ശരീരഭാരം കുറച്ചതിങ്ങനെ, വിദ്യാ ബാലൻ പിന്തുടരുന്ന ഡയറ്റ് രീതി; എന്താണ് 'നോ റോ ഫുഡ്' ഡയറ്റ്?

#Lifestyle desk
വിദ്യാ ബാലന്‍, പ്രതീകാത്മക ചിത്രം | Photo: Instagram, Canva
വിദ്യാ ബാലന്‍, പ്രതീകാത്മക ചിത്രം | Photo: Instagram, Canva

പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്ര താരമായ വിദ്യാ ബാലൻ തന്റെ ശരീരഭാരം കുറച്ചത് സോഷ്യൽമീഡിയയിലടക്കം ചർച്ചയായിരുന്നു. ഇതേക്കുറിച്ച് മുമ്പ് നടി തുറന്നുപറഞ്ഞിട്ടുമുണ്ട്. അത് ഒരുപാടു പേർക്ക് പ്രചോദനമാകുകയും ചെയ്തു.

തന്റെ ഭക്ഷണരീതികളെക്കുറിച്ച് സംസാരിക്കവെ, ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്ന 'നോ റോ ഫുഡ്' (No Raw Food) ഡയറ്റ് രീതിയാണ് താൻ പിന്തുടരുന്നതെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

എന്താണ് 'നോ റോ ഫുഡ്' ഡയറ്റ്?
പച്ചക്കറികൾ, പാസ്ചറൈസ് ചെയ്യാത്ത പാൽ, പച്ചമുട്ട തുടങ്ങിയ വേവിക്കാത്ത ഭക്ഷണങ്ങൾ ഒഴിവാക്കി, പാചകം ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണം മാത്രം കഴിക്കുന്ന രീതിയാണ് 'നോ റോ' ഡയറ്റ്. ഹാനികരമായ ബാക്ടീരിയകളെ ഇല്ലാതാക്കി ഭക്ഷ്യജന്യ രോഗങ്ങൾ തടയുകയും ദഹനം മെച്ചപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം.

ഈ ഡയറ്റ് പിന്തുടരുന്നതിനെപ്പറ്റിയാണ് വിദ്യ അഭിമുഖത്തിൽ പറഞ്ഞത്. ഈ രീതി ഭക്ഷണത്തെ സുരക്ഷിതമാക്കുകയും എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും ചെയ്യുന്നു. റോ ഫുഡ്‌സ് ഒഴിവാക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.

ഭക്ഷ്യജന്യരോഗ സാധ്യത കുറയ്ക്കുന്നു
പാചകം ചെയ്യുന്നത്, സാൽമൊണല്ല, ഇ. കോളി, ലിസ്റ്റീരിയ തുടങ്ങിയ ഹാനികരമായ രോഗാണുക്കളെ നശിപ്പിക്കുന്നുവെന്നാണ് ഹെൽത്ത്ലൈൻ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഇറച്ചി, മുട്ട, പാസ്ചറൈസ് ചെയ്യാത്ത പാൽ എന്നിവയിൽ ബാക്ടീരിയയും പാരസൈറ്റുകളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

ദഹനം
ചൂടിൽ വേവിക്കുമ്പോൾ കോംപ്ലക്‌സ് പ്രോട്ടീനുകളെയും കഠിനമായ സസ്യ നാരുകളെയും അത് വിഘടിപ്പിക്കുന്നു. തൽഫലമായി വയറു വീർക്കൽ, ഗ്യാസ്, അസ്വസ്ഥത തുടങ്ങിയവ കുറയ്ക്കുന്നു. ദഹനവ്യവസ്ഥ ദുർബലമായവർക്കും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള അവസ്ഥകളുള്ളവർക്കും ഈ ഡയറ്റ് രീതി നല്ലതാണ്.

പോഷകങ്ങളുടെ ലഭ്യത
ഭക്ഷണസാധനങ്ങൾ വേവിക്കുമ്പോഴുള്ള ചൂട്, വെള്ളത്തിൽ ലയിക്കുന്ന ചില വിറ്റാമിനുകൾ കുറയ്ക്കുമെങ്കിലും മറ്റ് അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, തക്കാളിയിലെ ലൈക്കോപീൻ, കാരറ്റിലെ ബീറ്റാകരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പാചകത്തിനു ശേഷം എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.

ആന്റി-ന്യൂട്രിയന്റുകളെ ഡീആക്ടിവേറ്റ് ചെയ്യുന്നു
പല പച്ചക്കറികളിലും ഫൈറ്റേറ്റുകൾ, ഓക്‌സാലേറ്റുകൾ, ലെക്റ്റിനുകൾ തുടങ്ങിയ സ്വാഭാവിക സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ആഗിരണത്തെ തടയുന്നു. പാചകംചെയ്യുന്നത് ഈ ആന്റി-ന്യൂട്രിയന്റുകളെ ന്യൂട്രലൈസ് ചെയ്യുന്നു.

ആരോഗ്യസംരക്ഷണം
ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് കർശനമായി പാചകം ചെയ്ത ഭക്ഷണം ശുപാർശ ചെയ്യാറുണ്ട്. സുഷി, മുളപ്പിച്ച വിത്തുകൾ, പച്ചപ്പാൽ തുടങ്ങിയവ ഒഴിവാക്കുന്നത് ഗുരുതരമായ അണുബാധകളുടെ സാധ്യത കുറയ്ക്കുന്നു.

പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണങ്ങൾ അടങ്ങിയ ഒരു സമീകൃത ഭക്ഷണമാണ് സാധാരണയായി കഴിക്കാൻ ഏറ്റവും നല്ലതായി കണക്കാക്കുന്നത്. പച്ചക്കറികൾ വിറ്റാമിൻ സിയും ഫൈബറും നൽകുന്നു. എന്നാൽ കർശനമായ റോ ഡയറ്റ്, ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
 

Content Highlights: Discover Vidya Balan`s `No Raw Food` diet: eat cooked meals for safety, better digestion, and nutrient absorption. Learn the benefits and what to avoid.