ഡയറ്റിന് പുറത്തേക്ക് പോകില്ല; 'ഹെൽത്തി മോഡ്' അവതരിപ്പിച്ച് സൊമാറ്റോ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ മനസ്സിനെ പിടിച്ചുനിർത്തുക പലർക്കും ആയാസകരമായ  കാര്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഹെൽത്തി മോഡ് എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. 

സൊമാറ്റോ സ്ഥാപകനായ ദീപിന്ദർ ഗോയലാണ് ഞായറാഴ്ച തൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഭക്ഷണം ഓർഡർ ചെയ്യുന്നത് എളുപ്പമാക്കിയെങ്കിലും ആളുകളെ 'ശരിക്കും നന്നായി ഭക്ഷണം കഴിക്കാൻ' സഹായിക്കുന്നതിൽ സൊമാറ്റോ പിന്നിലായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. പ്രൊഫഷണൽ അത്ലറ്റുകൾക്കുൾപ്പെടെ പുതിയ ഫീച്ചർ ഉപകാരപ്രദമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

ഈ മോഡിൽ ഉൾപ്പെടുന്ന ഓരോ വിഭവത്തിനും 'Healthy Score' ഉണ്ടാകും.

ലോ മുതൽ സൂപ്പർ വരെയാണ് റാങ്ക് ചെയ്യപ്പെടുന്നത്

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് , നാരുകൾ, മൈക്രോ നൂട്രിയൻസ്, കലോറി എന്നിവയുൾപ്പെടെ ആരോഗ്യത്തിന് പ്രധാനമായ ഘടകങ്ങളെയാണ് ഹെൽത്തി സ്കോർ പ്രതിഫലിപ്പിക്കുന്നത്.

 ഉപയോക്താക്കൾക്ക് ഈ സ്കോറിൻ്റെ അടിസ്ഥാനത്തിൽ മെനു ഫിൽട്ടർ ചെയ്യാനും താരതമ്യം ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

നിലവിൽ ഹെൽത്തി മോഡ് ഗുരുഗ്രാമിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 

Content Highlights: Zomato introduces Healthy Mode, a new feature using AI to score dishes on nutrition making healthier food easier to find and compare.