ഐഫോണിനേക്കാൾ വിലയുള്ള പഴം! ലേലത്തിൽ വിറ്റത് 34 ലക്ഷത്തിന്

രണ്ടുലക്ഷം രൂപയൊക്കെ കൊടുത്ത് ഐഫോൺ 17 പ്രോ മാക്സ് വാങ്ങണോ എന്നുചിന്തിക്കുന്നവരാണോ നിങ്ങൾ..എന്നാൽ ഈ പഴത്തിന്റെ വില കേട്ടാൽ നിങ്ങൾ എന്തുപറയും. ഇത്രയും വിലപിടിച്ച പഴം ഏതാണെന്നല്ലേ. അതാണ് ജപ്പാനിലെ യുബാരി കിങ് മെലൺ. ലോകത്തിലെ ഏറ്റവും വിലപിടിച്ച പഴങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ഈ സീസണിലെ ആദ്യലേലത്തിൽ രണ്ടുപഴം വിറ്റുപോയത് ഏകദേശം 34 ലക്ഷം രൂപയ്ക്കാണത്രേ. അതായത് ഒരു ടോപ് വേരിയന്റ് ഐഫോണിനേക്കാൾ, 15 മടങ്ങ് വില അധികം! ഈ തുകയ്ക്ക് ഒന്നിലധികം കാറുകൾ വാങ്ങാനാകും. സപ്പോറോ സെൻട്രൽ ഹോൾസെയിൽ മാർക്കറ്റിലായിരുന്നു ചരിത്ര ലേലം നടന്നത്. എല്ലാ യുബാരി കിങ് മെലണും ഈ വിലയാണെന്ന് കരുതരുത്. വിളവെടുപ്പ് സീസണിലെ ആദ്യ ലേലത്തിനാണ് 34 ലക്ഷം രൂപയെന്ന വലിയ തുക ലഭിച്ചത്.
ഈ വലിയ വിലയ്ക്ക് പിന്നിലും ഒരു മാർക്കറ്റിങ് തന്ത്രമുണ്ട്. വിളവെടുപ്പ് ആഘോഷിക്കുന്നതിന് പുറമേ പബ്ലിസിറ്റിക്ക് കൂടി വേണ്ടിയാണ് വ്യാപാരികൾ വലിയ തുകയ്ക്ക് ലേലം വിളിക്കുന്നത്. ഇത് സാധാരണ വിപണി വിലയേക്കാൾ പതിന്മടങ്ങ് കൂടുതലായിരിക്കും.
സാധാരണ പഴത്തിന്റെ വലിപ്പം, ആകൃതി, മധുരം എന്നിവ അനുസരിച്ചാണ് വില നിശ്ചയിക്കുക. അത് 11,748 രൂപമുതൽ 29,371 രൂപ വരെ ഉയരാറുണ്ട്. പ്രീമിയം യുബാരി കിങ് മെലണ് അറുപതിനായിരത്തിൽകൂടുതലാണ് വില. ആൾസ് ഫേവറിറ്റ,് ബർപീസ് സ്പൈസി തണ്ണിമത്തൻ ഇനങ്ങൾ സംയോജിപ്പിച്ച് വളർത്തിയെടുക്കുന്ന സങ്കരയിനമാണ് ഈ പഴം. ഹരിതഗൃഹങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. പഴത്തിന്റെ വലിപ്പത്തിനൊപ്പം അതിന്റെ ആകൃതിയും അകക്കാമ്പിലെ ഓറഞ്ച് നിറവുമെല്ലാമാണ് ഗുണനിലവാരത്തിലെ മാനദണ്ഡങ്ങൾ. അമൂല്യമായ സമ്മാനമായാണ് ജപ്പാൻകാർ ഈ പഴത്തെ കണക്കാക്കുന്നത്. വിശേഷാവസരങ്ങളിൽ ഈ പഴങ്ങൾ കൈമാറുന്നതും അവിടെ പതിവാണ്.
Content Highlights: Yubari King Melon sold for 34 Lakhs at Sapporo Central Wholesale Market. The price is 15 times higher than a top-end iPhone. High prices are driven by marketing strategies and seasonal auction hype., Quality is determined by shape, sweetness, and internal orange color. Considered a premium gift in Japanese culture.