്ട വാൽവുകൾ, അതിന്റെ പ്രവർത്തനം, ഏതെങ്കിലും വാൽവിന് ലീക്കോ ചുരുക്കമോ ഉണ്ടോ, ഹൃദയത്തിന്റെ താഴത്തെ പ്രധാനപ്പെട്ട അറകളുടെ പമ്പിങ്, ഹൃദയത്തിന്റെ മൊത്തത്തിലുള്ള പമ്പിങ് ശേഷിയും റിലാക്സിങ് ശേഷിയും എങ്ങനെയുണ്ട്, ഹൃദയത്തിന്റെ മസിലിന് ചുറ്റുമുള്ള പെരികാർഡിയം എന്ന സ്തരത്തിൽ എന്തെങ്കിലും ഫ്‌ളൂയിഡ് നിറഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ പരിശോധനയിലൂടെ തിരിച്ചറിയാം.
നേരത്തേ ഹാർട്ട് അറ്റാക്ക് വന്ന് പോയിട്ടുണ്ടോയെന്നും ഈ ടെസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കും. പ്രമേഹരോഗികളിലും പ്രായാധിക്യമുള്ളവരിലും സ്ത്രീകളിലും ചിലപ്പോൾ നിശ്ശബ്ദമായി ഹാർട്ട് അറ്റാക്ക് വന്നുപോയിട്ടുണ്ടാകാം. മറ്റെന്തെങ്കിലും ആവശ്യത്തിനായി എക്കോ എടുക്കുമ്പോഴായിരിക്കും നേരത്തേ വന്നുപോയ അറ്റാക്കിനെക്കുറിച്ച് തിരിച്ചറിയുക.
രക്തപരിശോധനയിലൂടെ ഹാർട്ട് അറ്റാക്ക് മനസ്സിലാക്കാൻ കഴിയുമോ? രക്തത്തിലെ ട്രോപോണിന്റെ അളവ് സൂചിപ്പിക്കുന്നത് എന്താണ്?
ഹാർട്ട് അറ്റാക്ക് മനസ്സിലാക്കാനുള്ള രക്തപരിശോധനയാണ് കാർഡിയാക് ട്രോപ്പോണിൻ ടെസ്റ്റ്. ഹൃദയത്തിന്റെ പേശികൾക്ക് കേടുപാടുകൾ (മസിൽ ഡാമേജ്) ഉണ്ടാകുമ്പോൾ രക്തത്തിലേക്ക് കലരുന്ന ഒരു രാസവസ്തുവാണിത്. മസിലിനുണ്ടായ കേടുപാടുകളുടെ തീവ്രത അനുസരിച്ചായിരിക്കും രക്തത്തിലെ കാർഡിയോ ട്രോപ്പോണിന്റെ അളവിൽ വ്യതിയാനം കാണുക. നെഞ്ചുവേദന ഉണ്ടായിക്കഴിഞ്ഞ് ഏകദേശം മൂന്ന് മുതൽ നാലുമണിക്കൂർ കഴിഞ്ഞാലേ കാർഡിയാക് ട്രോപ്പോണിന്റെ അളവിൽ വ്യത്യാസം കണ്ടുതുടങ്ങൂ. ഒരു രോഗി നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തുമ്പോൾ എമർജൻസി വിഭാഗത്തിൽവെച്ച് എടുക്കുന്ന ഇ.സി.ജിയിൽ ഒരു മേജർ അറ്റാക്കിന്റെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കാർഡിയാക് ട്രോപ്പോണിന്റെ അളവ് അറിയാനായി കാത്തുനിൽക്കാറില്ല. എക്കോപരിശോധന നടത്തി പെട്ടെന്നുതന്നെ ബ്ലോക്ക് മാറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് ചെയ്യുക. എന്നാൽ എമർജൻസി വിഭാഗത്തിലെത്തുമ്പോഴേക്കും രോഗിക്ക് വേദന കുറയുകയും ഇ.സി.ജി. നോർമലായി കാണുകയും ചെയ്യുകയാണെങ്കിൽ വേദന തുടങ്ങി നാല് മണിക്കൂർ കഴിയുമ്പോൾ ട്രോപ്പോണിൻ ടെസ്റ്റ് ചെയ്തുനോക്കും. പിന്നീട് വരുന്ന 24-48 മണിക്കൂറിനുള്ളിൽ ഈ ട്രോപ്പോണിൻ അളവ് കൂടുകയാണ് ചെയ്യുക. ഒരു ഹാർട്ട് അറ്റാക്ക് കഴിഞ്ഞാൽ ഏകദേശം പത്ത് ദിവസത്തോളം ട്രോപ്പോണിൻ അളവ് രക്തത്തിൽ കൂടുതലായിരിക്കും. പിന്നീട് പതുക്കെ കുറയും.
