വേനലിൽ ഗ്യാസും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം

വേനൽക്കാലത്ത് കഠിനമായ ചൂട് കാരണം ദഹനവ്യവസ്ഥ കൂടുതൽ സെൻസിറ്റീവ് ആകാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പലരിലും ഗ്യാസ്, അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
ദഹനവ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാൻ ലളിതമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. തണ്ണിമത്തൻ, പപ്പായ, മത്തങ്ങ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ബദാം കഴിക്കുന്നത് ഊർജ്ജം നൽകും. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം. പപ്പായയിലെ എൻസൈമുകൾ വയർ വീർക്കുന്നത് തടയുമ്പോൾ, തൈരിലെ പ്രോബയോട്ടിക്സ് ഗ്യാസ് കുറയ്ക്കാൻ സഹായിക്കുന്നു.
ഭക്ഷണങ്ങൾക്കിടയിലുള്ള വലിയ ഇടവേളകൾ അസിഡിറ്റിക്ക് കാരണമാകും. അതിനാൽ ഉച്ചഭക്ഷണത്തിന് മുൻപായി ലഘുവായ എന്തെങ്കിലും കഴിക്കണം.
ജീരകവും മല്ലിയിലയും ചേർത്ത മോരും വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാനും അസിഡിറ്റിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകാനും സഹായിക്കും.
നാരങ്ങാവെള്ളം അല്ലെങ്കിൽ കുക്കുമ്പർ കഷ്ണങ്ങൾ കഴിക്കുന്നതും നല്ലതാണ്. ഫൈബർ അടങ്ങിയതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ഉച്ചയ്ക്ക് തിരഞ്ഞെടുക്കാം.
ഒന്നോ രണ്ടോ ചപ്പാത്തി അല്ലെങ്കിൽ കുറഞ്ഞ അളവിൽ ചോറ്. ഇതിനൊപ്പം പെട്ടെന്ന് ദഹിക്കുന്ന ചെറുപയർ പരിപ്പോ മസൂർ പരിപ്പോ ഉൾപ്പെടുത്താം.
വെള്ളരിക്ക, ചുരയ്ക്ക, പീച്ചിങ്ങ, മത്തങ്ങ എന്നിവ വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. കൂടാതെ ഒരു ബൗൾ തൈരോ റൈത്തയോ സാലഡിനൊപ്പം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
വൈകുന്നേരം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ഗ്യാസ് വർധിപ്പിക്കും.
മഖാന അല്ലെങ്കിൽ വറുത്ത കടല കഴിക്കാം. പാലിന് പകരം തൈര് ചേർത്ത ഫ്രൂട്ട് സ്മൂത്തികൾ കുടിക്കാം.
രാത്രിയിൽ ദഹനപ്രക്രിയ മന്ദഗതിയിലായതിനാൽ അത്താഴം വളരെ ലഘുവായിരിക്കണം.
ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം. വൈകി ഭക്ഷണം കഴിക്കുന്നത് അസിഡിറ്റിക്ക് പ്രധാന കാരണമാണ്.
വെള്ളം: ദിവസവും കുറഞ്ഞത് 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും.
ആഹാരരീതി: ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക. ഇത് വയർ വീർക്കുന്നത് കുറയ്ക്കും.
സീസണൽ ഭക്ഷണങ്ങൾ: പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കി ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും ശീലമാക്കുക.
Content Highlights: Drink 2.5 to 3 liters of water daily. Choose cooling seasonal fruits like watermelon, papaya, and pumpkin. Incorporate probiotics like curd to reduce gas and bloating.