ചായ വിറ്റാൽ മാസം ഒരുലക്ഷം വരുമാനം കിട്ടുമോ!; ഞെട്ടിക്കും ഈ വ്ളോഗറുടെ കണ്ടെത്തൽ | വീഡിയോ

കടയുടമക്കൊപ്പം വ്‌ളോഗര്‍ സാര്‍ഥക് സച്ച്‌ദേവ
കടയുടമക്കൊപ്പം വ്‌ളോഗര്‍ സാര്‍ഥക് സച്ച്‌ദേവ

ചായവിറ്റാല്‍ ഒരു ദിവസം എത്ര രൂപ കിട്ടും? സ്ഥിരം ജോലിയില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ വരുമാനം ഒരു ചായക്കടയില്‍ നിന്ന് കിട്ടുമോ? പലര്‍ക്കുമുള്ള സംശയമാണ്. നമ്മളില്‍ പലരുടെയും ബിസ്സിനസ്സ് പ്ലാനുകളിലും ഇടയ്ക്ക് ചായക്കട തുടങ്ങാനുള്ള ആശയം കടന്നുവരാറില്ലേ? ഒരു ചായപ്പീടികയില്‍ നിന്നും ഒരു ദിവസം എത്രരൂപ സമ്പാദിക്കാം എന്ന തന്റെ സംശയം ദൂരികരിച്ച വ്‌ളോഗര്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 

ചായക്കടയില്‍നിന്ന് ഒരു ദിവസം എത്രരൂപ സമ്പാദിക്കാനാകും എന്ന് കണ്ടെത്താന്‍ സാര്‍ഥക് സച്ച്‌ദേവ എന്ന പുണെ സ്വദേശിയായ സോഷ്യല്‍ മീഡിയ വ്‌ളോഗര്‍ ഒരു ദിവസം മുഴുവന്‍ ചായക്കടയില്‍ ഉടമയോടൊപ്പം ജോലിചെയ്തു. ഒരു ചായക്ക് 10 രൂപയാണ് വില. ഒരുമണിക്കൂറിനുള്ളില്‍ 75 കപ്പ് ചായ വിറ്റുപോയി. ഉച്ചയായപ്പോഴേക്ക് 166 കപ്പുകള്‍. ഉച്ചകഴിഞ്ഞ് അധികം ആളുകള്‍ വന്നില്ലെങ്കിലും വൈകുന്നേരം നാലു മണിക്ക് ശേഷം തിരക്ക് കൂടി.

അങ്ങനെ കച്ചവടം അവസാനിക്കുമ്പോള്‍ 317 കപ്പ് ചായ വിറ്റുപോയിരുന്നു. 3,150 രൂപയാണ് കടയുടമയുടെ ഒരുദിവസത്തെ വരുമാനം. ഒരു മാസം ഒരു ലക്ഷത്തിനടുത്ത് വരുമാനം. ചായവിറ്റ് വര്‍ഷം 12 മുതല്‍ 14 ലക്ഷംവരെ രൂപവരെ വരുമാനമുണ്ടാക്കാനാകുമെന്ന് വ്‌ളോഗര്‍ പറയുന്നു. 

ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 80- മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. ജോലി മാറാനുള്ള സമയമായെന്നും പഠിച്ച ഡിഗ്രിയെകുറിച്ച് ആലോചിക്കുകയാണെന്നുമടക്കമുള്ള രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്.


 

Content Highlights: Vlogger says one can earn 12 to 14 lakhs from a teashop