10 ദിവസം പരിശീലനം, മാസം ഒരു ലക്ഷം വരെ നേടാം; പൊറോട്ടയടിക്കാൻ പഠിപ്പിക്കും മധുരയിലെ 'പൊറോട്ട സ്‌കൂൾ

നല്ല അസൽ ബൺ പൊറോട്ട എങ്ങനെയടിക്കാം?, വിവിധ തരം പൊറോട്ടകൾ ഏതൊക്കെ? അടിപൊളിയായി പൊറോട്ടയടിക്കാൻ പഠിക്കണമെങ്കിൽ ഇങ്ങ് മധുരയിലേക്ക് വണ്ടികയറിയാൽ മതി, കാസിം പഠിപ്പിച്ചുതരും. മധുരയിൽ പ്രവർത്തിക്കുന്ന സെൽഫി പൊറോട്ട കോച്ചിങ് സെന്ററിലാണ് പൊറോട്ടയടി പഠിപ്പിക്കുന്നത്. പൊറോട്ട മാസ്റ്റർമാരുടെ ക്ഷാമമാണ് ഇത്തരമൊരു പരിശീലനകേന്ദ്രം തുടങ്ങാൻ മുഹമ്മദ് കാസിമിനെ പ്രേരിപ്പിച്ചത്. 2017-ൽ ആരംഭിച്ച സ്ഥാപനത്തിൽ ഇതുവരെ നാലായിരത്തിലധികം പേർ പരിശീലനം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നു മാത്രമല്ല, കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ ഇവിടെ പഠിക്കാനെത്തുന്നു. ഹോട്ടൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിലവിൽ ഭക്ഷണശാല നടത്തുന്നവരും സ്വന്തമായി ചെറിയ ഭക്ഷണശാല തുടങ്ങാൻ ആഗ്രഹിക്കുന്നവരുമെല്ലാം പരിശീലനത്തിനായി ഇവിടെ എത്തുന്നുണ്ട്. താമസത്തിന് ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബൺ പൊറോട്ട, കോയിൻ പൊറോട്ട, നൂൽ പൊറോട്ട, കൊത്ത് പൊറോട്ട, മലബാർ പൊറോട്ട, സിലോൺ പൊറോട്ട തുടങ്ങി പലതരം പൊറോട്ടകൾ ഇവിടെ പഠിക്കാം. പത്ത് ദിവസത്തെ പരിശീലനത്തിലൂടെ പൊറോട്ടയടിയുടെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതാണ് രീതി.
ആദ്യമൊക്കെ മാവ് കൈകാര്യം ചെയ്യുന്നതിനാണ് പരിശീലനം. പൊറോട്ട വീശിയടിക്കുന്ന വിദ്യ പഠിക്കാൻ ടവൽ ഉപയോഗിച്ചാണ് തുടക്കത്തിലെ പരിശീലനം. പിന്നീട് മാവ് കുഴയ്ക്കുന്നതും പരത്തുന്നതും വീശിയടിക്കുന്നതും ചുട്ടെടുക്കുന്നതുമെല്ലാം പ്രായോഗികമായി പഠിപ്പിക്കും.
ഇവിടെ പൊറോട്ട മാത്രമല്ല പഠിപ്പിക്കുന്നത്. വിവിധ തരത്തിലുള്ള പൊറോട്ടകൾക്കൊപ്പം ദോശ വിഭവങ്ങളും കറികളും ഗ്രേവികളും തയ്യാറാക്കാൻ പരിശീലനം നൽകുന്നുണ്ട്. തട്ടുദോശ, മസാല ദോശ തുടങ്ങിയ ദോശ വിഭവങ്ങൾക്കും പരിശീലനമുണ്ട്. ചപ്പാത്തി, ഫുൽക്ക, ഗോതമ്പ് പൊറോട്ട തുടങ്ങിയവയും പഠിപ്പിക്കുന്നു. ചൈനീസ് വിഭവങ്ങളിലും പരിശീലനം ലഭിക്കും. ചിക്കൻ റൈസ്, ചിക്കൻ 65, ചിക്കൻ നൂഡിൽസ്, ചില്ലി ചിക്കൻ, ചില്ലി പൊറോട്ട തുടങ്ങിയവയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.
പൊറോട്ട മാസ്റ്റർമാർക്ക് ആവശ്യക്കാർ ഏറെയാണ്. പരിശീലനം പൂർത്തിയാക്കിയവർക്ക് ജോലി ലഭ്യമാക്കാനും സ്ഥാപനം സഹായിക്കുന്നതായി കാസിം പറയുന്നു. മികച്ച പരിശീലനം നേടിയവർക്ക് ദിവസം ഏകദേശം 800 മുതൽ 1,500 രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. മികവ് അനുസരിച്ച് അതിലും വരുമാനം നേടുന്നവരുണ്ട്. സിങ്കപ്പൂരിൽ നിന്നും ഗൾഫിൽ നിന്നും മലേഷ്യയിൽ നിന്നുമൊക്കെ പൊറോട്ട മാസ്റ്റർമാരെ തേടി ആളുകളെത്തുന്നുണ്ട്. ഹോട്ടൽ നടത്തുന്നവരും പൊറോട്ടയടിക്കാൻ പഠിക്കാൻ എത്തുന്നുണ്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങിയവർ സ്വന്തമായി ഹോട്ടൽ തുടങ്ങിയ കഥയും കാസിം പങ്കുവെക്കുന്നുണ്ട്.
Content Highlights: 10-day professional training program for various types of parottas, dosas, and Chinese dishes., Established in 2017 by Mohammed Kasim, training over 4,000 parotta makers to date., Graduates can earn a daily wage between ₹800 and ₹1,500, with monthly earnings up to ₹1 lakh., Placement assistance provided with high demand in Gulf countries, Singapore, and Malaysia.