'ദക്ഷിണേന്ത്യയിലെ മികച്ച വിഭവങ്ങള്‍; ശങ്കര്‍ മഹാദേവന്റെ 'മാല്‍ഗുഡി'യിലേക്ക് വരൂ' എന്ന് ശബാന ആസ്മി

ഒരു സംഗീതപ്രേമി മാത്രമല്ല താനൊരു ഭക്ഷണപ്രിയന്‍കൂടിയാണെന്ന് അടുത്തിടെ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ വെളിപ്പെടുത്തിയിരുന്നു. എഴുത്തുകാരന്‍ ആര്‍.കെ. നാരായണന്റെ കഥകളിലെ സാങ്കല്‍പിക ഗ്രാമമായ മാല്‍ഗുഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് റസ്റ്ററന്റ് ആരംഭിച്ചക്കുന്നതിനെ കുറിച്ചും ഫറാ ഖാന്‍ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നുപറഞ്ഞിരുന്നത്.
ഇപ്പോഴിതാ പ്രവര്‍ത്തനമാരംഭിച്ച ശങ്കര്‍ മഹാദേവന്റെ മാല്‍ഗുഡി എന്ന റസ്റ്ററന്റിലേക്ക് അതിഥികളായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ ശബാന ആസ്മിയും ഭര്‍ത്താവും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും. ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് റസ്റ്ററന്റിലുള്ളത്.
യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള ശബാനാ ആസ്മി 'മാല്‍ഗുഡി'യിലെത്തിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിഭവങ്ങള്‍ക്കായി ശങ്കര്‍ മഹാദേവന്‍ വ്യക്തിപരമായി ഒരുക്കിയ മാല്‍ഗുഡിയിലേക്ക് വരൂ എന്ന് കുറിച്ചുകൊണ്ടാണ് ശബാന ഫേട്ടോ പങ്കുവെച്ചത്. ശബാന ആസ്മിയെയും ജാവേദ് അക്തറിനെയും ശങ്കര്‍ മഹാദേവനെയും ചിത്രത്തില്‍ കാണാം.
ബോറിവലി വെസ്റ്റിലെ എസ്.വി. റോഡിലാണ് മാല്‍ഗുഡിയുടെ ആദ്യത്തെ ഔട്ട്ലെറ്റ് തുറന്നത്. ഇതിനു പിന്നാലെ ലോവര്‍ പരേലിലും ചെമ്പൂരിലും റസ്റ്ററന്റിന്റെ രണ്ട് ശാഖകള്‍ കൂടി ആരംഭിക്കും.
ഓഗസ്റ്റില്‍തന്നെ 'മാല്‍ഗുഡി' റസ്റ്ററന്റുകള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശങ്കര്‍ നേരത്തേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മെനുവിലെ എല്ലാ വിഭവങ്ങളും താന്‍ തന്നെ ക്യൂറേറ്റ് ചെയ്തതാണെന്ന പ്രത്യേകതയും അദ്ദേഹം അന്ന് എടുത്തുപറഞ്ഞിരുന്നു.
Content Highlights: Shabana Azmi visits Shankar Mahadevan's South Indian Restaurant, Malgudi