ലോക നാളികേര ദിനത്തിൽ പരീക്ഷിക്കാം ഈ രുചികൾ

representative image|photo:canva
representative image|photo:canva

 കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാര്‍ഥങ്ങളിലൊന്നാണ് തേങ്ങ. കുറച്ച് നാളികേര വിശേഷങ്ങളറിയാം. 

സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായത് ആചരിക്കാൻ തുടങ്ങിയത് 2009 മുതല്‍ക്കാണ്. തെങ്ങുകൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്ന ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എ.പി.സി.സി.) രൂപികരിച്ച ദിസസ്സമാണ് നാളികേര ദിനമായി ആചരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ എ.പി.സി.സി. അംഗങ്ങളാണ്. ലോക  നാളികേര ദിനത്തിൽ തേങ്ങ കൊണ്ടുണ്ടാക്കാവുന്ന ചെസ മധുര പലഹാരങ്ങൾ പരിചയപ്പെടാം.

തേങ്ങ ലഡു

കോക്കനട്ട് ലഡു

ചേരുവകള്‍

ഡെസിക്കേറ്റഡ് കോക്കനട്ട് - 100 ഗ്രാം 

പാല്‍ - മുക്കാല്‍ ഗ്ലാസ്

പഞ്ചസാര -3-4 ടേബിള്‍സ്പൂണ്‍

ഏലയ്ക്ക - ഒരെണ്ണം പൊടിച്ചത് 

നെയ്യ് - 3 ടേബിള്‍സ്പൂണ്‍

അണ്ടിപ്പരിപ്പ് - 10 എണ്ണം

പിസ്ത - അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യ് ചേര്‍ത്ത് ഡെസിക്കേറ്റഡ് കോക്കനട്ട് 100 ഗ്രാം പാക്കറ്റില്‍നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ എടുത്തുമാറ്റി ബാക്കി നെയ്യിലേക്കിടുക. ചെറുതീയില്‍ വേണം എല്ലാം ചെയ്യാന്‍. നിറംമാറാതെ ശ്രദ്ധിക്കണം. ചെറുതായി ചൂടായാല്‍ അതിലേക്ക് പാല്‍, പഞ്ചസാര എന്നിവയിട്ട് യോജിപ്പിച്ച്, ഈര്‍പ്പം മുഴുവന്‍ മാറി പാത്രത്തില്‍നിന്ന് വിട്ടുവരുന്നതുവരെ ഇളക്കുക. അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പ് ചേര്‍ക്കാം. ഇത് നന്നായി ഇളക്കി അടുപ്പില്‍നിന്ന് മാറ്റുക. വേറൊരു പാത്രത്തില്‍ മാറ്റി ചൂടാറാന്‍ വയ്ക്കുക. ശേഷം ഉരുളകളാക്കി എടുക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ മാറ്റിവെച്ച ഡെസിക്കേറ്റഡ് കോക്കനട്ടില്‍ ഉരുട്ടിയെടുക്കുക. പിന്നീട് പിസ്ത വെച്ച് അലങ്കരിക്കാം.

ഇതുതന്നെ ഫ്രഷ് തേങ്ങ ചിരകിവച്ചും ചെയ്യാം. അപ്പോള്‍ ചിരകിവച്ച തേങ്ങ ആദ്യം പാത്രത്തിലിട്ട് നിറംമാറാതെ ഡ്രൈ ആക്കി ഈര്‍പ്പം കളയുക. ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് കോക്കനട്ട് ലഡു ഉണ്ടാക്കാം.

കോക്കനട്ട് പുഡിങ്

കോക്കനട്ട് പുഡിങ്

ചേരുവകള്‍

തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ കട്ടിപ്പാല്‍

പാല്‍ - അര ലിറ്റര്‍

ചൈനാഗ്രാസ് - 10 ഗ്രാം

പഞ്ചസാര - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാല്‍ പഞ്ചസാരയും മില്‍ക്ക്‌മെയ്ഡും ചേര്‍ത്ത് കുറുക്കിയെടുക്കുക. അതോടൊപ്പം കഴുകിയ ചൈനാഗ്രാസ് അരമണിക്കൂര്‍ കുതിര്‍ത്തിവച്ച് ഡബിള്‍ ബോയില്‍ ചെയ്യുക. ശേഷം കുറുകിയ പാലില്‍ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. കുറുകി വന്നാല്‍ തീ ഓഫ് ചെയ്ത് ആവി പോയശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. പിന്നീടത് വേറെ പാത്രത്തിലേക്ക് മാറ്റി മൂന്നു മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. പുഡ്ഡിങ് റെഡി.

കോക്കനട്ട് ചോക്ലേറ്റ്

ചേരുവകള്‍

  • ഡെസിക്കേറ്റഡ് കോക്കനട്ട്- രണ്ട് കപ്പ്
  • തേന്‍- നാല് ടേബിള്‍സ്പൂണ്‍
  • വെളിച്ചെണ്ണ- അഞ്ച് ടേബിള്‍സ്പൂണ്‍
  • വാനില- ഒരു ടീസ്പൂണ്‍
  • ഡാര്‍ക്ക് ചോക്ലേറ്റ്- 130 ഗ്രാം
കോക്കനട്ട് ചോക്ലേറ്റ്

തയ്യാറാക്കുന്ന വിധം
 
ഡെസിക്കേറ്റഡ് കോക്കനട്ട് ഒരു ബ്ലെന്‍ഡറിലിട്ട് ഒന്നടിക്കുക. അതൊരു ബൗളിലേക്ക് മാറ്റി, തേനും വെളിച്ചെണ്ണയും വാനിലയും ചേര്‍ക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഈ കൂട്ടില്‍നിന്ന് ഓരോ ഉരുളകളുരുട്ടി വെക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി, 30 മിനിട്ട് ഫ്രിഡ്ജില്‍ വെക്കണം. ഓവനില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉരുക്കുക. ഓരോ കോക്കനട്ട് ഉരുളകളും ചോക്ലേറ്റില്‍ മുക്കിയെടുത്ത് ലൈന്‍ ചെയ്ത ബേക്കിങ് ഷീറ്റില്‍ നിരത്തുക. അതിനുമുകളില്‍ ചോക്ലേറ്റ് ഉരുക്കിയതൊഴിച്ച് ഫ്രിഡ്ജില്‍ വെക്കാം.

Content Highlights: coconut recipes on world coconut day