ലോകത്തിലെ ഏറ്റവും മികച്ച 50 ബാറുകൾ; ഒന്നാമത് ഏഷ്യയിലേത്, നേട്ടം ആദ്യമായി

ലോകത്തിലെ ഏറ്റവും മികച്ച ബാർ ഏഷ്യയിൽ. ഹോങ്കോങ്ങിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മികച്ച 50 ബാറുകളുടെ പട്ടിക പുറത്തുവിട്ടത്. ഹോങ്കോങ്ങിലെ ബാർ ലിയോൺ ആണ് പട്ടികയിൽ ഒന്നാമത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ബാറാണ് എന്ന പ്രത്യേകതയുമുണ്ട്. സിംഗപ്പൂരിലെ ജിഗ്ഗർ ആൻഡ് പോണിയും ഈ വർഷം ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
ഇറ്റാലിയൻ ബാർടെൻഡറുടെ ഹോങ്കോങ്ങിലെ ബാർ
ഇറ്റാലിയൻ ബാർടെൻഡർ ലോറെൻസോ ആന്റിനോരി 2023 ജൂണിലാണ് ബാർ ലിയോൺ ആരംഭിച്ചത്. റോം സ്വദേശിയായ ആന്റിനോരി, ലണ്ടൻ, സിയോൾ, ഹോങ്കോങ് എന്നിവിടങ്ങളിലെ മികച്ച ബാറുകളിൽ ജോലി ചെയ്ത ശേഷമാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇറ്റലിയെയും കോക്ക്ടെയിൽ ചരിത്രത്തെയും ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടത്തെയും ആഘോഷിക്കുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. ക്ലാസിക് ഇറ്റാലിയൻ ബാർടെൻഡിങ്ങിനും പോപ്പ് സംസ്കാരത്തിനും ആദരം അർപ്പിച്ചുകൊണ്ടാണ് ഹോങ്കോങ്ങിൽ അദ്ദേഹം ബാർ ആരംഭിക്കുന്നത്.
പട്ടികയിലെ ഇന്ത്യൻ ബാറുകൾ
ഈ വർഷം ഒരു ഇന്ത്യൻ ബാറും ആദ്യത്തെ 50 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല. ന്യൂഡൽഹിയിലെ ലെയർ (Lair) 96-ാം സ്ഥാനത്തുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ ബാർ ആദ്യ നൂറിൽ ഇടം നേടുന്നത്.
പട്ടികയിലെ മറ്റ് പ്രധാന ബാറുകൾ
ബാർ ലിയോണിന് പുറമെ പട്ടികയിൽ ഇടം നേടിയ ആദ്യ പത്ത് ബാറുകൾ
- ഹാൻഡ്ഷേക്ക് സ്പീക്കേസി (Handshake Speakeasy), മെക്സിക്കോ സിറ്റി
- സിപ്‌സ് (Sips), ബാഴ്‌സലോണ
- പാരഡിസോ (Paradiso), ബാഴ്‌സലോണ
- ടയർ എലിമെന്ററി (Tayer + Elementary), ലണ്ടൻ
- കനോട്ട് ബാർ (Connaught Bar), ലണ്ടൻ
- മോബിയസ് മിലാനോ (Moebius Milano), മിലാൻ
- ലൈൻ (Line), ഏഥൻസ്
- ജിഗ്ഗർ & പോണി (Jigger & Pony), സിംഗപ്പൂർ
- ട്രെസ് മോണോസ് (Tres Monos), ബ്യൂണസ് അയേഴ്സ്
സിയോൾ, ബാങ്കോക്ക്, ടോക്കിയോ, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് ബാറുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Bar Leone in Hong Kong named the world`s best bar, a historic win for Asia.