ട്രോപ്പോണിൻ ഉയരുന്ന മറ്റ് സാഹചര്യങ്ങൾ ഇവയാണ്:
ഹാർട്ട് അറ്റാക്കിൽ മാത്രമല്ല, മറ്റ് ചില സാഹചര്യങ്ങളിലും ട്രോപ്പോണിൻ അളവിൽ വ്യതിയാനങ്ങൾ വരാം.
മയോകാർഡൈറ്റിസ് കാരണം: അണുബാധകൾ കാരണം ഹൃദയത്തിന് നീർക്കെട്ട് വരാം. അതിനെ മയോകാർഡൈറ്റിസ് എന്ന് പറയുന്നു. ഈ സമയത്ത് ട്രോപ്പോണിൻ അളവിൽ വ്യതിയാനങ്ങൾ ഉണ്ടാകാം.
വൃക്കത്തകരാർ ഉണ്ടാകുമ്പോൾ: വൃക്കരോഗികൾക്ക് ഹൃദയപ്രശ്‌നങ്ങൾ ഇല്ലെങ്കിലും ട്രോപ്പോണിൻ നിലയിൽ വ്യതിയാനങ്ങളുണ്ടാകാം. അതിനാൽ ട്രോപ്പോണിൻ ടെസ്റ്റ് ചെയ്യുമ്പോൾ ക്രിയാറ്റിനിൻ നില കൂടി പരിശോധിക്കാറുണ്ട്. ക്രിയാറ്റിനിൻ നോർമലായിരിക്കുകയും ട്രോപ്പോണിൻ ഉയർന്നുനിൽക്കുകയാണെങ്കിൽ ഇത് ഹൃദയത്തിന്റെ മസിൽ ഡാമേജ് മൂലമാകാമെന്ന് വിലയിരുത്താം.
വൃക്കരോഗമുള്ളവരിൽ ഹാർട്ട് അറ്റാക്ക് സംബന്ധമായ പരിശോധനകൾ നടത്തുമ്പോൾ ക്രിയാറ്റിനിൻ കൈനിസ് എംബി എന്ന മസിൽ എൻസൈമും പരിശോധിക്കാറുണ്ട്.
സെപ്സിസ്: കടുത്ത അണുബാധയായ സെപ്സിസ് ഉള്ളപ്പോഴും ട്രോപ്പോണിൻ നില ഉയരാനിടയുണ്ട്.
രക്തപരിശോധനയിലൂടെ ഹാർട്ട് അറ്റാക്ക് സ്ഥിരീകരിക്കാൻ കഴിയുമെങ്കിൽ ഇ.സി.ജി. പോലുള്ള പരിശോധനകളുടെ ആവശ്യം എന്താണ്?
ഹാർട്ട് അറ്റാക്കിനെതുടർന്ന് രക്തത്തിൽ അസ്വാഭാവികത ഉണ്ടാകാൻ എപ്പോഴും സമയമെടുക്കാറുണ്ട്. അതിനാൽ ഇ.സി.ജി. രക്തപരിശോധനയ്ക്ക് പകരമാവില്ല. ഇ.സി.ജി. പ്രധാനപ്പെട്ട പരിശോധനയാണ്. കാരണം, മേജർ ഹാർട്ട് അറ്റാക്കിൽ ആദ്യം കാണുന്നത് ഇ.സി.ജി. വ്യതിയാനങ്ങളാണ്. അതുകഴിഞ്ഞ് മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞാലാണ് രക്തത്തിലെ അസ്വാഭാവികതകൾ കണ്ടുതുടങ്ങുകയുള്ളൂ.
