ഇത് ഏറെ സ്പെഷ്യലായ ഇഡ്ഡലിയും സാമ്പാറും; ഭാര്യയുടെ വക കിടിലന്‍ സര്‍പ്രൈസ് | VIRAL VIDEO

photo|instagram.com/ruandchai/
photo|instagram.com/ruandchai/

വീടുകളില്‍ വളരെ സാധാരണമായി ഉണ്ടാകുന്ന ചോദ്യമാണ് ഇന്ന് എന്താണ് ഉണ്ടാക്കുകയെന്നത്. രാവിലത്തെ പലഹാരത്തിനെക്കുറിച്ചാകും ഈ ചോദ്യങ്ങള്‍ അധികവും ഉണ്ടാകുക. അത്തരത്തില്‍ ഉണ്ടായ ചോദ്യമാണ് കൗതുകകരമായ സംഭവത്തിലേയ്ക്ക് നയിച്ചത്. രുച്ചാ ലിമായെ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് ഈ രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രുച്ച ഭര്‍ത്താവിനോട് എന്താണ് ഉണ്ടാക്കേണ്ടതെന്ന് ചോദിക്കുന്നു. മറുപടിയായി  അദ്ദേഹം ഇഡ്ഡലിയും സാമ്പാറുമെന്ന് ഉത്തരം നല്‍കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. എന്നാല്‍ ഈ സ്‌പെഷ്യല്‍ ഇഡ്ഡലിയുണ്ടാക്കാന്‍ രുച്ച പോകുന്നത് അടുക്കളയിലേയ്ക്കല്ല എന്നതാണ് ശ്രദ്ധേയം. ഇഡ്ഡലിയും സാമ്പാറുമിഷ്ടമുള്ളവരേയും അല്ലാത്തവരേയും ഈ വീഡിയോ ആകര്‍ഷിക്കും.

ആര്‍ട്ടിസ്റ്റായ രുച്ച തന്റെ മിനി ക്യാന്‍വാസിലാണ്  ഇഡ്ഡലിയും സാമ്പാറും ഒരുക്കുന്നത്. പാത്രത്തിനുള്ളില്‍ വെച്ചിരിക്കുന്ന രീതിയിലാണ് ഈ പെയിന്റിങ് ചെയ്തിരിക്കുന്നത്. സാമ്പാറൊഴിച്ച ഇഡ്ഡലിയാണ് പെയിന്റിലുള്ളത്. കറിയിലെ കഷ്ണങ്ങളും തികച്ചും യാഥാര്‍ഥ്യമെന്ന് തോന്നുമെന്ന വിധത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ കാഴ്ചയില്‍ പോലും അത് പെയിന്റിങ്ങാണെന്ന തോന്നല്‍ വരില്ല. അത്രയും സൂക്ഷ്മതയോടെയാണ് രുച്ച പെയിന്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന് പെയിന്റിങ് സമ്മാനിക്കുമ്പോള്‍ ആശ്ചര്യപ്പെടുന്നതും വീഡിയോയില്‍ കാണാം. വീടിനുള്ളില്‍ മറ്റു പെയിന്റിങ്ങുകളുടെ കൂടെ അത് തൂക്കിയിടുന്നതും വീഡിയോയിലുണ്ട്.

8.9 ദശലക്ഷം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. നിരവധിയാളുകള്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ശരിക്കും റിയലിസ്റ്റിക്കായത്, കണ്ടിട്ട് വായില്‍ വെള്ളമൂറുന്നു, തികച്ചും ഗംഭീരം, ശരിക്കുമുള്ള ഇഡ്ഡലിയേക്കാള്‍ ഈ ഇഡ്ഡലി റിയലാണ് എന്നിങ്ങനെയാണ് കമന്റുകള്‍. ഇതിന് മുന്‍പും ഭക്ഷണത്തിന്റെ ഇത്തരത്തിലുളള പെയിന്റിങ്ങുകള്‍ രുച്ച ചെയ്തിട്ടുണ്ട്.
 

Content Highlights: Artist's "Mesmerising" Painting Of Idli-Sambar Wins Hearts Online