'ഞങ്ങൾക്കുവേണ്ടത് ടൊമാറ്റോ എന്നായിരുന്നു, പക്ഷേ..'; സൊമാറ്റോ എന്ന പേരിനു പിന്നിലെ കഥപറഞ്ഞ് ദീപിന്ദർ

ദീപിന്ദര്‍ ഗോയല്‍ | Image courtesy: https://www.instagram.com/p/Cm1dL0eSgQZ/
ദീപിന്ദര്‍ ഗോയല്‍ | Image courtesy: https://www.instagram.com/p/Cm1dL0eSgQZ/

ഫുഡ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ സൊമാറ്റോയ്ക്ക് ആ പേര് എങ്ങനെ ലഭിച്ചുവെന്ന കഥ വെളിപ്പെടുത്തി കമ്പനി സി.ഇ.ഒ. ദീപിന്ദര്‍ ഗോയല്‍. കോമഡി ഷോ ആയ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ പങ്കെടുക്കവേയാണ് സൊമാറ്റോയ്ക്ക് ആ പേര് വന്നതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

പൊട്ടറ്റോ, ടൊമാറ്റോ എന്നൊക്കെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഈ സൊമാറ്റോ എന്നതിന്റെ അര്‍ഥം എന്താണ് എന്നായിരുന്നു തമാശയില്‍പൊതിഞ്ഞ് പരിപാടിയുടെ അവതാരകനായ കപില്‍ ശര്‍മ ആരാഞ്ഞത്. സൊമാറ്റോ ആണോ അതോ സൊമാാറ്റോ ആണോ എന്ന് ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തര്‍ക്കിക്കുന്ന ഒരു പരസ്യം ഞാന്‍ കണ്ടിരുന്നു. എന്താണ് യഥാര്‍ഥത്തിലുള്ള കഥ. എവിടെനിന്നാണ് ഈ പേര് വന്നത്, കപില്‍ ചോദിച്ചു.

ചെറുചിരിയോടെ ദീപിന്ദര്‍ നല്‍കിയ മറുപടി ഇങ്ങനെ: ഈ ടൊമാറ്റോ അല്ലെങ്കില്‍ ടൊമാാറ്റോ, നിങ്ങള്‍ എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഞങ്ങള്‍ക്ക് ആവശ്യം ആ പേരിനൊപ്പം ഡോട്ട് കോം എന്നായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ടൊമാറ്റോ ഡോട്ട് കോം ആയിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് ആ ഡൊമെയ്ന്‍ ലഭിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ അക്ഷരം മാറ്റി അങ്ങനെ സൊമാറ്റോ ഡോട്ട് കോം ലഭിച്ചു. 

ഭാര്യ ഗ്രേഷ്യ മുനോസിനൊപ്പമായിരുന്നു ദീപിന്ദര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇവരെ കൂടാതെ ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നാരായണമൂര്‍ത്തി, അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ സുധാ മൂര്‍ത്തിയും ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ഈ എപ്പിസോഡിലെ അതിഥികളായിരുന്നു.

Content Highlights: this is how zomato got its name says deepinder goyal reveals the story