ഇ.സി.ജി.യുടെ പ്രാധാന്യം വേറെയുമുണ്ട്. ഇ.സി.ജി.ക്ക് 12 ലീഡുകൾ ഉണ്ട്. അതായത് ഹൃദയത്തിന്റെ പ്രവർത്തനം 12 വ്യത്യസ്ത കോണുകളിൽനിന്ന് വിലയിരുത്താനാകും. ഒരു മേജർ അറ്റാക്ക് ഉണ്ടായിവരുന്ന രോഗിക്ക് ഇതിൽ ഏത് ലീഡിലാണ് വ്യത്യാസങ്ങൾ കാണുന്നത് എന്നതിനടിസ്ഥാനമാക്കി ഏകദേശം ഏത് രക്തക്കുഴലിലാണ് മുഴുവനായി ബ്ലോക്ക് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്താം. അതിനനുസരിച്ച് കാത്ത്ലാബിലെ ടീമിന് തയ്യാറെടുക്കാനും കഴിയും. അതിനാൽ ഇ.സി.ജി.ക്ക് പകരമാകില്ല രക്തപരിശോധന. രണ്ടും രണ്ടുതരത്തിലുള്ള വിവരങ്ങളാണ് നൽകുന്നത്. ഓർക്കേണ്ട ഒരു കാര്യം, ഇ.സി.ജി.യും എക്കോയും രോഗി വിശ്രമാവസ്ഥയിൽ ചെയ്യുന്ന പരിശോധനകളാണ്. അതിനാൽ ഇ.സി.ജി.യും എക്കോയും നോർമലാണെങ്കിലും ബ്ലോക്ക് ഇല്ല എന്ന് ഉറപ്പിക്കാൻ സാധിക്കില്ല.
ലിപ്പോപ്രോട്ടീൻ എ യുടെ അളവ് കൂടുന്നത് ഹാർട്ട് അറ്റാക്ക് സൂചനയാണോ?
ഹൃദ്രോഗമുണ്ടാകാനുള്ള ജനിതക പ്രവണത (ഏലിലശേര ഠലിറലിര്യ) എത്രത്തോളമുണ്ടെന്ന് ഏകദേശം അറിയാനുള്ള ടെസ്റ്റ് ആണ് ലിപ്പോപ്രോട്ടീൻ എ. അത് അടിക്കടി ടെസ്റ്റ് ചെയ്യേണ്ടതില്ല. എല്ലാ ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ലിപ്പോപ്രോട്ടീൻ എ ടെസ്റ്റ് ചെയ്താൽ മതി. അതിന്റെ അളവ് കാണുമ്പോൾ ഹൃദ്രോഗം വരാനുള്ള പ്രവണത ഉണ്ടോ ഇല്ലയോ എന്നറിയാം. കൊളസ്ട്രോൾ നോക്കുന്നതുപോലെ ഇതിന്റെ അളവ് കൂടിയോ കുറഞ്ഞോ എന്ന് നോക്കേണ്ട ആവശ്യമില്ല.
എന്താണ് പാനിക്ക് അറ്റാക്ക് എന്ന് പറയുന്നത്?
മനസ്സിൽ ഭയം തോന്നുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പാനിക് അറ്റാക്ക്. സ്‌ട്രെസ്സ് വളരെ കൂടിയ അവസ്ഥയിൽ ഉണ്ടാകുന്നതാണിത്. ഉദാഹരണത്തിന്, കൗമാരക്കാരിലും കോളേജ് വിദ്യാർഥികളിലും പരീക്ഷയുടെ സ്ട്രെസ്സ്, ഉറക്കമില്ലായ്മ എന്നീ കാര്യങ്ങൾ ഉണ്ടാകുമ്പോഴാണ് പൊതുവേ പാനിക് അറ്റാക്ക് ഉണ്ടാകുന്നത്. പാനിക് അറ്റാക്കിന്റെ സമയത്ത് നെഞ്ചിടിപ്പ് സാധാരണയിൽനിന്ന് വളരെ കൂടാം. ശ്വാസമെടുക്കുന്ന രീതിയിൽ വ്യത്യാസം വരും. ആവശ്യത്തിന് ശ്വാസം കിട്ടാത്തപോലുള്ള അവസ്ഥയും വരും. ആഴത്തിൽ ശ്വാസമെടുത്താലും അത് മതിയാവാത്ത അവസ്ഥ വരും. പാനിക്ക് അറ്റാക്കാണെന്ന് മനസ്സിലായാൽ അതിന് കാരണമായ സ്ട്രെസ്സ് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ സ്ട്രെസ്സ് മാനേജ്മെന്റ് ടെക്നിക്കുകൾ ഉപയോഗിച്ച് ഇതിൽനിന്ന് രക്ഷനേടാനാകും.
