മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ ? പരീക്ഷിക്കാം ഈ ടിപ്‌സ്

തെറ്റായ ഭക്ഷണശീലങ്ങളും ഉള്‍പ്പെടുന്ന ഭക്ഷണരീതിയാണ് പലരും പിന്തുടരാറുള്ളത്. അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും നമ്മളെ അലട്ടാറുണ്ട്. അത്തരത്തിലൊന്നാണ് അമിതമായി മധുരം കഴിക്കുന്ന ശീലം. മധുരം കുറയ്ക്കണമെന്ന് വിചാരിച്ചാലും പലര്‍ക്കും അതിനു സാധിക്കാറില്ല.
മധുരം കുറയ്ക്കുകയെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ചായയിലെയോ കാപ്പിയിലെയോ മധുരം വെട്ടിക്കുറക്കുക എന്ന് മാത്രമേ ചിന്തിക്കൂ. ഇങ്ങനെയല്ലാതെയും മധുരം പല രീതിയിലും നമ്മുടെ അകത്തെത്തുന്നുണ്ട്. ഈ മാര്‍ഗങ്ങളെല്ലാം മനസിലാക്കി, ഇതെല്ലാം തടയണം. ഇങ്ങനെ മധുരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
പുറത്തുനിന്നും ഭക്ഷ്യവസ്തുകള്‍ വാങ്ങുമ്പോള്‍ അവയുടെ ഫുഡ് ലേബല്‍ ശ്രദ്ധയോടെ വായിക്കണം. ആഡഡ് ഷുഗര്‍ എന്ന് എഴുതിയിട്ടുള്ളതാണെങ്കില്‍ അതൊഴിവാക്കണം. ആഡഡ് ഷുഗറിന് പകരം കോണ്‍ സിറപ്പ്, ഫ്രക്ടോസ്, ഡെക്‌സ്‌ട്രോസ്, സുക്രോസ് എന്നിങ്ങനെയുള്ള ബദലുകള്‍ നോക്കി വാങ്ങാം. പ്രോസസ്ഡ് ഫുഡ്‌സ് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പ്രോസസ്ഡ് ഫുഡ്‌സില്‍ കാര്യമായ അളവില്‍ ആഡഡ് ഷുഗര്‍ അടങ്ങിയിട്ടുണ്ടാകാം.
ആഡഡ് ഷുഗറിന് പകരം പ്രകൃതിദത്തമായ മധുരങ്ങളായ തേന്‍, മേപ്പിള്‍ സിറപ്പ് എന്നിവയെല്ലാം ഉപയോഗിക്കാം. ഇതും അമിതമാകാതെ ശ്രദ്ധിക്കണം. മാത്രമല്ല കടകളില്‍ നിന്ന് വാങ്ങിക്കുന്ന തേനും മേപ്പിള്‍ സിറപ്പുമെല്ലാം അല്‍പമെങ്കിലും പ്രോസസ് ചെയ്താണ്. അവയും അമിതമായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.
ഡയറ്റില്‍ നല്ലതുപോലെ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ഫൈബറും ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ ഇത് മധുരം കഴിക്കുന്നതിനെ നിയന്ത്രിക്കാന്‍ സഹായിക്കും. നമുക്ക് പലഹാരങ്ങളോ സ്‌നാക്‌സോ എല്ലാം കഴിക്കാനുള്ള കൊതി അടക്കുന്നതിന് പ്രോട്ടീനും ഹെല്‍ത്തി ഫാറ്റുമെല്ലാം സഹായിക്കും. ഫൈബറാണെങ്കില്‍ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കും.
ദാഹിക്കുമ്പോള്‍ എന്തെങ്കിലും ശീതളപാനീയങ്ങള്‍ കഴിക്കുന്ന ശീലം ഒഴിവാക്കണം. ദാഹിക്കുമ്പോള്‍ വെള്ളം തന്നെ കുടിക്കുക. കഴിവതും മധുരമുള്ള ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ ഉപയോഗിക്കരുത്.
മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് കൊതി തോന്നിയാല്‍ ആ സമയത്ത് പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. പതിവായി വ്യായാമമോ കായികാധ്വാനങ്ങളോ ചെയ്യുന്നതും മധുരത്തോട് അമിതമായി ആഗ്രഹം തോന്നാതിരിക്കാന്‍ സഹായിക്കും.
Content Highlights: reduce sugar Intake,diet,sugar, natural sweeteners,sugary drinks,processed foods,food