വിറ്റാമിന്‍ ഡി കുറവാണോ? ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം, പരിഹരിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയുടെ സന്തുലിതാവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് വിറ്റാമിന്‍ ഡി. ഇതിന്റെ കുറവുമൂലം നിരവധിപ്പേരാണ് ഇപ്പോള്‍ ചികിത്സ തേടുന്നത്. സൂര്യപ്രകാശമേല്‍ക്കാതിരിക്കുന്നതും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കാത്തവരിലുമെല്ലാം അതിന്റെ കുറവ് വരികയും പല അസുഖങ്ങളും കണ്ടുവരികയും ചെയ്യുന്നു.

വിറ്റാമിന്‍ ഡി-യുടെ കുറവ് പലപ്പോഴും ക്ഷീണം, വിഷാദം, ഇടയ്ക്കിടെ അസുഖങ്ങള്‍ എന്നിവയുണ്ടാക്കിയേക്കാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാനും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കും. ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സ്വാഭാവികമായി ശരീരത്തിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ ഡി-യുടെ കുറവുണ്ടോ? ലക്ഷണങ്ങള്‍ പരിശോധിക്കാം

ശരീരത്തിലെ വിറ്റാമിന്‍ ഡി-യുടെ കുറവ് കാരണം തുടക്കത്തില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അത് നിങ്ങളുടെ ആകെയുള്ള ആരോഗ്യത്തെ ക്രമേണ ബാധിച്ചേക്കാം.

  • ക്ഷീണം അല്ലെങ്കില്‍ ഊര്‍ജക്കുറവ്
  • എല്ലുകള്‍ക്ക് വേദന അല്ലെങ്കില്‍ അസ്വസ്ഥത
  • പേശികള്‍ക്ക് ബലക്കുറവ് അല്ലെങ്കില്‍ കോച്ചിപ്പിടുത്തം
  • വിഷാദം ഉള്‍പ്പെടെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങള്‍
  • ഉറങ്ങാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ ഉറക്കക്കുറവ്
  • മുടികൊഴിച്ചില്‍
  • വിശപ്പില്ലായ്മ
  • അടിക്കടിയുണ്ടാകുന്ന അസുഖങ്ങള്‍ അല്ലെങ്കില്‍ അണുബാധകള്‍ (പ്രതിരോധശേഷി കുറയുന്നത്)
  • മുറിവുകള്‍ ഉണങ്ങാനുള്ള താമസം
  • വിളറിയ അല്ലെങ്കില്‍ അസാധാരണമാംവിധം നിറം മങ്ങിയ ചര്‍മം
  • സെക്കന്‍ഡറി ഹൈപ്പര്‍പാരാതൈറോയിഡിസം(ശരീരം എല്ലുകളില്‍ നിന്ന് കാത്സ്യം വലിച്ചെടുക്കുന്ന അവസ്ഥ)
  • എല്ലുകളുടെ ബലക്കുറവ് (മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസിയ, കുട്ടികളില്‍ റിക്കറ്റ്‌സ്) എന്നിവയാണ് ക്ലീവ്ലാന്‍ഡ് ക്ലിനിക്കും നെബ്രാസ്‌ക സര്‍വകലാശാലയുടെ ആരോഗ്യകേന്ദ്രവും നിരത്തുന്ന ചില ലക്ഷണങ്ങള്‍.

ഈ ലക്ഷണങ്ങള്‍ പലപ്പോഴും മറ്റ് രോഗാവസ്ഥകളുമായി സാമ്യമുള്ളതോ അത്ര പ്രകടമല്ലാത്തതോ ആയതിനാല്‍ രക്തപരിശോധനയിലൂടെ വിറ്റാമിന്‍ ഡി-യുടെ അളവ് കുറവുണ്ടെന്ന് സ്ഥിരീകരിക്കുന്നത് വരെ തിരിച്ചറിയാറില്ല. പ്രായക്കൂടുതല്‍, അമിതവണ്ണം, കരള്‍ അല്ലെങ്കില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍, ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ദഹനനാള രോഗങ്ങള്‍, പുറത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയ്ക്കുന്ന ജീവിതശൈലികള്‍ എന്നിവ ഇതിന്റെ സാധ്യത കൂട്ടുന്നു.

ഭക്ഷണത്തിലൂടെ വിറ്റാമിന്‍ ഡി
സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുമെങ്കിലും ഭക്ഷണക്രമമാണ് മറ്റൊരു പ്രധാന ഉറവിടം. ചില ഭക്ഷണങ്ങളില്‍ സ്വാഭാവികമായി വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

സാല്‍മണ്‍, അയല, ട്യൂണ, മത്തി, തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡി-യുടെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ഇത് മിതമായ അളവില്‍ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് നാടന്‍ കോഴികളുടെ മുട്ടകളില്‍. ബീഫിന്റെ കരളിലും മത്സ്യ എണ്ണകളിലും (കോഡ് ലിവര്‍ ഓയില്‍ പോലുള്ളവ) ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്ന കൂണുകളില്‍ വിറ്റാമിന്‍ ഡി2 അടങ്ങിയിട്ടുണ്ട്. ഇത് സസ്യാധിഷ്ഠിതമാണെങ്കിലും ശരീരത്തിന് പ്രയോജനകരമാണ്. പാല്‍, ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ് എന്നിവ കഴിക്കുന്നത് ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ തന്നെ വിറ്റാമിന്‍ ഡി ലഭിക്കുന്നത് എളുപ്പമാക്കുന്നു.

Content Highlights: Learn the early symptoms like fatigue, bone pain, and mood changes..of Vitamin D. Discover causes and dietary solutions to boost your levels naturally.