ഹാർട്ട് അറ്റാക്കിന് സമാനമായി നെഞ്ചുവേദന അനുഭവപ്പെടുന്ന മറ്റ് രോഗാവസ്ഥകളുണ്ടോ?
ഹാർട്ട് അറ്റാക്കിന് സമാനമായി നെഞ്ചുവേദന അനുഭവപ്പെടുന്ന പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നെഞ്ചിന് ഭാരമോ, ഭാരമെടുത്ത് വെച്ചതുപോലെയുള്ള ഒരു തോന്നലോ, തീവ്രമായ ഒരു എരിച്ചിലോ എല്ലാം ഇത് ഹാർട്ട് അറ്റാക്ക് ആണോയെന്ന് തോന്നാനിടയാക്കും. എന്നാൽ, കടുത്ത അസിഡിറ്റിയുള്ള രോഗികൾക്ക് ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അന്നനാളം പെട്ടെന്ന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് താത്കാലികമാണ്. ഇത്തരത്തിൽ അന്നനാളം പെട്ടെന്ന് ചുരുങ്ങുമ്പോഴും നെഞ്ചുവേദന ഉണ്ടാകാം. സൂചി കുത്തുന്നതുപോലത്തെ വേദന, കൈ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ നെഞ്ചിനുണ്ടാകുന്ന വേദന, തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം നെഞ്ചുകൂടിലെ പേശികളുടെ വലിച്ചിൽ (സ്പാസം) മൂലമുണ്ടാകുന്നതായിരിക്കാം. വിറ്റമിൻ ഡി-യുടെ കുറവുമൂലവും ഇത് ഉണ്ടാകാം. ജിമ്മിൽ അമിതമായി വ്യായാമം ചെയ്യുക, സ്ഥിരം ചെയ്യാത്തതും അമിതമായതുമായ ഭാരം എടുക്കുക എന്നീ സമയത്തുണ്ടാകുന്ന വേദന നെഞ്ചിലെ പേശികളിലെ നീർക്കെട്ട് മൂലമുള്ളതാണ്.
ഹൃദയാഘാതമില്ലാത്തവരിൽ ഇ.സി.ജി. വ്യതിയാനങ്ങൾ കാണാറുണ്ടോ?
ഹാർട്ട് അറ്റാക്ക് അല്ലാത്ത പല അവസ്ഥകളിലും ഇ.സി.ജിയിൽ വ്യതിയാനങ്ങൾ കാണാറുണ്ട്. ഏർലി റീപോളറൈസേഷൻ ആണ് ഇതിനുള്ള ഒരു കാരണം. ഇ.സി.ജിയിലെ വ്യതിയാനങ്ങൾ കണ്ടാൽ ബ്ലോക്ക് ആണെന്ന് തോന്നും. എന്നാൽ തുടർന്ന് ഇ.സി.ജി. എടുക്കുമ്പോഴും ആ വ്യതിയാനങ്ങൾ കാണും. അല്ലെങ്കിൽ മുൻപ് എടുത്ത ഇ.സി.ജിയുമായി താരതമ്യം ചെയ്തുനോക്കിയാലും ആ വ്യതിയാനങ്ങൾ കാണാം. ഇതാണ് ഏർലി റീപോളറൈസേഷൻ. അതും ഹാർട്ട് അറ്റാക്കും ഒന്നല്ല. മുൻപ് എടുത്ത ഇ.സി.ജി. ഉണ്ടെങ്കിൽ അതുമായി താരതമ്യം ചെയ്യാനും കണ്ടുപിടിക്കാനും എളുപ്പമാണ്.
