മലയാളികളുടെ പനിക്കൂര്‍ക്ക, കര്‍ണാടകക്കാരുടെ 'ദൊഡ്ഡു പത്രേ'; ഈ ഇല മതി രുചിയൂറുന്ന ബജിയുണ്ടാക്കാന്‍

ചൂട് ചായക്കൊപ്പം കടിക്കാന്‍ ഒരു ഹെല്‍ത്തി പലഹാരമുണ്ടാക്കിയാലോ... പനിയോ ജലദോഷമോ വന്നാല്‍ മുറ്റത്തേക്കോടിയിറങ്ങി പറിച്ചെടുക്കുന്ന പനിക്കൂര്‍ക്കയില ഇല്ലേ? അതുപയോഗിച്ചാവാം ഇന്നത്തെ സ്‌നാക്‌സ്. കര്‍ണാടകയിലെ ദുര്‍ഗ്ഗദഹള്ളിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഈ പലഹാരം കഴിക്കുന്നത്. ഒരു മഴ ദിവസം ഞങ്ങളുടെ പാചക വിദഗ്ധ മഞ്ചമ്മ നല്ല ചൂടോടെ പനിക്കൂര്‍ക്കയിലകൊണ്ട് ബജ്ജിയുണ്ടാക്കി തന്നു. കര്‍ണാടകക്കാര്‍ പൊതുവെ ഇല വിഭവങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉപയോഗിക്കാറുണ്ട്. അതില്‍ പെട്ട ഏതോ ഒരില എന്നേ ആദ്യം തോന്നിയുള്ളൂ. പിന്നെ പരിചയമുള്ള ഒരു രുചി നാവിലേക്ക് വന്നപ്പോഴാണ് ഇത് ഏത് ഇലയാണെന്ന് മഞ്ചക്കയോട് ചോദിച്ചത്. 'ദൊഡ്ഡു പത്രേ' എന്നായിരുന്നു മറുപടി.
ദൊഡ്ഡു പത്രേ എന്നാല്‍ പനികൂര്‍ക്കയാണെന്ന് മനസ്സിലായത് പിന്നീടെപ്പൊഴോ ആണ്. അറിഞ്ഞപ്പോള്‍ അതിശയമായി. ഈ ഇല ഭക്ഷ്യയോഗ്യമാണെന്ന് അതുവരെയും എനിക്കറിവുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് പനി വരുമ്പോള്‍ ഉപയോഗിക്കാനും, ആവി പിടിക്കുമ്പോള്‍ ചേര്‍ക്കാനും പോന്ന ഔഷധഗുണങ്ങള്‍ ഉണ്ടെന്നറിയാം എന്നതൊഴിച്ചാല്‍ നമ്മള്‍ കേരളീയര്‍ക്ക് പലര്‍ക്കും പനിക്കൂര്‍ക്കയില കഴിക്കാന്‍ പറ്റുമെന്ന കാര്യം അറിവുണ്ടാകില്ല. വളരെ രുചികരവും ആരോഗ്യപ്രദവുമായ പനികൂര്‍ക്കയില ബജ്ജി എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പനിക്കൂര്‍ക്കയില
കടലമാവ് -1/4 കപ്പ്
അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി -ചതച്ചത്
ജീരകപ്പൊടി -ഒരു നുള്ള്
കായം -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
മുളകുപൊടി -ഒരു ടീ സ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
പനികൂര്‍ക്കയില നന്നായി കഴുകിയെടുത്തുവെക്കുക. ഇല വലിയതാണെങ്കില്‍ രണ്ടായി മുറിക്കാം. കാല്‍ കിലോ കടലമാവ്, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, ഒരു നുള്ള് ജീരകപ്പൊടി, കായം, ഒരു ടീ സ്പൂണ്‍ മുളകുപൊടി എന്നിവ വെള്ളം ചേര്‍ത്ത് നല്ല രീതിയില്‍ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ചു നേരം മാറ്റി വെക്കാം. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ഇലകള്‍ മാവില്‍ മുക്കി വറുത്തെടുക്കാം. തയ്യാറായ ബജ്ജിയോടൊപ്പം പുതിന ചട്ണി കൂടെയുണ്ടെങ്കില്‍ രുചികൂടും.
Content Highlights: Healthy Panikkorakkai Bajji Recipe