മെസിയുടെ പ്രിയപ്പെട്ട 'എനർജി ഡ്രിങ്ക്'; യെർബ മാറ്റെയുടെ ഗുണങ്ങളറിയാം

കളിക്കളത്തിന് പുറത്ത് ലയണൽ മെസിയുടെയും സുവാരസിന്റെയും കയ്യിൽ എപ്പോഴും കാണാറുള്ള ആ കൗതുക പാനീയം ഏതാണെന്ന് അറിയാമോ? അതാണ് യെർബ മാറ്റെ. കേവലം ഒരു പാനീയം എന്നതിലുപരി, തെക്കേ അമേരിക്കൻ താരങ്ങളുടെ ശാരീരികക്ഷമതയ്ക്കും ഏകാഗ്രതയ്ക്കും പിന്നിലെ രഹസ്യം ഫുട്ബോൾ ആരാധകരുടെ ശ്രദ്ധനേടുകയാണ്.
താരങ്ങളുടെ ഇഷ്ട പാനീയം
ലയണൽ മെസി തന്നെയാണ് ഈ പാനീയത്തിന്റെ ഏറ്റവും വലിയ പ്രചാരകൻ. മെസിയുടെ ഇന്റർ മയാമിയിലെ സഹതാരം ലൂയിസ് സുവാരസ്, ബ്രസീൽ താരം നെയ്മർ, ഫ്രഞ്ച് ലോകകപ്പ് ജേതാക്കളായ അന്റോയിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ എന്നിവരും തങ്ങളുടെ ഭക്ഷണക്രമത്തിൽ യെർബ മാറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് താരം എറിക് ഡയർ താൻ ഈ പാനീയത്തിന് ഇപ്പോൾ 'അടിമ'യാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഇതിന്റെ ഗുണങ്ങൾ?
കായികതാരങ്ങൾക്കിടയിൽ ഇത് ഇത്രയധികം പ്രചരിക്കാൻ കാരണം ഇതിലെ ഔഷധഗുണങ്ങളാണ്:
ഏകാഗ്രതയും ഉന്മേഷവും: കാപ്പിക്കും ചായക്കും സമാനമായി കഫീൻ അടങ്ങിയ ഈ പാനീയം ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണം: ഇവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ B, C എന്നിവയും ഇതിൽ സമൃദ്ധമാണ്.
മെച്ചപ്പെട്ട ഉറക്കം: കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും മികച്ച ഉറക്കം ലഭിക്കാനും ഇവ സഹായകമാകുമെന്നാണ് പറയുന്നത്.
തയ്യാറാക്കുന്ന രീതി
തെക്കേ അമേരിക്കയിലെ ഉണങ്ങിയ യെർബ ഇലകൾ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഇതിന് ചെറിയൊരു കയ്പ്പ് രുചിയാണുള്ളത്.
ഗോർഡ് : ഒരിനം ചുരക്കയുടെ തോടുകൊണ്ട് നിർമ്മിച്ച പാത്രത്തിലാണ് ഇത് വിളമ്പുന്നത്.
ബോംബില്ല: പാനീയം കുടിക്കാൻ ഉപയോഗിക്കുന്ന ഫിൽട്ടറോട് കൂടിയ പ്രത്യേക ലോഹ സ്ട്രോയാണിത്.
തയ്യാറാക്കുന്നത്: പാത്രത്തിന്റെ പകുതിയിലധികം ഇലകൾ നിറച്ച ശേഷം തണുത്ത വെള്ളം ഒഴിച്ച് പാകപ്പെടുത്തുന്നു. അതിനുശേഷം തിളക്കാത്ത ചൂടുവെള്ളം ഒഴിച്ച് കുടിക്കാം. ഇതിന്റെ കൈപ്പ് ഇഷ്ടപ്പെടാത്തവർക്ക് തേനോ പഞ്ചസാരയോ ചേർക്കാമെങ്കിലും യഥാർത്ഥ രുചിയുടെ ആരാധകർ അത് പ്രോത്സാഹിപ്പിക്കാറില്ല.
കേവലം ഒരു പാനീയം എന്നതിലുപരി, ഇതൊരു സാമൂഹിക കൂട്ടായ്മയുടെ ഭാഗം കൂടിയാണ്. സുഹൃത്തുക്കൾ ഒരേ പാത്രത്തിൽ നിന്ന് ഈ പാനീയം പങ്കിട്ടുകുടിക്കുന്ന രീതിയാണ് തെക്കേ അമേരിക്കയിൽ നിലനിൽക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിൽ മൗറീഷ്യോ പോച്ചെറ്റീനോ പരിശീലകനായിരുന്ന കാലത്താണ് ഈ ശീലം വളർന്നത്. ഇന്ന് ലോകഫുട്ബോളിലെ എലൈറ്റ് താരങ്ങളുടെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി യെർബ മാറ്റെ മാറിയിരിക്കുന്നു.
Content Highlights: Discover Yerba Mate, the South American energy drink fueling football stars like Messi, Suarez, and Neymar.