ഹൃദയത്തിന്റെ മസിലിന് നല്ല വീതി ഉള്ളവരിൽ, ഹൃദയത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത അവസ്ഥയിൽ എടുക്കുന്ന ഇ.സി.ജിയിൽ ചെറിയ മാറ്റങ്ങൾ കാണാറുണ്ട്. ഉയർന്ന ബി.പി. മൂലവും വൃക്കയിലെ പ്രശ്‌നങ്ങൾ മൂലവും ഇത്തരം വ്യതിയാനങ്ങൾ കാണാം.
ജൻമനാൽ ഹൃദയത്തിന്റെ പേശികൾക്ക് വ്യതിയാനം വരുന്ന ഹെപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്നൊരു അവസ്ഥയുണ്ട്. അപ്പോഴും ഇ.സി.ജി. വ്യതായനം ഉണ്ടാകാം.
പ്രായം കൂടുന്നതുമായി ബന്ധപ്പെട്ടും ചിലപ്പോൾ ഇ.സി.ജി. വ്യതിയാനം കാണാറുണ്ട്. റൈറ്റ് ബണ്ടിൽ ബ്രാഞ്ച് ബ്ലോക്ക് അല്ലെങ്കിൽ ലെഫ്റ്റ് ബണ്ടിൽ ബ്രാഞ്ച് ബ്ലോക്ക് എന്നിങ്ങനെയുള്ള ഇ.സി.ജിയിലെ വ്യതിയാനങ്ങൾ ആണിത്. ആദ്യമായി എടുക്കുന്ന ഇ.സി.ജിയിൽ കൂടുതൽ വിശദമായ വിശകലനം വേണ്ടിവരും. ഇതെല്ലാം നോക്കി ഇ.സി.ജിയിൽ കാണുന്ന പ്രശ്‌നം കുഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞാൽ ആ ഇ.സി.ജിയുടെ ഒരു ഫോട്ടോകോപ്പി സൂക്ഷിക്കുന്നതാണ് നല്ലത്. ഇതുപോലെ പിന്നീട് ഇ.സി.ജി. എടുക്കേണ്ട ആവശ്യംവന്നാൽ അതുമായി താരതമ്യം ചെയ്യാനായി ഡോക്ടർക്ക് നൽകാൻ ഇത് സഹായിക്കും.
എന്താണ് കൊറോണറി ധമനിയിലെ കാത്സ്യം ബ്ലോക്കുകൾ? ഇത് എങ്ങനെയാണ് വേർതിരിച്ച് മനസ്സിലാക്കുന്നത്?
ഹൃദയപേശികൾക്ക് ആവശ്യമായ രക്തം എത്തിക്കുന്നതാണ് കൊറോണറി ധമനികൾ. കൊറോണറി ധമനിയിൽ ഉണ്ടാകുന്ന ബ്ലോക്കിൽ കാത്സ്യത്തിന്റെ അളവ് കൂടുതലാണോയെന്ന് സി.ടി. സ്‌കാനിലൂടെ മാത്രമേ അറിയാനാകൂ. എക്കോയിലൂടെയോ മറ്റ് ബേസ് ലൈൻ വിശകലനത്തിലൂടെയോ കാത്സ്യത്തിന്റെ അളവ് അറിയാൻ സാധിക്കില്ല. സി.ടി. സ്‌കാൻ ചെയ്യുമ്പോൾ കൊറോണറി ധമനിയിൽ കാത്സ്യം സ്‌കോർ വിലയിരുത്താൻ സാധിക്കും. ഇതിന് ഏകദേശം 2000-2500 രൂപയാണ് ചെലവുവരുക.
സി.ടി. കൊറോണറി ആൻജിയോഗ്രാം ടെസ്റ്റ് ചെയ്യുമ്പോൾ ഫ്‌ളൂറോസ്‌കോപ്പിയിലൂടെ രക്തക്കുഴലുകളിൽ എത്രമാത്രം കാത്സ്യം ഉണ്ടെന്ന് കാണാനാകും. കാത്സ്യം ഉള്ള ബ്ലോക്കുകൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ കാത്സ്യം പൊടിച്ചുകളയുന്ന മാർഗങ്ങളും ഉപയോഗിക്കേണ്ടിവരാറുണ്ട്. കാത്സ്യം ഡ്രിൽ ചെയ്യാനും പൊട്ടിച്ചുകളയാനുമുള്ള ബലൂണുകൾ ഉൾപ്പടെയുള്ള ആൻജിയോപ്ലാസ്റ്റി ടെക്നിക്കുകൾ ഇന്നുണ്ട്.
