വായില്‍ കപ്പലോടുന്ന രുചി ; തയ്യാറാക്കാം മഷ്‌റൂം മസാല

representative image|photo: canva
representative image|photo: canva

ചപ്പാത്തിയോടൊപ്പവും പൊറോട്ടോയോടൊപ്പവും സൂപ്പര്‍ കോമ്പിനേഷനാണ് മഷ്‌റൂം മസാല. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയാണിത്. വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസായ കൂണ്‍ വിഭവങ്ങള്‍ ആരോഗ്യത്തിനും വളരെ നല്ലതാണ്. റെസ്‌റ്റോറന്റ് രുചിയില്‍ മഷ്‌റൂം മസാല തയ്യാറാക്കാം.

ചേരുവകള്‍

ബട്ടണ്‍ മഷ്‌റൂം-  200ഗ്രാം

മഞ്ഞള്‍പ്പൊടി- ഒരു  നുള്ള്

സണ്‍ ഫ്‌ളവര്‍ ഓയില്‍-  2 ടി സ്പൂണ്‍

ജീരകം-  ഒരു നുള്ള്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ-്  3 ടീ സ്പൂണ്‍

സവാള ( കൊത്തിയരിഞ്ഞത്)-2

തക്കാളി (പേസ്റ്റ് ആക്കിയത് )-  3

പച്ചമുളക്-  2

ഗരംമസാലപ്പൊടി-  അര ടീ സ്പൂണ്‍

കാശ്മീരി ചില്ലി പൊടി-  കാല്‍ ടീ സ്പൂണ്‍

പിരിയന്‍ മുളക്‌പൊടി-  അര ടീ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ബട്ടര്‍-  അര ടേബിള്‍സ്പൂണ്‍

മല്ലിയില - ആവശ്യത്തിന്

പാചക രീതി

കൂണ്‍ വൃത്തിയാക്കി കഴുകിയെടുത്ത ശേഷം ,ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നാലു മിനിറ്റ് തിളപ്പിക്കിച്ചെടുക്കണം .എന്നിട്ട് കഷണങ്ങള്‍ ആക്കിവെയ്ക്കുക.
ഒരു പാനില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍  ജീരകം ഇടണം.

ജീരകം പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് ശേഷം സവാള അരിഞ്ഞത്  കൂടിയിട്ട് നന്നായി വഴറ്റുക .നിറം മാറി തുടങ്ങുമ്പോള്‍ തക്കാളി പേസ്റ്റ്് കൂടി ഇതിലേയ്ക്ക് ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കണം .

പച്ചമുളകും ഇതിലേയ്ക്ക് ചേര്‍ത്ത് കൊടുത്താം .അതിനുശേഷം എല്ലാ പൊടികളും ഇട്ട് നന്നായി വഴറ്റുക .പച്ചമണം മാറുമ്പോള്‍ കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക . കുറച്ച് വെള്ളം ചേര്‍ത്താല്‍ മതിയാകും . വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി അലങ്കരിക്കുക .രുചികരമായ കൂണ്‍ മസാല ചൂടോടെ വിളമ്പാം.

Content Highlights: mushroom masala recipe,mushroom recipe, food