രുചിയേറും ഉത്തരേന്ത്യന്‍ വിഭവം ; രാജ്മ മസാല തയ്യാറാക്കാം

ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് രാജ്മ മസാല. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചുവന്ന പയറിനേക്കാള്‍ വലുപ്പമുള്ളതാണ് രാജ്മ. ആരോഗ്യഗുണങ്ങളാലും സമ്പന്നമാണിത്. രുചിയൂറുന്ന രാജ്മ മസാല ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
- രാജ്മ- 250 ഗ്രാം
- സവാള- 2 വലുത്
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ-് ഒന്നര ടേബിള്‍സ്പൂണ്‍
- മല്ലിപ്പൊടി- 1 ടീസ്പൂണ്‍
- പെരും ജീരകം- ഒരു നുള്ള്
- സാധാരണ ജീരകം- കാല്‍ ടീസ്പൂണ്‍
- തക്കാളി- 2
- ഗരം മസാല - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- പാകത്തിന്
- മുളകുപൊടി- പാകത്തിന്
- മല്ലിയില, കറിവേപ്പില-ആവശ്യത്തിന്
- ഫ്രഷ് ക്രീം - അര കപ്പ്
- എണ്ണ-ആവശ്യത്തിന്
- ഉപ്പ്-പാകത്തിന്
പാചകരീതിയിലേയ്ക്ക്
രാജ്മ എട്ടു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. ഈ കുതിര്‍ത്തെടുത്ത രാജ്മയും ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കണം. ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് അതില്‍ ജീരകവും പെരും ജീരകവും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക.
ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂത്തുവരുമ്പോള്‍ സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്തിളക്കിക്കൊടുക്കാം. സവാള നന്നായി വഴന്നുവരുമ്പോള്‍ കുറച്ചു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞുചേര്‍ന്നാല്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും പാകത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേര്‍ത്തിളക്കിക്കൊടുക്കാം.
വേവിച്ച രാജ്മ എടുത്ത് ഈ മിശ്രിതത്തിലേക്ക് ചേര്‍ത്തു കുറച്ചു വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. കുറുകാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ചശേഷം ഫ്രഷ് ക്രീം ചേര്‍ത്തുകൊടുത്ത് തീയണക്കാം.കുറച്ച് മല്ലിയില അരിഞ്ഞതുകൂടി ചേര്‍ത്ത് ചൂടോടെ വിളമ്പാം.
Content Highlights: easy rajma masala recipe