ട്രെഡ്മിൽ ടെസ്റ്റ് നടത്തുന്നത് എന്തിനുവേണ്ടിയാണ്? ഇതിന്റെ കൃത്യത എത്രത്തോളമാണ്? പരിശോധനയ്ക്കുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയാണ്?
ഇ.സി.ജിയും എക്കോകാർഡിയോഗ്രാഫിയും ഒരാളുടെ വിശ്രമാവസ്ഥയിൽ കിടന്നുകൊണ്ടാണ് ചെയ്യുന്നത്. എന്നാൽ ഒരു രോഗിയെ വ്യായാമം ചെയ്യിപ്പിച്ചുകൊണ്ട്, അതായത് നടത്തിക്കൊണ്ട് അതിനോടൊപ്പംതന്നെ ഇ.സി.ജിയും ബി.പിയും നിരീക്ഷിക്കുന്നതിനെയാണ് ട്രെഡ്മിൽ ടെസ്റ്റ് എന്ന് പറയുന്നത്.
ബ്ലോക്ക് ഉണ്ട് എന്നും ഇല്ല എന്നും നൂറുശതമാനം ഉറപ്പുപറയുന്ന ടെസ്റ്റ് അല്ല ഇത്. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റാണ്. ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുമ്പോൾ ഇ.സി.ജിയിൽ വ്യതിയാനം കാണുകയാണെങ്കിൽ ആ രോഗിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടാകാനുള്ള റിസ്‌ക് എത്രത്തോളമുണ്ടെന്ന് (പ്രമേഹമുള്ളവർ, ഹൃദ്രോഗ പാരമ്പര്യമുള്ളവർ, കൊളസ്ട്രോൾ കൂടുതലുള്ളവർ, ഉയർന്ന ബി.പിയ്ക്ക് മരുന്ന് കഴിക്കുന്നവർ) മനസ്സിലാക്കിയിട്ടാണ് ട്രെഡ്മിൽ ടെസ്റ്റിന്റെ റിപ്പോർട്ട് വിലയിരുത്തി നിഗമനത്തിൽ എത്തുന്നത്. ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുമ്പോൾ മാറ്റങ്ങൾ കാണാം. പക്ഷേ, ബ്ലോക്ക് ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയെയാണ് ഫോൾസ് പോസിറ്റീവ് എന്ന് പറയുന്നത്.
എങ്കിലും ഇതൊരു മികച്ച സ്‌ക്രീനിങ് ടെസ്റ്റാണ്. ഈ ടെസ്റ്റ് ചെയ്യാൻ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും ആവശ്യമില്ല. പുരുഷൻമാരിൽ നെഞ്ചിലെ രോമങ്ങൾ നീക്കിയിരിക്കണം
എന്നുമാത്രം. ട്രെഡ്മില്ലിൽ നടക്കാനുള്ള ടെക്നിക് ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അക്കാര്യത്തിൽ ടെക്നിക്കൽ സ്റ്റാഫിന്റെ സഹായം ഉണ്ടായിരിക്കും. അവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ട്രെഡ്മില്ലിൽ നടക്കണം. നേരേ നോക്കി വലിയ ചുവടുകൾ വെച്ച് നിവർന്ന് നടക്കുകയാണ് വേണ്ടത്.
നെഞ്ചുവേദന ഇല്ലാത്ത ഹാർട്ട് അറ്റാക്ക് തിരിച്ചറിയാൻ പ്രത്യേക പരിശോധനയുണ്ടോ?
പ്രായാധിക്യമുള്ളവർ, പ്രമേഹമുള്ളവർ, സ്ത്രീകൾ എന്നിവർ നെഞ്ചുവേദനയില്ലാതെ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ളവരാണ്. അതിനാൽ ഇവരിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് കൃത്യസമയത്ത് തിരിച്ചറിയാൻ സാധിക്കാതെ പോകും. ഇത്തരത്തിൽ നെഞ്ചുവേദന ഇല്ലാത്ത ഹാർട്ട് അറ്റാക്ക് തിരിച്ചറിയാൻ പ്രത്യേകിച്ച് ടെസ്റ്റുകൾ ഒന്നും ഇല്ല. ഈ റിസ്‌ക് ഗ്രൂപ്പിലുള്ളവർക്ക് കിതപ്പോ, ക്ഷീണമോ ഒക്കെയുണ്ടെങ്കിൽ പ്രത്യേകം പരിശോധനകൾ ചെയ്യുന്നത് നന്നായിരിക്കും. പ്രമേഹരോഗികൾ ആറുമാസത്തിലൊരിക്കൽ ഇ.സി.ജി. എടുക്കണം. ഇതിൽ എന്തെങ്കിലും സംശയകരമായ കണ്ടെത്തൽ ഉണ്ടെങ്കിൽ എക്കോപരിശോധന നടത്തണം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ എക്കോ വീണ്ടും ചെയ്യണം. ഹോൾട്ടർ (ഒീഹലേൃ ലേേെ) എന്ന കണ്ടിന്യുവസ് ഇ.സി.ജി. മോണിറ്ററിങ് ഉണ്ട്. ഇതിലൂടെ സൈലന്റ് അൻജൈന (വേദനയില്ലാതെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ) കണ്ടെത്താൻ സാധിക്കാറുണ്ട്.
രാവിലെയാണ് കൂടുതലായും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് എന്ന് പറയുന്നു. ഇതിന് പ്രത്യേകിച്ച് കാരണമെന്തെങ്കിലുമുണ്ടോ?
ഹാർട്ട് അറ്റാക്ക് കൂടുതലായി രാവിലെ ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. ഉറങ്ങുമ്പോൾ ശരീരം വിശ്രമാവസ്ഥയിലായിരിക്കും. ഉണർന്ന് ദൈനംദിന ജീവിതത്തിലേക്ക് കടക്കുന്നതോടെ സ്ട്രെസ്സ് നിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിത്തുടങ്ങും. അപ്പോൾ ശരീരത്തിലെ അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ സ്ട്രെസ്സ് ഹോർമോണുകൾ പുറപ്പെടുവിക്കാൻ തുടങ്ങുന്നത്, രക്തസമ്മർദത്തിലെ വ്യതിയാനങ്ങൾ (ബി.പി. ഉയരൽ) എന്നിവ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് വഴിയൊരുക്കാം. രാത്രി വെള്ളംകുടിക്കുന്നതിന്റെ തോത് കുറവാണെന്നതിനാൽ രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിലെ ജലാംശത്തിന്റെ തോതും കുറവായിരിക്കും. അതും ഒരു കാരണമായി പറയാറുണ്ട്.
അമിതവണ്ണമുള്ളവരിൽ എക്കോകാർഡിയോഗ്രഫിയുടെ ഫലത്തിൽ വ്യക്തതക്കുറവ് വരാൻ സാധ്യതയുണ്ടോ?
എക്കോകാർഡിയോഗ്രഫിയിൽ അൾട്രാസൗണ്ട് വഴിയാണ് ഹൃദയത്തിന്റെ ഇമേജുകൾ ലഭിക്കുന്നത്. അതിനാൽ കട്ടിയേറിയ നെഞ്ച് ഉള്ളവരിലും അമിതവണ്ണമുള്ളവരിലും എക്കോകാർഡിയോഗ്രഫിയുടെ ചിത്രങ്ങൾക്ക് വ്യക്തതക്കുറവ് ഉണ്ടാകാം. സാധാരണ ശരീരഭാരമുള്ള ഒരു വ്യക്തിയ്ക്ക് എക്കോകാർഡിയോഗ്രഫി ചെയ്യുമ്പോൾ ലഭിക്കുന്ന അത്രയും വ്യക്തത അമിതവണ്ണമുള്ളവരിലെ എക്കോയിൽനിന്നും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
എറണാകുളം മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: Learn how an ECG test can show normal results even with heart attack symptoms and why further tests are crucial for diagnosis.